Pathanamthitta local

പലിശ സബ്‌സിഡി നല്‍കാതെ ജപ്തി നടപടി സ്വീകരിക്കരുത്

പത്തനംതിട്ട: വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ സബ്‌സിഡി അപേക്ഷകര്‍ക്ക് നല്‍കിയശേഷമേ വായ്പയുമായി ബന്ധപ്പെട്ട ജപ്തി നടപടികള്‍ സ്വീകരിക്കാന്‍ പാടുള്ളുവെന്ന് എഡിഎം എം സുരേഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.
വിദ്യാഭ്യാസ വായ്പ പരാതി പരിഹാര സെല്ലിന് ലഭിച്ച 45 പരാതികളില്‍ 10 പേര്‍ക്ക് വായ്പ അനുവദിക്കും. മതിയായ രേഖകളുടെ അഭാവത്തിലും അപേക്ഷകര്‍ക്കാവശ്യമായ മാര്‍ക്കില്ലാത്തതിനാലും ശേഷിക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് ബാങ്ക് മേധാവികള്‍ യോഗത്തില്‍ വ്യക്തമാക്കി. ബാങ്ക് മേധാവികള്‍ റിലയന്‍സുമായി ബന്ധപ്പെട്ട് നടത്തുന്ന റിക്കവറി നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആന്റോ ആന്റണി എംപി, എംഎല്‍എമാരായ ചിറ്റയം ഗോപകുമാര്‍, മാത്യു ടി തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.
റിക്കവറി നടപടികളില്‍ നിന്നും റിലയന്‍സിനെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് എംപി യോഗത്തെ അറിയിച്ചു. അപേക്ഷയുമായി എത്തുന്ന പൊതുജനങ്ങളോട് ബാങ്ക് മേധാവികള്‍ സൗഹാര്‍ദപരമായ സമീപനം സ്വീകരിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വായ്പ അപേക്ഷ സ്വീകരിക്കുമ്പോള്‍ ബാങ്ക് മേധാവികള്‍ രസീത് നല്‍കണമെന്ന് അഡ്വ.മാത്യു ടി.തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു.
ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന ബാങ്ക് മേധാവികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് എഡിഎം അറിയിച്ചു. വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് ലഭിച്ച 1234 അപേക്ഷകളില്‍ അര്‍ഹരായ 547 പേര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡി പലിശ അഞ്ച് ഘട്ടങ്ങളിലായി വിതരണം ചെയ്യുമെന്ന് ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ജെ ആമിന അറിയിച്ചു.
ഒന്നാംഘട്ടമായി 250 പേര്‍ക്ക് 1.60 കോടി രൂപ വിതരണം ചെയ്തു. രണ്ടാംഘട്ടമായി 110 പേര്‍ക്ക് 68.43 ലക്ഷവും മൂന്നാം ഘട്ടമായി 126 പേര്‍ക്ക് 77.89 ലക്ഷം രൂപയും നാലാം ഘട്ടമായി 32 പേര്‍ക്ക് 16.88 ലക്ഷം രൂപയും അഞ്ചാം ഘട്ടമായി 17 പേര്‍ക്ക് 11.76 ലക്ഷം രൂപയും വിതരണം ചെയ്യും. ലീഡ് ബാങ്ക് മാനേജര്‍ കെ എസ് വാസുദേവന്‍, വിവിധ ബാങ്ക് മാനേജര്‍മാര്‍, വിദ്യാഭ്യാസ വായ്പ പരാതി പരിഹാര സമിതി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it