പറവൂര്‍ പിടിക്കാന്‍ മുന്‍ മുഖ്യമന്ത്രിയുടെ മകള്‍

പറവൂര്‍: യുഡിഎഫ് കുത്തകയായ എറണാകുളം ജില്ലയിലെ പറവൂര്‍ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ മകള്‍ ശാരദ മോഹനെ എല്‍ഡിഎഫിനായി സിപിഐ കളത്തിലിറക്കുന്നത്.
നിയമസഭയിലേക്ക് ശാരദയുടെ കന്നി അങ്കമാണെങ്കിലും തിരഞ്ഞെടുപ്പ് ശാരദയ്ക്ക് പുത്തരിയല്ല. നാലു മാസം മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കാലടി ഡിവിഷനില്‍നിന്ന് എറണാകുളം ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ചു വിജയിച്ചതിന്റെ കരുത്തുമായിട്ടാണ് നിയമസഭയിലേക്കുള്ള അങ്കത്തിനും കച്ചമുറുക്കിയിരിക്കുന്നത്. കോണ്‍ഗ്രസ്സിലെ വി ഡി സതീശനാണ് കഴിഞ്ഞ മൂന്നു തവണയായി പറവൂരില്‍ നിന്നും വിജയിച്ചുകൊണ്ടിരിക്കുന്നത്. സതീശന്റെ വിജയത്തിന് തടയിടാന്‍ കഴിഞ്ഞ തവണ സിപിഐ പന്ന്യന്‍ രവീന്ദ്രനെ കളത്തിലിറക്കിയെങ്കിലും വിജയം നേടാന്‍ കഴിഞ്ഞില്ല.
വാസുദേവന്‍നായരുടെ മകള്‍ എന്ന നിലയില്‍ അഭിമാനത്തോടും ആത്മവിശ്വാസത്തോടെയുമാണ് മല്‍സര രംഗത്തിറങ്ങുന്നതെന്ന് ശാരദ മോഹന്‍ പറഞ്ഞു. നിയമസഭയിലേക്കുള്ള സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമായിരുന്നു. പന്ന്യന്‍ രവീന്ദ്രന്‍ മല്‍സരിച്ച് 11,350ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ട പറവൂരില്‍ തനിക്കു വിജയസാധ്യത ഉള്ളതിനാലാണ് സീറ്റ് നല്‍കിയത്. മല്‍സരം വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണെന്നും ശാരദ മോഹന്‍ പറഞ്ഞു.
20 വര്‍ഷം ബംഗളൂരു സെന്റ് ആന്‍സ് ഹൈസ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ച ഈ അറുപത്തിയൊന്നുകാരി ഇപ്പോള്‍ ജയകേരളം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരാണ്. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം, മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം, വനിത കലാസാഹിതി സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകള്‍ വഹിക്കുന്നു.
Next Story

RELATED STORIES

Share it