kozhikode local

പരീക്ഷയ്‌ക്കെത്തിയ കുട്ടികളെ അധികൃതര്‍ തിരിച്ചയച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ഒറ്റപ്പാലം മര്‍ക്കസ് ഓറിയന്റല്‍ കോളജില്‍ പരീക്ഷ എഴുതാനെത്തിയ കുട്ടികളെ കോളജധികൃതര്‍ പരീക്ഷക്കിരുത്താതെ തിരിച്ചയച്ചു. ബി എ അഫ്‌സലുല്‍ ഉലമയുടെ ആറാം സെമസ്റ്റര്‍ പരീക്ഷക്ക് മര്‍ക്കസ് ഓറിയന്റല്‍ കോളജ് സെന്ററായി സര്‍വകലാശാല ഹാള്‍ടിക്കറ്റില്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടിന് മുമ്പായി പരീക്ഷ എഴുതാന്‍ ഇവിടെ എത്തിയത്. എന്നാല്‍ ഇത്തരത്തില്‍ സര്‍വകലാശാലയുടെ പരീക്ഷ നടക്കുന്ന വിവരം വിദ്യാര്‍ഥികള്‍ എത്തിയപ്പോള്‍ മാത്രമായിരുന്നു കോളജധികൃതര്‍ അറിയുന്നത്. വിദ്യാര്‍ഥികളുടെ റോള്‍ നമ്പറോ ചോദ്യപേപ്പറോ കോളജില്‍ സര്‍വകലാശാല എത്തിച്ചിരുന്നില്ല.
ഇല്ലാത്ത സെന്റര്‍ നല്‍കിയതിനെപറ്റി സര്‍വകലാശാല അധികൃതര്‍ വിശദീകരണം നല്‍കാന്‍ തയ്യാറായില്ല. വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ പുതിയ ഉദ്യോഗസ്ഥരുടെ പരിചയക്കുറവാകാം ഇത്തരം അബദ്ധം സംഭവിച്ചതിനു കാരണമെന്നാണ് പരീക്ഷാ ഭവന്റെ വിശദീകരണം. തനിക്ക് ഇതു സംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്നും ഈ കാര്യത്തില്‍ സംഭവിച്ച വീഴ്ചയെ പറ്റി പഠിച്ച് നടപടികളെടുക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ വി വി ജോര്‍ജ്ജ്കുട്ടി പറഞ്ഞു.
കോളജില്‍ നിന്ന് ഇറക്കിവിട്ട വിദ്യാര്‍ഥികള്‍ ജനപ്രതിനിധികളുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് ഉച്ചക്ക് രണ്ടിന് എഴുതേണ്ട പരീക്ഷ വൈകീട്ട് നാലിന് തുടങ്ങി ആറിന് അവസാനിച്ചു.
ബിഎ ആറാംസെമസ്റ്ററിലെ ആദ്യപേപ്പറായ മോഡേണ്‍ പ്രോസ് ആന്റ് ഡ്രാമ എഴുതുന്നതിനാണ് പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവര്‍ രണ്ടു മണിക്കൂറിലധികം അലഞ്ഞുതിരിഞ്ഞത്. മണ്ണാര്‍ക്കാട് എംഇഎസ് കോളജില്‍ നിന്ന് ചോദ്യപേപ്പര്‍ ഇ മെയില്‍ വഴി ഒറ്റപ്പാലം എന്‍എസ്എസിലെത്തിച്ചായിരുന്നു പരീക്ഷ നടത്തിയത്.
Next Story

RELATED STORIES

Share it