malappuram local

പള്ളിക്കല്‍ വില്ലേജിന്റെ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറി

പള്ളിക്കല്‍: പള്ളിക്കല്‍ വില്ലേജ് ഓഫിസിന്റെ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി സര്‍വേയില്‍ കണ്ടെത്തി. പള്ളിക്കല്‍ വില്ലേജ് ഓഫിസ് സ്ഥിതി ചെയ്യുന്ന പള്ളിക്കല്‍ ബസാര്‍ അങ്ങാടിയിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലമാണ് കൈയേറിയത്. വില്ലേജ് സ്ഥിതി ചെയ്യുന്ന 5.5 സെന്റ് സ്ഥലത്തില്‍ മൂന്നു ഭാഗങ്ങളിലായി 1.91 സെന്റ് സ്ഥലമാണ് കൈയേറിയത്.
പള്ളിക്കല്‍ വില്ലേജില്‍ ഈയിടെ അധികാരമേറ്റ വില്ലേജ് ഓഫിസര്‍ ദാസന്‍ അകമണ്ണില്‍ കൊണ്ടോട്ടി താലൂക്കധികൃതര്‍ക്ക് മുമ്പാകെ റിപോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ താലൂക്കധികൃതരും വില്ലേജ് അധികൃതരും സര്‍വേ നടത്തിയപ്പോഴാണ് അനധികൃത കൈയേറ്റം കണ്ടെത്തിയത്.
ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കല്‍ വില്ലേജ് ഓഫിസര്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കി. വില്ലേജിന്റെ ഭൂമി കൈയേറ്റത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ഇതിനുമുന്‍ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ഒത്താശയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.വില്ലേജ് അധികൃതര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ചുറ്റുമതില്‍ കെട്ടിയപ്പോള്‍ 1.91 സെന്റ് ഭൂമി ഒഴിച്ചിട്ടാണ് ചുറ്റുമതില്‍ കെട്ടിയതും ഗേറ്റ് സ്ഥാപിച്ചതും. 55,000ത്തോളം ജനസംഖ്യയുള്ള പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ ആകെയുള്ളത് ഇടുങ്ങിയ ഒരു വില്ലേജ് ഓഫിസാണ്.
സ്ഥല പരിമിതിയാണ് ഈ കെട്ടിടം പുനര്‍നിര്‍മാണത്തിന് തടസമാകുന്നത്.
അന്യാധീനപ്പെട്ട 1.91 സെന്റ്സ്ഥലം വില്ലേജിനു തിരികെ കിട്ടിയാല്‍ ഇവിടെ കെട്ടിടം പണിയാനും സാധിക്കും. ഇതോടെ വില്ലേജിലെ തിരക്കുമൂലമുള്ള വീര്‍പ്പുമുട്ടലും ഇല്ലാതെയാവും.
Next Story

RELATED STORIES

Share it