ernakulam local

പറവൂരില്‍ പോരാട്ടം ശക്തമാവുന്നു

കെ കെ അബ്ദുല്ല

പറവൂര്‍: നാമനിര്‍ദേശപത്രിക സമര്‍പ്പണം കഴിഞ്ഞതോടെ പറവൂര്‍ നിയോജകമണ്ഡലത്തില്‍ പ്രചാരണരംഗത്തിന് വേനല്‍ ചൂടിനേക്കാള്‍ കനത്ത ചൂട്.
സിറ്റിങ് എംഎല്‍എയായ യുഡിഎഫിലെ വി ഡി സതീശനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐയുടെ ശാരദാമോഹനും എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥിയായി വി എം ഫൈസലും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിന്റെ ഹരിവിജയനുമാണ് പ്രധാനമായും രംഗത്തുള്ളത്.
1996 ല്‍ കന്നിയങ്കത്തില്‍ പരാജയപ്പെട്ട് പിന്നീട് തുടര്‍ച്ചയായി മൂന്നു പ്രാവശ്യം വിജയക്കൊടി പാറിച്ച വി ഡി സതീശന്‍ നാലാം വട്ടവും വിജയം കൈവരിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്കൊപ്പം മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കിയ ആയിരംകോടിയുടെ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളും വോട്ടായി മാറുമെന്നും തനിക്ക് ഭൂരിപക്ഷം വര്‍ധിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ പ്രമുഖ സിപിഐ നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന പി കെ വാസുദേവന്‍നായരുടെ മകള്‍ എന്ന വിശേഷണവുമായി രംഗത്തെത്തിയ ഇടതുമുന്നണി സ്ഥാനാര്‍ഥി ശാരദാമോഹന്‍ വി ഡി സതീശന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ഉപരിപ്ലവമാണെന്ന് കുറ്റപ്പെടുത്തുന്നു. പറവൂരിന്റെ ചിരകാലാഭിലാഷമായ ഗവ.കോളജ് സ്ഥലമേറ്റെടുത്ത് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മുപ്പത് മീറ്ററില്‍ നിര്‍മിക്കാത്ത ദേശീയപാത എന്നിവയാണ് സതീശനെതിരേ പ്രധാനമായും ഇവര്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍.
പാലങ്ങളും റോഡുകളും കാണിച്ച് ഇതാണ് വികസനമെന്ന് എംഎല്‍എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വികലമായ വികസനമാണ് പറവൂരില്‍ നടക്കുന്നതെന്ന് എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി വി എം ഫൈസലും കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ 13 തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ പറവൂര്‍ മണ്ഡലം ഒരു മുന്നണിയുടേയും കുത്തകയല്ലെന്ന് കാണാം. സിപിഐയുടേയും കോണ്‍ഗ്രസിന്റേയും പ്രതിനിധികള്‍ പലവട്ടം വിജയിച്ചിട്ടുണ്ട്. 1957 ലെ പ്രഥമ തിരഞ്ഞെടുപ്പില്‍ സിപിഐ നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന എന്‍ ശിവന്‍പിള്ളയാണ് വിജയിച്ചത്. 1973 ല്‍ സിപിഎം സ്വതന്ത്രനായി വര്‍ക്കി പൈനാടനും 1977 ല്‍ കോണ്‍ഗ്രസിന്റെ സേവ്യര്‍ അറക്കലും വിജയിച്ചു. 1980 ല്‍ വിജയിച്ച കോണ്‍ഗ്രസ് നേതാവ് എ സി ജോസ് സ്പീക്കറായി. 1982 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐയിലെ എന്‍ ശിവന്‍പിള്ള തിരഞ്ഞെടുക്കപ്പെട്ടു. ഈ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലാദ്യമായി പരീക്ഷണാര്‍ഥം പറവൂരില്‍ വോട്ടിങ് മെഷീന്‍ കുറച്ച് ബൂത്തുകളില്‍ ഉപയോഗിച്ചു. എന്നാല്‍ പരാജയപ്പെട്ട എ സി ജോസ് വോട്ടിങ് യന്ത്രം ഉപയോഗിച്ചതിനെതിരേ കോടതിയെ സമീപിച്ചു. വോട്ടിങ് യന്ത്രം ഉപയോഗിച്ച ബൂത്തുകളില്‍ 1984 ല്‍ പോളിങ് നടന്നപ്പോള്‍ എ സി ജോസ് വിജയിച്ചു.
പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ശിവന്‍പിള്ള മണ്ഡലം തിരിച്ചുപിടിച്ചു. 91 ലും 96 ലും സിപിഐയിലെ പി രാജു നിലനിര്‍ത്തി. എന്നാല്‍ 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ വി ഡി സതീശനാണ് വിജയിച്ചത്. 1965 ല്‍ കെ ടി ജോര്‍ജ് നേടിയ 10,276 എന്ന ഉയര്‍ന്ന ഭൂരിപക്ഷത്തെ മറികടന്ന് 11,349 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2011 ല്‍ സതീശന്‍ വിജയിച്ചത്. 2011 ല്‍ മുന്‍ എംപിയും സിപിഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പന്ന്യന്‍ രവീന്ദ്രനാണ് സതീശനെതിരേ മല്‍സരിച്ചത്.
ഇക്കുറി സിപിഐയുടെ ജില്ലാ കൗണ്‍സില്‍ അംഗവും ജില്ലാ പഞ്ചായത്ത് കാലടി ഡിവിഷന്‍ അംഗവുമായ ശാരദ മോഹനെയാണ് സതീശനെതിരേ സിപിഐ രംഗത്തിറക്കിയിരിക്കുന്നത്. പാര്‍ട്ടി മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും നിര്‍ദേശിച്ച മണ്ഡലത്തിലെ നേതാക്കളുടെ പാനല്‍ മറികടന്ന് സംസ്ഥാന നേതൃത്വമാണ് ശാരദ മോഹനെ നിര്‍ദേശിച്ചത്. ഇത് ആദ്യഘട്ടത്തില്‍ എതിര്‍പ്പിനിടയാക്കിയെങ്കിലും പിന്നീട് എതിര്‍പ്പുകാര്‍ നിശബ്ദരായിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയില്‍ ശാരദ മോഹന്റെ പരാജയം പാര്‍ട്ടിക്ക് ക്ഷീണമാവുമെന്നതിനാല്‍ സിപിഐ നേതൃത്വം വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലാണ്.
മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യമായി എസ്ഡിപിഐയും മല്‍സര രംഗത്തുണ്ട്. വി എം ഫൈസല്‍ ആണ് എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി. ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമ കരസ്ഥമാക്കി യുഎഇയിലെ ഹെക്‌സ ഓയില്‍ ആന്റ് ഗ്യാസ് കമ്പനിയില്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജരായി ജോലി നോക്കിയിരുന്ന ഫൈസല്‍ പ്രവാസം മതിയാക്കി നാട്ടില്‍ തിരിച്ചെത്തി അഞ്ചുവര്‍ഷം മുമ്പാണ് എസ്ഡിപിഐയിലൂടെ പൊതുരംഗത്ത് സജീവമായത്.
ട്രേഡ് യൂനിയന്‍ രംഗത്തും സജീവസാന്നിധ്യമാണ്. എസ്ഡിപിഐ പറവൂര്‍ മണ്ഡലം പ്രസിഡന്റായ ഫൈസല്‍ പ്രവാസി ഫോറം ജില്ലാ വൈസ് പ്രസിഡന്റ്, ദാറുല്‍ഖദാ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിക്കുന്നുണ്ട്. മുന്നണി സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രചരണ രംഗത്ത് ശക്തമായ മുന്നേറ്റമാണ് വി എം ഫൈസല്‍ നടത്തുന്നത്.
എസ്എന്‍ഡിപി യൂനിയന്‍ സെക്രട്ടറി ഹരി വിജയനാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്. മണ്ഡലത്തിലെ പ്രധാന വ്യക്തികളേയും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് പഞ്ചായത്തുതല കണ്‍വന്‍ഷനുകളും പൂര്‍ത്തിയാക്കിയശേഷം ബൂത്തുകള്‍ കേന്ദ്രീകരിച്ചുള്ള കുടുംബയോഗങ്ങളിലാണ് സ്ഥാനാര്‍ഥികള്‍ ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മെയ് ഒന്നു മുതല്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളോടെ പ്രചാരണം കൊഴുക്കും.
Next Story

RELATED STORIES

Share it