പറവകള്‍ക്ക് ഈറ്റില്ലമൊരുക്കി ഇന്ദ്രപ്രസ്ഥം

പി കെ സി മുഹമ്മദ്

താമരശ്ശേരി: പറവകള്‍ക്ക് ഈറ്റില്ലമൊരുക്കി ഇന്ദ്രപ്രസ്ഥം ശ്രദ്ധേയമാവുന്നു. പറവകള്‍ കൂടുകൂട്ടാനും കുഞ്ഞുങ്ങളെ വിരിയിക്കാനും കണ്ടെത്തിയ സുരക്ഷിത കേന്ദ്രമാണ് കോഴിക്കോട് കട്ടിപ്പാറ ചമലിലെ ഇന്ദ്രപ്രസ്ഥം. കോഴിക്കോട് ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ സാഗറിന്റെ വീടാണ് ഇന്ദ്രപ്രസ്ഥം.
ഇവിടെ ഏഴു വര്‍ഷത്തോളമായി വിവിധയിനം പറവകളാണ് കുഞ്ഞുങ്ങളെ വിരിയിക്കാന്‍ വിരുന്നെത്തുന്നത്. കൂടുക്കൂട്ടാനെത്തുന്നവരില്‍ ദേശാടനപ്പക്ഷികളുമുണ്ട്. ചിലര്‍ ആറുമാസത്തോളമാണ് ഇവിടെ ചെലവഴിക്കുന്നതെങ്കില്‍ മറ്റുചിലര്‍ ഇവിടെ സ്ഥിരത്താമസക്കാരാണ്. ഇവിടുത്തെ ഭരണം വിരുന്നെത്തിയവര്‍ കൈയേറിയെന്നുതന്നെ പറയാം !!
വീടിന്റെ മുന്‍ഭാഗത്ത് പ്രാചീന രീതിയില്‍ നിര്‍മിച്ച ചുറ്റുവീടും അതിലെ ചെടികളുമാണ് പറവകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. മുന്‍ഭാഗത്തുള്ള ഫാന്‍സി ലൈറ്റും ശീതീകരണ സംവിധാനവും എല്ലാം പറവകള്‍ കൈയടക്കിക്കഴിഞ്ഞു. വിരുന്നെത്തിയവര്‍ പലരും മടക്കയാത്ര ഉപേക്ഷിച്ച മട്ടാണ്. ഇവര്‍ക്കു കൂട്ടായി സാഗറിന്റെ ഭാര്യ നിഷിതയുമുണ്ട്. അപൂര്‍വ ഇനത്തില്‍പ്പെട്ട ഒരു പക്ഷി സ്ഥിരമായി നവംബര്‍ അവസാന വാരത്തിലാണ് ഇവിടെയെത്തുന്നത്. അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിച്ച് പറന്നകലും. മാസങ്ങള്‍ക്കകം വീണ്ടുമെത്തും. വീടിനു മുന്‍വശത്തുള്ള ഫാന്‍സി ലൈറ്റിലാണ് ഇത് ആദ്യം കൂടൊരുക്കിയത്. ക്രമേണ വീട്ടിനകത്തേക്കും കടന്നു. ഇപ്പോള്‍ വീട്ടിലെവിടെയും ഇവര്‍ക്കു സ്ഥാനമുറപ്പിക്കാം. പെണ്‍കിളികള്‍ ആണ്‍കിളിക്കൊപ്പമെത്തി ആദ്യം കൂടു ശരിപ്പെടുത്തും. മൂന്നോ നാലോ ദിവസം കഴിയുമ്പോള്‍ ആണ്‍കിളി പറന്നകലും. മുട്ടയിട്ട് അടയിരിക്കുന്ന പെണ്‍കിളി ഒരു മാസത്തോളം ഇവിടെയുണ്ടാവും. ഒരു മാസം പിന്നിടുമ്പോള്‍ വീണ്ടുമെത്തും. പൂച്ചട്ടികള്‍ക്കുള്ളിലും ഫാന്‍സി ലൈറ്റിലും ഉള്‍പ്പെടെ സ്ഥിരതാമസമാക്കിയവര്‍ വേറെയുമുണ്ട്.
ലൈറ്റുകള്‍ പറവകള്‍ കൈയടക്കിയതോടെ പ്രകാശിപ്പിക്കാനാവില്ലെങ്കിലും പറവകളുടെ വാസസ്ഥലം അവര്‍ക്കുതന്നെ വിട്ടുകൊടുക്കാനാണ് സാഗറിന്റെയും ഭാര്യയുടെയും തീരുമാനം.
Next Story

RELATED STORIES

Share it