thrissur local

പള്ളിത്തോട് പാലം നിര്‍മാണം: ജലസേചന വകുപ്പിന്റെ അനുമതി വൈകുന്നു; കലക്ടര്‍ യോഗം വിളിക്കും

തൃശൂര്‍: കോള്‍ കര്‍ഷകരെ സഹായിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് 1.23 കോടി രൂപ ചെലവില്‍ ചാഴൂര്‍ പഞ്ചായത്തിലെ ആലപ്പാട് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മൂന്ന് മീറ്റര്‍ വീതിയുളള പള്ളിത്തോട് പാലത്തിന് ജലസേചന വകുപ്പില്‍ നിന്നുളള അനുമതിപത്രം വൈകുന്നത് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ ജനപ്രതിനിധികളുടെയും ഉദേ്യാഗസ്ഥരുടെയും യോഗം വിളിക്കും.
കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. കോള്‍ കര്‍ഷകരുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ച് ജില്ലാ പഞ്ചായത്താണ് പാലം നിര്‍മ്മാണത്തിനായി 1.23 കോടി രൂപ അനുവദിച്ചത്.
എന്നാല്‍ പദ്ധതിയുമായി ജലസേചന വകുപ്പ് ഉദേ്യാഗസ്ഥര്‍ സഹകരിക്കുന്നില്ലെന്നും വകുപ്പില്‍ നിന്നുളള അനുമതി പത്രം ലഭിക്കാത്തതിനാല്‍ 2012-13 തയ്യാറാക്കിയ പദ്ധതി ഇനിയും നടപ്പാക്കാനായിട്ടില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ യോഗത്തില്‍ പറഞ്ഞു.
കായലിലെ ചണ്ടി കുളവാഴ എന്നിവ നീക്കം ചെയ്യാന്‍ ജലസേചന വകുപ്പ് കൊണ്ട് വരുമെന്ന് പറയപ്പെടുന്ന യന്ത്രത്തിന്റെ നീക്കം സുഗമമാക്കുന്നതിനായി പ്രദേശത്ത് 5.5 മീറ്റര്‍ ഉയരത്തിലുളള പാലങ്ങള്‍ മാത്രമേ അനുവദിക്കൂ എന്ന നിലപാടാണ് ഉദേ്യാഗസ്ഥര്‍ ഇക്കാര്യത്തില്‍ എടുത്തിട്ടുളളതെന്ന് ജില്ലാ പ്രസിഡണ്ട് ചൂണ്ടിക്കാട്ടി.
ഇക്കാര്യം അടിയന്തിരമായി പരിശോധിക്കാമെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം ബന്ധപ്പെട്ടവരുടെ യോഗം ഉടന്‍ വിളിക്കാമെന്നും കലക്ടര്‍ പറഞ്ഞു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഒഴിവുളള ഗൈനക്കോളജിസ്റ്റിന്റെ തസ്തികയില്‍ നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ യോഗത്തില്‍ അറിയിച്ചു. കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എയാണ് പ്രശ്‌നം ഉന്നയിച്ചത്.
ജില്ലയിലെ അംഗന്‍വാടികള്‍ക്ക് ശുദ്ധജല കണക്ഷന്‍ നല്‍കുന്നത് സംബന്ധിച്ച നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ ജല അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാട്ടര്‍ കണക്ഷന് അപേക്ഷിച്ച് ഏറെ നാളായിട്ടും പല അംഗന്‍വാടികളിലും ഇത് വരെ വാട്ടര്‍ കണ്കഷന്‍ ലഭിച്ചിട്ടില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നിര്‍ദ്ദേശം.
ബി ഡി ദേവസി എം.എല്‍.എ, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ തുടങ്ങിയവരും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദേ്യാഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it