Idukki local

പരീക്ഷാ വേളയില്‍ അതിക്രമം: അന്വേഷണം ആരംഭിച്ചു

തൊടുപുഴ: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ നടക്കുന്ന തൊടുപുഴയ്ക്കു സമീപ പഞ്ചായത്തിലെ ഒരു സ്‌കൂളില്‍ കഴിഞ്ഞ ദിവസം രാത്രി വിദ്യാര്‍ഥി സംഘം നടത്തിയ അതിക്രമം സംബന്ധിച്ചു സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തെ തൊടുപുഴ പോലിസ് നിസ്സാരവല്‍ക്കരിച്ച് വിദ്യാര്‍ഥി സംഘത്തെ വിട്ടയച്ചതിനെ തുടര്‍ന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ചോദ്യപേപ്പറുകളും ഉത്തരകടലാസും സൂക്ഷിച്ചിരിക്കുന്ന റൂമിനു കേടുപാടുകളൊന്നുമില്ലെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം. കുട്ടികള്‍ രാത്രിയില്‍ ഇവിടെ എത്തുന്നതിനു മുമ്പു ഇവിടെ സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ നശിപ്പിച്ചിരുന്നു. ഇത് തെളിവില്ലാതാക്കാനാണെന്നാണ് കരുതുന്നത്.ഇനി ആവര്‍ത്തികരുതെന്ന താക്കീത് ചെയ്തു പോലിസ് കുട്ടികളെ വിട്ടയക്കുകയായിരുന്നു.
രാത്രിയില്‍ മാങ്ങ പറിക്കാനെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ എന്തിനാണ് സ്‌കൂളിന്റെ ഓട് തകര്‍ത്ത് അതിനുള്ളില്‍ കയറിയതെന്ന് പോലിസ് വ്യക്തമാക്കുന്നില്ല.സ്‌കൂളിലെ സിസിടിവി തകര്‍ത്തുവെന്നാണ് തൊടുപുഴ പോലിസിനു ഞായാറാഴ്ച പരാതി ലഭിച്ചത്.ഞായറാഴ്ച രാത്രി 11 വിദ്യാര്‍ഥികളെ തൊടുപുഴ പോലിസ് പിടികൂടുകയും ചെയ്തു.
വിദ്യാര്‍ഥികള്‍ രാത്രിയില്‍ മാങ്ങ പറിക്കാനെത്തിയെന്നാണ് പോലിസിനോട് പറഞ്ഞത്.ഇതിനിടെയാണ് സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന കാമറ സമീപത്തെ ഫ്യൂസ് ഊരിയ ശേഷം നശിപ്പിക്കാന്‍ ശ്രമിച്ചത്.സ്‌കൂളിനു പുറത്തു നിന്നുള്ള വിദ്യാര്‍ഥികളും സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും സംഘത്തിലുണ്ടായിരുന്നു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ നടക്കുന്ന അവസരത്തില്‍ സ്‌കൂളില്‍ കുട്ടികളെത്തിയതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താതെയാണ് തൊടുപുഴ പോലിസ് വിദ്യാര്‍ഥികളെ മാതാപിതാക്കളോടൊപ്പം പറഞ്ഞയച്ചതെന്നു ആക്ഷേപമുണ്ട്. വേണ്ട ഗൗരവം സംഭവത്തിനു നല്‍കാനും പോലിസ് തയ്യാറായില്ല.
പരീക്ഷക്കാലമായതുകൊണ്ടും വിവാദമാക്കാന്‍ താല്‍പര്യമില്ലാത്തുകൊണ്ടും സ്‌കൂളധികൃതര്‍ പരാതി നല്‍കിയില്ല. കഴിഞ്ഞ മാസം തൊടുപുഴ ടൗണിനു സമീപത്തെ മറ്റൊരു സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ നാശനഷ്ടമുണ്ടാക്കിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ആറ് വിദ്യാര്‍ഥികളെയും പോലിസ് പിടികൂടിയിരുന്നു.
Next Story

RELATED STORIES

Share it