kozhikode local

പറങ്കിപ്പടയുടെ തീവയ്പ്പിന്റെ ഓര്‍മയില്‍ മിശ്കാല്‍ പള്ളി

കോഴിക്കോട്: പറങ്കിപ്പടയുടെ തേര്‍വാഴ്ചയുടെ നടുക്കുന്ന ഓര്‍മകളുമായി മിശ്കാല്‍ പള്ളി. ഹിജ്‌റ വര്‍ഷം 915 റമദാന്‍ 22ന് (ക്രിസ്താബ്ദം 1510 ജനുവരി 3) പോര്‍ച്ചുഗീസ് സൈനികത്തലവനായിരുന്ന അല്‍ബുക്കര്‍ക്കിന്റെനേതൃത്വത്തിലാണ് പരിശുദ്ധ ദേവാലയത്തിനെതിരേ ആക്രമണം നടന്നത്. പള്ളി അഗ്നിക്കിരയാക്കലായിരുന്നു കല്ലായ് പുഴ വഴി നഗരത്തിലെത്തിയ പോര്‍ച്ചുഗീസ് സൈന്യത്തിന്റെ ലക്ഷ്യം. പള്ളി സംരക്ഷിക്കുന്നതിന് ഹിന്ദു-മുസ്‌ലിം സൗഹൃദത്തിന്റെ ശക്തമായ ചെറുത്തുനില്‍പ്പ് തന്നെ കോഴിക്കോട്ടുകാര്‍ തീര്‍ത്തു. മുസ്‌ലിംകളും സാമൂതിരിയുടെ നായര്‍ പടയാളികൡകളും ആക്രണത്തെ ശക്തമായി പ്രതിരോധിച്ചു.
നിരവധി മുസ്‌ലിംകളും നായര്‍ പടയാളികളും രക്തസാക്ഷികളായി. രക്തസാക്ഷികളായ മുസ്‌ലിംകളുടെ ഖബറുകള്‍ ഇപ്പോഴും പള്ളിപ്പരിസരത്തുണ്ട്. അന്ന് കുറ്റിച്ചിറ കടപ്പുറത്തും വന്‍യുദ്ധം നടന്നതായി ചരിത്രത്തില്‍ കാണാം. പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട സാമൂതിരിയുടെ നേതൃത്വത്തില്‍ അക്രമിച്ച് തകര്‍ത്തതായും ആ കോട്ടയുടെ കല്ലും മരസാമഗ്രികളും പിന്നീട് കുറ്റിച്ചിറയിലെത്തിച്ച് മിശ്കാല്‍ പള്ളിയുടെ നിര്‍മാണത്തിന് ഉപയോഗിച്ചതായും ചരിത്രം പറയുന്നു. പള്ളി പുതുക്കിപ്പണിയാന്‍ നൂറു വര്‍ഷം എടുത്തതായി ശൈഖ് സൈനുദ്ദീന്‍ മഖ്ദും തുഹ്ഫത്തുല്‍ മുജാഹിദീന്‍' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാമൂതിരിയുടെ സഹായത്തോടെയാണ് പള്ളി പുതുക്കിപ്പണിതത്. ഹാജി അബ്ദുല്ല ഇബ്‌നു താജുല്‍ മുസ്‌ലിം മില്‍ഷാ ബന്തര്‍ ജമാലുദ്ദീന്‍ അന്താബിയാണ് ഇതിന് നേതൃത്വം നല്‍കിയത്. എഡി 1300 നും 1330 നുമിടക്ക് യമനില്‍ നിന്നു വന്ന അറേബ്യന്‍ വ്യാപാരി നഹൂദ മിശ്കാലാണ് പള്ളി നിര്‍മിച്ചത്. ലോകസഞ്ചാരി ഇബ്‌നു ബത്തൂത്ത കോഴിക്കോട് എത്തിയപ്പോള്‍ മിശ്കാല്‍ പള്ളി കണ്ടതായി ചരിത്രഗ്രന്ഥങ്ങളിലുണ്ട്. മരത്തടി ഉപയോഗിച്ച് കേരളത്തിന്റെ തനതു ശൈലിയിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്. ചരിത്ര സംഭവത്തിന്റെ ഓര്‍മപുതുക്കുന്നതിന് കുറ്റിച്ചിറ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സാമൂതിരി രാജ കെ സി ഉണ്ണി അനുജന്‍ രാജയെ ആദരിക്കും. രാജയുടെ തിരുവണ്ണൂര്‍ നടയിലെ ഭവനത്തില്‍ നടക്കുന്ന ചടങ്ങില്‍ കോഴിക്കോട്ടെ പരമ്പരാഗത ഖാസിമാരുടെ പിന്‍തലമുറയായ ഖാസി കെ വി ഇമ്പിച്ചമ്മദ് ഹാജി അദ്ദേഹത്തിന് ഉപഹാരം കൈമാറും.
Next Story

RELATED STORIES

Share it