ernakulam local

പറവൂര്‍ കൊച്ചിക്കാരന്‍ പറമ്പിലേക്കുള്ള മതില്‍ ഇടിഞ്ഞു വീഴാറായി; നാട്ടുകാര്‍ ഭീതിയില്‍

പറവൂര്‍: ഇടറോഡിലെ മതില്‍ ഇടിഞ്ഞുവീഴാറായി നില്‍ക്കുന്നത് നാട്ടുകാരില്‍ ഭീതി പടര്‍ത്തുന്നു.
പറവൂര്‍ നഗരസഭയിലെ രണ്ടാംവാര്‍ഡില്‍ പെരുമ്പടന്ന കൊച്ചിക്കാരന്‍ പറമ്പിലെക്കുള്ള ഇടുങ്ങിയ റോഡിലെ പഴക്കമേറിയ മതിലാണ് ജീര്‍ണിച്ചു പൊട്ടി ഏതു നിമിഷവും നിലം പോത്താവുന്ന നിലയില്‍ നില്‍ക്കുന്നത്.
പറവൂര്‍, പെരുമ്പടന്ന മെയിന്‍ റോഡില്‍ നിന്നും മാരിയമ്മന്‍ കോവില്‍ റോഡില്‍ കയറി ഇന്‍ഫന്റ് ജീസസ് സ്‌കൂളിലേക്ക് പോവുന്ന എളുപ്പ വഴി ആയതിനാല്‍ പെരുമ്പടന്ന ഭാഗത്ത് നിന്നും നിരവധി വിദ്യാര്‍ഥികള്‍ ഇതുവഴി കടന്നുപോവുന്ന റോഡാണിത്.
കേരളത്തില്‍ ആദ്യമായി ഹൃദയം ദാനം ചെയ്ത കൊച്ചീക്കാരന്‍ വീട്ടില്‍ സുകുമാരന്റെ വീട് ഉള്‍പ്പെടെ മുപ്പതോളം വീടുകള്‍ ഈ പ്രദേശത്തുണ്ട്.
ഇവിടത്തെ സ്ത്രീകളും കുട്ടികളും അടക്കം പുറത്തേക്ക് പോവുന്ന ഏക മാര്‍ഗവും ഈ ചെറിയ കോണ്‍ക്രീറ്റ് റോഡാണ്. ഹിമാലയ ചിട്ടി കമ്പനിക്കാരുടെ സര്‍ക്കാര്‍ കണ്ടുകെട്ടിയിട്ടുള്ള ഭൂമിയില്‍ കെട്ടിയിരിക്കുന്ന മതിലാണ് നാട്ടുകാര്‍ക്ക് ഭീഷണിയായി നില്‍ക്കുന്നത്.
മതില്‍ പൊട്ടിയും മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന വന്‍മരത്തിന്റെ വേരുകള്‍ പൊങ്ങിയുമാണ് മതില്‍ മറിഞ്ഞുവീഴാന്‍ കാരണമായിട്ടുള്ളത്.
മഴക്കാലമായതോടെ വലിയ അപകടാവസ്ഥ മുന്നില്‍ കാണുകയാണ് നാട്ടുകാര്‍. വാര്‍ഡ് കൗണ്‍സിലര്‍ സുനില്‍സുകുമാരന്റെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട് നഗരസഭാ അധികൃതര്‍ക്ക് പരാതി പെട്ടിട്ടും മുന്‍സിപ്പല്‍ അധികാരികള്‍ക്ക് ഒരു കുലുക്കവും ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഒരു ദുരന്തത്തിനു കാത്തുനില്‍ക്കാതെ മതില്‍ പൊളിച്ചുപണിയാന്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് കൗണ്‍സിലര്‍ സുനില്‍ സുകുമാരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it