പരീക്ഷാ ഫലത്തില്‍ ക്രമക്കേട്; ബിഹാര്‍ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ രാജിവച്ചു

പട്‌ന: ബിഹാര്‍ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡിന്റെ 10ാംതരം- പ്ലസ്ടു പരീക്ഷാഫലങ്ങളിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ ലാല്‍കേശ്വര്‍ പ്രസാദ് സിങ് രാജിവച്ചു. കഴിഞ്ഞദിവസം വിദ്യാഭ്യാസവകുപ്പ് അദ്ദേഹത്തിനു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലിസ് സംഘം സിങിനെ അഞ്ചുമണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. അദ്ദേഹത്തിന്റെ കംപ്യൂട്ടര്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു. സംഭവമന്വേഷിക്കാന്‍ ഹൈക്കോടതി ജഡ്ജി (റിട്ട) അധ്യക്ഷനായി നാലംഗ സംഘത്തെ നിയമിക്കാനുള്ള സിങിന്റെ തീരുമാനം കഴിഞ്ഞ മാസം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
അതിനിടെ വിദ്യാഭ്യാസവകുപ്പിന്റെ പരാതിയില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തതായി പട്‌ന പോലിസ് സീനിയര്‍ സൂപ്രണ്ട് മന്‍മഹാരാജ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമാണു വിദ്യാഭ്യാസവകുപ്പ് പരാതിനല്‍കിയത്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
ചില പരീക്ഷാ സെന്ററുകളിലെ സൂപ്രണ്ടുമാരെയും ക്ലാര്‍ക്കുമാരെയുമാണു പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്. പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ റൂബി റായ്, ശാലിനി റായ്, സൗരവ് ശ്രേഷ്ഠ, രാഹുല്‍ കുമാര്‍ എന്നിവരെ ഉടന്‍ ചോദ്യംചെയ്യുമെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it