പര്‍ദ്ദ ധരിച്ചതിന് പ്രൊവിഡന്‍സ് കോളജില്‍ വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ അപമാനിച്ചു

കോഴിക്കോട്: പ്രൊവിഡന്‍സ് കോളജില്‍ പര്‍ദ്ദ ധരിച്ചെത്തിയ വിദ്യാര്‍ഥിനിയോട് പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയെന്ന് പരാതി. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് പര്‍ദ്ദ ധരിച്ചെത്തിയ ഒന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനി—യാണ് അപമാനിക്കപ്പെട്ടത്.
ക്ലാസില്‍ പര്‍ദ്ദ ധരിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നതിനാല്‍ പര്‍ദ്ദ പുറത്ത് അഴിച്ചുവച്ചാണ് ക്ലാസ്സിലിരിക്കാറുള്ളത്. എന്നാല്‍, കഴിഞ്ഞ ദിവസം ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലേക്ക് കയറുമ്പോള്‍ പര്‍ദ്ദയഴിക്കാന്‍ മറന്നു. ഇതാണ് പ്രിന്‍സിപ്പലിനെ ക്ഷുഭിതയാക്കിയത്. ഓഫിസ് റൂമിലേക്ക് വിളിച്ചുവരുത്തി 18 വയസ്സായില്ലേ, നിന്നെയൊക്കെ ഉപ്പയ്ക്ക് കെട്ടിച്ചയച്ചുകൂടേ എന്ന് ആക്രോശിച്ച് വളരെ മോശമായാണ് പ്രിന്‍സിപ്പല്‍ പെരുമാറിയതെന്ന് വിദ്യാര്‍ഥിനി വ്യക്തമാക്കി.
നീയൊക്കെ ഏത് സ്‌കൂളില്‍ നിന്നാണ് വന്നതെന്ന പ്രിന്‍സിപ്പലിന്റെ ചോദ്യത്തിന് ജെഡിറ്റിയില്‍ നിന്നാണെന്ന് മറുപടി പറഞ്ഞു. അവിടെയുള്ളവര്‍ക്ക് സംസ്‌കാരമില്ലെന്നും ഇനി ജെഡിറ്റിയിലുള്ളവര്‍ക്കൊന്നും ഇവിടെ അഡ്മിഷന്‍ കൊടുക്കില്ലെന്നുമായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞത്. കോളജ് ഉണ്ടാക്കിയവരുടെ മുഴുവന്‍ ശാപവും നിനക്കുണ്ടാവുമെന്നും ടിസി വാങ്ങി ഇവിടെനിന്ന് പോയ്ക്കൂടെയെന്നും ചോദിച്ചതായി വിദ്യാര്‍ഥിനി പറഞ്ഞു. കറുപ്പ് ചുരിദാര്‍ ധരിച്ച് തനിക്കൊപ്പം ഇരുന്ന കുട്ടിയോടും അവള്‍ പര്‍ദ്ദയാണ് ധരിച്ചതെന്ന് തെറ്റിദ്ധരിച്ച് പ്രിന്‍സിപ്പല്‍ മോശം വാക്കുകള്‍ പ്രയോഗിച്ചതായും വിദ്യാര്‍ഥിനി പറയുന്നു.
Next Story

RELATED STORIES

Share it