kozhikode local

പരീക്ഷയ്ക്കിടെ അധ്യാപകര്‍ക്ക് സെന്‍സസ് ഡ്യൂട്ടിയും

കുറ്റിയാടി: ക്രിസ്മസ് പരീക്ഷ പടിവാതിക്കല്‍ എത്തിനില്‍ക്കെ അധ്യാപകര്‍ക്ക് ദേശീയ ജനസംഖ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള ചുമതലകൂടി നല്‍കിയതോടെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലായി. എല്‍പി, യുപി വിഭാഗം അധ്യാപകര്‍ക്കാണ് സെന്‍സസ് ഡ്യൂട്ടിക്ക് നിയമിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലനക്ലാസ് വിവിധ കേന്ദ്രങ്ങളില്‍ നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
നാഷനല്‍ പോപുലേഷന്‍ രജിസ്റ്ററുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനമാണ് നടന്നുവരുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാറ്റിവച്ച ശാസ്ത്ര- കായിക- കലാമേളകള്‍ ഉപജില്ലാതലത്തിലും റവന്യു ജി ല്ലാ തലത്തിലും നടക്കുന്നതിനാല്‍ അധ്യയനത്തെ ബാധിച്ചിട്ടുണ്ട്.
പാഠപുസ്തകങ്ങളുടെ രണ്ടാംഭാഗം പഠിപ്പിക്കാനുള്ള ഒരുക്കത്തിനിടെയാണ് അധ്യാപകര്‍ക്ക് സെന്‍സസ് ഡ്യൂട്ടിയും വന്നുചേര്‍ന്നത്. മിക്ക സ്‌കൂളുകളിലും ഭൂരിപക്ഷം അധ്യാപകര്‍ക്കും ഡ്യൂട്ടി ലഭിച്ചിട്ടുണ്ട്. അഞ്ചു അധ്യാപകര്‍ മാത്രമുള്ള സ്‌കൂളുകളില്‍ നാലു അധ്യാപകര്‍ക്കും ചുമതല ലഭിച്ച അവസ്ഥയുണ്ട്. പത്താം തിയ്യതി മുതലാണ് ക്രിസ്മസ് പരീക്ഷ ആരംഭിക്കുന്നത്. അതിനിടയിലുള്ള സെന്‍സസ് ഡ്യൂട്ടി വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ പൂര്‍ണമായി ബാധിക്കുന്ന നടപടിയാണെന്നാണ് രക്ഷിതാക്കളുടെ പരാതി.
ഇന്നു മുതല്‍ 24വരെയാണ് സെന്‍സസ് ഡ്യൂട്ടി ക്രമീകരിച്ചിട്ടുള്ളത്. എട്ടു ഫുള്‍ഡേ അവധിയോ 16 ഹാഫ് ഡേ ലീവോ ആണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. മധ്യവേനല്‍ അവധിക്കാലങ്ങളിലാണ് ഇത്തരം സെന്‍സസുകള്‍ പതിവായി നടത്താറുള്ളത്. എന്നാല്‍ ഈ സമയത്ത് ഡ്യൂട്ടി നല്‍കിയാല്‍ സറണ്ടര്‍ ഇനത്തില്‍ വലിയൊരു തുക എന്യൂമറേറ്റര്‍മാര്‍ക്ക് നല്‍കേണ്ടിവരുമെന്ന കണ്ടെത്തലാണ് അധികൃതരെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
Next Story

RELATED STORIES

Share it