Kollam Local

പരുമലയിലെ കൊലപാതകം: പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ സംഘര്‍ഷം

മാന്നാര്‍: പരുമലയില്‍ നടന്ന അക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ സംഘര്‍ഷം. മൂന്നു പ്രതികളില്‍ ഒരാളെയാണ് പോലിസ് തെളിവെടുപ്പിനായി പരുമലയിലെ വീട്ടില്‍ കൊണ്ടുവന്നത്.
പരുമല കാട്ടില്‍ കിഴക്കേതില്‍ ഫ്രാന്‍സിസ് ബ്രൂണാ (വാവച്ചന്‍-51)ണ് പിതാവിന്റെയും മകന്റെയും സഹാദരന്റെയും ക്രൂരമായ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അയല്‍വാസികളായ പുത്തന്‍പുരയില്‍ പി പി ജോണ്‍, മകന്‍ ജെന്നി പി ജോണ്‍, അനുജന്‍ ആന്റണി എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായ പ്രതികളെ കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് പി പി ജോണിനെ തെളിവെടുപ്പിനായി പരുമലയിലെ ഇയാളുടെ വീട്ടില്‍ കൊണ്ടുവന്നപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്.
സംഭവം അറിഞ്ഞ് തടിച്ചു കൂടിയ നാട്ടുകാര്‍ പ്രതിക്കു നേരെ ആക്രോശങ്ങളും അസഭ്യവുമായി എത്തുകയായിരുന്നു. ഇതിനിടയില്‍ ഇയാള്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനവുമേറ്റു. പോലിസ് പെട്ടെന്ന് ഇയാളെ വീടിനുള്ളിലാക്കുകയായിരുന്നു. വീട് വളഞ്ഞ നാട്ടുകാര്‍ ഇയാളെ വിട്ടുകിട്ടണമെന്ന ആവശ്യമുയര്‍ത്തി.
കൂടുതല്‍ പോലിസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സ്ഥിതി വഷളാവുമെന്ന് കണ്ട പോലിസ് വീടിന്റെ പിന്‍വാതിലിലൂടെ പ്രതിയുമായി ജീപ്പില്‍ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ 20നാണ് പ്രതികളായ മൂന്നുപേര്‍ ചേര്‍ന്ന് വാവച്ചനെ ടോര്‍ച്ചിനടിച്ച് നിലത്തിട്ട ശേഷം ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇയാളെ പരുമല സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇവിടെ വച്ച് 15ന് മരിക്കുകയായിരുന്നു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് നാട്ടില്‍ ഉയര്‍ന്നത്.
Next Story

RELATED STORIES

Share it