azchavattam

പരുപരുത്ത ശബ്ദമുള്ള കുട്ടി

പരുപരുത്ത ശബ്ദമുള്ള കുട്ടി
X
Dr CM Aboobacker

ഡോ. സി എം അബൂബക്കര്‍

1970കളുടെ അവസാനം ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശിശുരോഗ ചികില്‍സാ വിഭാഗത്തില്‍ ജോലി ചെയ്യുന്ന കാലം. മെഡിക്കല്‍ കോളജിലെ തിരക്കേറിയ ഒപിയിലേക്ക് മൂന്നു വയസ്സുള്ള ആണ്‍കുട്ടിയുമായി ആ മാതാപിതാക്കളെത്തി. മലപ്പുറം ജില്ലയിലെ ഏതോ ഗ്രാമത്തില്‍ നിന്നും വന്നവരായിരുന്നു അവര്‍. കൈക്കുഞ്ഞിനെപ്പോലെ ഉമ്മയുടെ ഒക്കത്ത് ശാന്തനായി ഇരിക്കുകയായിരുന്നു അവരുടെ ഏക മകന്‍. മൂന്നു വയസ്സായിട്ടും നടക്കാന്‍ തുടങ്ങിയിട്ടില്ല. സംസാരം പരുപരുത്ത ശബ്ദത്തില്‍ എന്തൊക്കെയോ ശബ്ദമുണ്ടാക്കുന്നതു പോലെയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു മൂന്നു വയസ്സുകാരനുണ്ടാവേണ്ട വളര്‍ച്ച ആ കുഞ്ഞിനുണ്ടായിരുന്നില്ല. അതു തന്നെയായിരുന്നു അവന്റെ മാതാപിതാക്കളെ മെഡിക്കല്‍ കോളജിലെ ശിശുരോഗ ചികില്‍സാ വിഭാഗത്തിലെത്തിച്ചതും.
സാധാരണ നാലുമാസമാവുമ്പോഴേക്കും കുഞ്ഞുങ്ങളുടെ കഴുത്തുറയ്ക്കും. ക്രമേണ ഇരിക്കാനും പിടിച്ചുനില്‍ക്കാനും പിടിച്ചുനടക്കാനും തുടങ്ങും. വളരെ വ്യക്തമായി തന്നെ സംസാരിക്കും. മൂന്നു വയസ്സാവുമ്പോഴേക്കും എല്ലാ ചലനങ്ങളും അവര്‍ സ്വായത്തമാക്കും. മലപ്പുറത്ത് നിന്നെത്തിയ ആ കുഞ്ഞിന്റെ കഴുത്ത് ഉറച്ചതു തന്നെ ഏറെ താമസിച്ചായിരുന്നു. ഇരിക്കാന്‍ തുടങ്ങിയതും അങ്ങനെത്തന്നെ. ചില കുട്ടികള്‍ അങ്ങനെയാണ്, വൈകിയേ നടക്കാനും സംസാരിക്കാനും തുടങ്ങുകയുള്ളൂ എന്നു പൊതുവെ പ
റയാറുണ്ട്. എന്നാല്‍, അതു ശരിയല്ല. ചെറിയ
മാറ്റങ്ങള്‍ കണ്ടേക്കാമെന്നല്ലാതെ രണ്ടു വയസ്സായിട്ടും നടക്കാത്ത, സംസാരിക്കാത്ത കുഞ്ഞ് രോഗബാധിതനാണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അവരെ ശിശുരോഗ വിദഗ്ധരെ കാണിക്കാന്‍ ഒട്ടും വൈകിക്കരുത്.
മെഡിക്കല്‍ കോളജിലെ കനത്ത തിരക്കിനിടയിലും കുഞ്ഞിന്റെ മാതാപിതാക്കളോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. ഗര്‍ഭകാലത്തെ അസുഖങ്ങള്‍, പ്രസവശേഷം കുഞ്ഞ് ആദ്യമായി കരയാനുണ്ടായ താമസം, പൊക്കിള്‍ക്കൊടി പഴുക്കല്‍ തുടങ്ങിയ ഒരു പ്രശ്‌നങ്ങളൊന്നും കുഞ്ഞിനുണ്ടായിരുന്നില്ല എന്ന് അവര്‍ പറഞ്ഞു. മലം പോവുന്നത് ദിവസങ്ങള്‍ താമസിച്ചാണെന്നും സൂചിപ്പിച്ചു. സ്ഥിരമായി അങ്ങനെയാണ്. അതോടൊപ്പം കുഞ്ഞിന്റെ പരുപരുത്ത ശബ്ദവും കൂടി പരിഗണിച്ചപ്പോള്‍ എനിക്ക്  ചില സംശയങ്ങളുണ്ടായി. അത് ഉറപ്പിക്കാന്‍ വേണ്ടി അവരോട് തൈറോയ്ഡ് ഫങ്ഷന്‍ ടെസ്റ്റ് ചെയ്തുവരാന്‍ ആവശ്യപ്പെട്ടു.
രണ്ടു ദിവസത്തിനു ശേഷം അവര്‍ പരിശോധനാഫലവുമായി എത്തിയപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് ഉറപ്പായി. കുട്ടികളിലുണ്ടാവുന്ന തൈറോക്‌സിന്‍ ഡെഫിഷ്യന്‍സി അഥവാ ഹൈപ്പോ തൈറോയ്ഡിസം ആയിരുന്നു കുഞ്ഞിനെ ബാധിച്ചിരുന്നത്. തൈറോയ്ഡ് ഗ്രന്ഥികളിലുണ്ടാവുന്ന പ്രശ്‌നങ്ങളാണ് കാരണം. ഹോര്‍മോണ്‍ ഉല്‍പാദനം നടക്കില്ല. ഇത്തരം കുട്ടികളില്‍ ഇരുത്തം, നടത്തം, സംസാരം തുടങ്ങിയ മൈല്‍സ്റ്റോണുകള്‍ (നാഴികക്കല്ല്) ഏറെ വൈകും. പക്ഷേ, ഇത് മാറ്റാവുന്ന അസുഖമാണെന്ന് പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ അദ്ഭുതപ്പെട്ടു. ഡോക്ടറേ ഈ കുട്ടിയെ നടത്തിയാല്‍ നിങ്ങ
ള്‍ക്ക് പുണ്യം കിട്ടുമെന്നായിരുന്നു ഉമ്മയുടെ
കണ്ണീരോടെയുള്ള മറുപടി.
അന്നു തന്നെ ഗുളിക എഴുതി നല്‍കി. രണ്ടാഴ്ചയ്ക്കകം അവര്‍ വീണ്ടും കാണാനെത്തിയത് വല്ലാത്ത അദ്ഭുതത്തോടെയായിരുന്നു. കുട്ടി പിടിച്ചുനടക്കാന്‍ തുടങ്ങി ഡോക്ടറേ, എന്നെ ഉമ്മാ എന്നു വിളിച്ചു ഡോക്ടറേ, എന്നെല്ലാം അവര്‍ സന്തോഷംകൊണ്ടു. ഒരു മാസത്തിനകം കുട്ടി പിടിക്കാതെ നടക്കുമെന്ന് ഞാന്‍ അവരോടു പറഞ്ഞു. കുറച്ച് വിറ്റാമിന്‍ ഗുളിക കൂടി അന്ന് എഴുതിനല്‍കി. പിന്നെ അവര്‍ കാണാനെത്തുന്നത് ബന്ധുക്കളെയെല്ലാം കൂട്ടിയാണ്. ഒരു മുഅ്ജിസാത്ത് (ദൈവിക സഹായത്തോടെയുള്ള അദ്ഭുത പ്രവര്‍ത്തനം) സംഭവിച്ചതുപോലെയായിരുന്നു അവരുടെ പെരുമാറ്റം.
ജന്മനാ ശരീരത്തില്‍ ഉണ്ടാവേണ്ട ഹോര്‍മോണ്‍ ഈ കുഞ്ഞിന് ഉണ്ടായില്ല എന്നതായിരുന്നു അവന്റെ സംസാരവും നടത്തവുമെല്ലാം ഇല്ലാതെയാവാന്‍ കാരണമായത്. ഇത്തരം അവസ്ഥയുള്ളവര്‍ ഹോര്‍മോണ്‍ ഗുളിക ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടിവരും. മലപ്പുറത്തെ കുഞ്ഞിനെ പല ഡോക്ടര്‍മാരെയും മാറി മാറി കാണിച്ചെങ്കിലും ആരും തൈറോയ്ഡ് ഡെഫിഷ്യന്‍സി സംശയിച്ചില്ല എന്നതാണ് ഏറ്റവും ഖേദകരമായ കാര്യം. ഇതിനെക്കുറിച്ച് എല്ലാ ഡോക്ടര്‍മാര്‍ക്കും അറിയാം, എന്നിട്ടുപോലും ആരും ഈ സാധ്യത പരിഗണിച്ചില്ല എന്നു മാത്രം. ഇന്നത്തെ കാലത്തും ഈ അസുഖം തിരിച്ചറിയപ്പെടാതെ പോവുന്നു എന്നാണ് ലക്ഷദ്വീപില്‍ നിന്നും പാലക്കാട്ട് നിന്നുമെല്ലാം എന്നെ കാണാനെത്തുന്ന കുഞ്ഞുങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.
ഹൈപ്പോ തൈറോയ്ഡിസം പൂര്‍ണമായും മാറ്റാവുന്ന അസുഖമാണ്. തലച്ചോറിലെ ക്ഷതങ്ങള്‍ പോലെ മാറാന്‍ സാധ്യത കുറഞ്ഞ രോഗമല്ല. അതിനുള്ള മരുന്ന് ലഭ്യവുമാണ്. എന്നിട്ടും പല ചികില്‍സകരും അതു കണ്ടെത്താത്തതു കാരണം ഈ അവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ നടക്കാതെയും സംസാരിക്കാതെയും നിത്യരോഗികളായി ജീവിക്കേണ്ടിവരുന്നു. ഹൈപ്പോ തൈറോയ്ഡിസം കണ്ടെത്താന്‍ വൈകുന്ന കുട്ടികള്‍ മരുന്ന് കഴിക്കുന്നതോടെ നടക്കാനും സംസാരിക്കാനുമെല്ലാം തുടങ്ങി സാധാരണ ജീവിതം ആരംഭിക്കും. ചികില്‍സ വൈകിയതു കാരണം ഇവര്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും അനുഭവിക്കേണ്ടി വരില്ല, തലച്ചോറിന്റെ പ്രവര്‍ത്തനത്തെ അല്‍പം ബാധിക്കുമെന്നു മാത്രം. ഇത്തരം കുട്ടികളില്‍ ഐക്യു കുറച്ച് കുറയുമെന്നല്ലാതെ മറ്റു പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല. വളരുന്നതിനനുസരിച്ച് ഗുളികയുടെ അളവില്‍ മാറ്റം വരുത്തി ജീവിതകാലം മുഴുവന്‍ ഗുളിക തുടരേണ്ടി വരും എന്നതു മാത്രമാണ് എല്ലാ ഹൈപ്പോ തൈറോയ്ഡിസം രോഗികള്‍ക്കും പ്രയാസകരമായിട്ടുള്ളത്.
ഒട്ടുവളരെ കുഞ്ഞുങ്ങളില്‍ ഞാന്‍ ഹൈപ്പോ തൈറോയ്ഡിസം കണ്ടെത്തി ചികില്‍സിച്ചിട്ടുണ്ട്. അമ്മേയെന്നു വിളിക്കാത്ത, നടക്കാത്ത കുഞ്ഞുങ്ങള്‍ അതെല്ലാം ചെയ്യാന്‍ തുടങ്ങുമ്പോള്‍, ഒരു മാതാവിനുണ്ടാവുന്ന ആനന്ദം എത്ര വലുതായിരിക്കും. അതുപോലെ തന്നെയാണ് വളര്‍ച്ചയില്ലാതെ, സംസാരിക്കാനാവാതെ വരുന്ന കുഞ്ഞുങ്ങള്‍ പിന്നീട് ചികില്‍സയ്ക്കു ശേഷം എന്റെ മുന്നിലൂടെ പിച്ചവയ്ക്കുമ്പോഴും കിളിക്കൊഞ്ചലുതിര്‍ക്കുമ്പോഴും എനിക്കും അനുഭവപ്പെടുന്നത്. ഞാന്‍ ഹൈപ്പോ തൈറോയ്ഡിസം കണ്ടെത്തി ചികില്‍സിച്ച പെണ്‍കുട്ടികള്‍ അവരുടെ കുഞ്ഞുങ്ങളെയുമായി ചികില്‍സിക്കാന്‍ എത്താറുണ്ട്. മുമ്പ് നടക്കാതെ, സംസാരിക്കാതെ എന്നെ കാണാനെത്തിയിരുന്ന അവര്‍ അമ്മമാരായി കുഞ്ഞുങ്ങളോടൊപ്പം ഇവിടെയെത്തുമ്പോള്‍ ഒരു ചികില്‍സകനെന്ന നിലയില്‍ തീര്‍ച്ചയായും ഞാന്‍ അഭിമാനിക്കാറുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുന്‍ ശിശുരോഗവിഭാഗം തലവനും കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിലെ മുന്‍ വൈസ് പ്രിന്‍സിപ്പലുമാണ് ഡോ. സി എം അബൂബക്കര്‍, ഡിസിഎച്ച് എംഡി
Next Story

RELATED STORIES

Share it