Kottayam Local

പള്‍സ്‌പോളിയോ ഇമ്മ്യൂണൈസേഷന്‍; ജില്ലയില്‍ 1.13 ലക്ഷം കുട്ടികള്‍ക്ക് മരുന്നു നല്‍കി

കോട്ടയം: ജില്ലയില്‍ ഇന്നലെ നടന്ന പോളിയോ നിര്‍മാര്‍ജന യജ്ഞത്തില്‍ 1.13 ലക്ഷം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കിയതായി ഡിഎംഒ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. 1.25 ലക്ഷം കുട്ടികള്‍ക്കാണ് മരുന്നു നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത്.
91 ശതമാനം കുട്ടികള്‍ക്ക് ആദ്യ ദിനം ബൂത്തുകളില്‍ വച്ചു തുള്ളി മരുന്നു നല്‍കി. മുഴുവന്‍ കുട്ടികള്‍ക്കും മരുന്ന് നല്‍കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി അടുത്ത ദിവസങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് കൂടി മരുന്ന് നല്‍കി യജ്ഞം പൂര്‍ത്തീകരിക്കുമെന്ന് ഡിഎംഒ അറിയിച്ചു.
ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പ്രവര്‍ത്തിക്കുന്ന ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളും രണ്ടു ദിവസം കൂടി പ്രവര്‍ത്തിക്കും. ജില്ലയിലെ പള്‍സ് പോളിയോ നിര്‍മാര്‍ജന യജ്ഞം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിപള്ളിയിലെ പ്രത്യേക ബൂത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ അഞ്ചു വയസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും തുള്ളി മരുന്നു നല്‍കി പരിപാടി പൂര്‍ണ ലക്ഷ്യത്തില്‍ എത്തട്ടെയെന്നും അതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, സംസ്ഥാന നിരീക്ഷക ഡോ. മഞ്ജുളഭായി, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സി ലൂക്ക്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നെബൂ ജോണ്‍, ആര്‍സിഎച്ച് ഓഫിസര്‍ ഡോ. ബി തങ്കമ്മ, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ.ലാല്‍ ആന്റിണി, ജില്ലാ മാസ് മീഡിയ ഓഫിസര്‍ കെ ദേവ്, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയാ ഓഫിസര്‍ ഡോമി ജെ സംസാരിച്ചു. 2ാം ഘട്ടം മരുന്നുവിതരണം ഫെബ്രുവരി 21 ന് നടക്കും. ഇന്നലെ 20 മൊബൈല്‍ ബൂത്തുകള്‍, 40 ട്രാന്‍സിറ്റ് ബൂത്തുകള്‍ എന്നിവ ഉള്‍പ്പെടെ 1326 ബൂത്തുകള്‍ ക്രമീകരിച്ചിരുന്നു.
റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും ഉല്‍സവ സ്ഥലങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവ ഉള്‍പ്പടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ എത്തി മരുന്ന് നല്‍കുന്ന മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിച്ചു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യകേരളം സാമൂഹ്യക്ഷേമ വകുപ്പ്, കുടുബശ്രീ, വിദ്യാഭ്യാസവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാക്ഷരതാ മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി ക്ലബ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണു പരിപാടി നടത്തിയത്.
Next Story

RELATED STORIES

Share it