പരിഹാസ്യമാവുന്ന മാവോവാദി വേട്ട

പി ടി ജോണ്‍

കേരളത്തില്‍ മാവോവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നതായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്റലിജന്‍സ് ബ്യൂറോകള്‍ നിരന്തരം റിപോര്‍ട്ട് ചെയ്യുന്നതായി മനസ്സിലാവുന്നു. വയനാട്, പാലക്കാട് ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകളിലും തോട്ടംതൊഴിലാളി മേഖലകളിലും മാവോവാദി സാന്നിധ്യം ശക്തമാണെന്നാണ് റിപോര്‍ട്ടുകള്‍. ഇതനുസരിച്ച് മാവോവാദി വേട്ടയ്ക്ക് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മാവോവാദികളെ അമര്‍ച്ചചെയ്യുന്നതിനായി സമീപകാലത്ത് 100 കോടി രൂപ കേന്ദ്രത്തില്‍നിന്നു സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടത്രെ. ഈ ഓപറേഷന് എത്രകോടി ആവശ്യപ്പെട്ടാലും കേന്ദ്രം സന്തോഷപൂര്‍വം നല്‍കുമത്രെ. പുതിയ കേന്ദ്രസര്‍ക്കാര്‍ ഇതിന് മുന്തിയ പരിഗണനയാണു നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരാണെങ്കില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് മാവോവാദികളെ ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്നത്. നൂറുകണക്കിനു പോലിസുകാരെ ഇതിനായി നിയോഗിച്ചിരിക്കുന്നു. ഇവരിലധികവും മികച്ച പരിശീലനം ലഭിച്ചവരാണ്. ആധുനിക ഉപകരണങ്ങളും ഇവര്‍ക്കു നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തുടനീളം മാവോവാദിസാന്നിധ്യം തേടി കേന്ദ്ര-സംസ്ഥാനങ്ങളിലെ പല വിഭാഗത്തിലുള്ള ഇന്റലിജന്‍സുകള്‍ രഹസ്യമായും പരസ്യമായും നടക്കുന്നു. നിര്‍ഭാഗ്യവശാല്‍ കാര്യമായ മാവോവാദി വേട്ട കേരളത്തില്‍ നടക്കുന്നില്ല. ഇതിനു കാരണം മാവോവാദികളുടെ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നില്ലെന്നതാണ്. എന്നാല്‍, ഒറ്റപ്പെട്ട നിലയില്‍ ചില കേന്ദ്രങ്ങളില്‍ മാവോവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതാണെങ്കില്‍ പോലിസിനു കണ്ടുപിടിക്കാന്‍ കഴിയുന്നില്ല.
തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന ചില പ്രദേശങ്ങളില്‍ നടക്കുന്ന ജനകീയ സമരങ്ങളില്‍ മാവോവാദികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടക്കാത്തതിനാല്‍ അവരെ സദാസമയവും നിരീക്ഷിക്കുകയാണ് പോലിസ് ചെയ്തുവരുന്നത്. പോലിസിന്റെ രേഖകളിലുള്ള മാവോവാദികളുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെടുന്നവരെല്ലാം പോലിസിന്റെ കണ്ണില്‍ മാവോവാദികളാണ്. നിരപരാധികളായ എത്രയോപേരെ മാവോവാദികളെന്നു മുദ്രകുത്തി പോലിസ് ലോക്കപ്പിലാക്കിയിട്ടുണ്ട്. നിരവധി നിരപരാധികള്‍ ജയിലുകളിലുമാണ്. മാവോവാദികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവരുടെ ആശയപരമായ നിലപാടുകളെക്കുറിച്ചും ദേശീയ-സാര്‍വദേശീയ തലങ്ങളില്‍ അവര്‍ക്കുള്ള ബന്ധങ്ങളെക്കുറിച്ചും സര്‍ക്കാരിനും പോലിസിനും വ്യക്തമായ കാഴ്ചപ്പാടും അറിവുമില്ല.
കാണുന്നവരെയൊക്കെ മാവോവാദികളാക്കി പോലിസ് പരിഹാസ്യരാവുകയാണ്. ഈ ലേഖകനുണ്ടായ അനുഭവം ഈ പരിഹാസ്യതയ്ക്കു മികച്ച തെളിവാണ്. മൂന്നാറിലെ പൊമ്പിളൈ ഒരുമയുടെ ഉജ്ജ്വലമായ സമരത്തെ തുടര്‍ന്ന് കേരളത്തിലെ തോട്ടംതൊഴിലാളികളുടെ മിനിമം വേജസ് (കുറഞ്ഞ കൂലി) 301 രൂപയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവല്ലോ. ബംഗാളിലും അസമിലും ചായത്തോട്ടംതൊഴിലാളിക്ക് കേവലം 126 രൂപ മാത്രമാണ് മിനിമം കൂലി. കേരളത്തില്‍ നടന്ന സമരങ്ങളെക്കുറിച്ചും മിനിമം കൂലിയെക്കുറിച്ചും പഠിച്ചു മനസ്സിലാക്കുന്നതിന് അസമിലെയും ബംഗാളിലെയും ട്രേഡ് യൂനിയന്‍ നേതാക്കള്‍ മൂന്നാറിലെത്തി. സ്വതന്ത്ര സംഘടനയായ ന്യൂ ട്രേഡ് യൂനിയന്‍ ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തിലായിരുന്നു ഇവരുടെ സന്ദര്‍ശനം. സംഘടനയുടെ നിര്‍വാഹകസമിതി അംഗമെന്ന നിലയില്‍ ഞാനാണ് ഇവരെ തൊഴിലാളിമേഖലയില്‍ കൊണ്ടുപോയത്.
മൂന്നാറില്‍ വച്ച് എല്ലാവിഭാഗം തൊഴിലാളിനേതാക്കളെയും ഇവര്‍ നേരില്‍ കണ്ട് വിശദമായ ചര്‍ച്ച നടത്തി. ടാറ്റയുടെ ബംഗാളിലെയും അസമിലെയും തോട്ടങ്ങളിലേക്ക് തിരഞ്ഞെടുപ്പിനുശേഷം വരാമെന്നു മൂന്നാറിലെ തൊഴിലാളിനേതാക്കള്‍ ഉറപ്പുകൊടുക്കുകയും ചെയ്തു. മൂന്നാറില്‍നിന്ന് സംഘം ഗൂഡല്ലൂരിലേക്കാണു പുറപ്പെട്ടത്. മൂന്നാറില്‍നിന്നു കൊച്ചി വഴി പെരുമ്പാവൂരില്‍ എത്തിയ സംഘം ഗൂഡല്ലൂരിലേക്കു പോവാന്‍ ഒരു വാഹനം ഏര്‍പ്പാട് ചെയ്തുതരുന്നതിനായി പെരുമ്പാവൂര്‍ പോലിസ് സ്‌റ്റേഷനിലേക്കു പോയി. പോലിസ് ഏര്‍പ്പെടുത്തിക്കൊടുത്ത ഒരു ഇന്നോവ ടാക്‌സി കാറിലാണ് സംഘം ഗൂഡല്ലൂരിലെത്തിയത്. സാമൂഹിക പ്രവര്‍ത്തകനായ ഡോ. കുര്യാക്കോസിന്റെ അതിഥികളായാണ് സംഘം ഗൂഡല്ലൂരില്‍ കഴിഞ്ഞത്. ഗൂഡല്ലൂരിലെ തോട്ടങ്ങള്‍ സന്ദര്‍ശിച്ച് തൊഴിലാളികളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി. തമിഴ്‌നാട്ടിലെ മിനിമം കൂലി 254 രൂപയാണെന്നും ഇവര്‍ മനസ്സിലാക്കി. ജയലളിത സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന വിവിധങ്ങളായ ആനുകൂല്യങ്ങളെക്കുറിച്ചും പഠിച്ച് റിപോര്‍ട്ട് തയ്യാറാക്കി.
തുടര്‍ന്ന് പോലിസ് ഏര്‍പ്പെടുത്തിക്കൊടുത്ത വാഹനത്തില്‍ ഗൂഡല്ലൂരില്‍നിന്നു കൊച്ചിയിലേക്കു മടങ്ങി. കേരള അതിര്‍ത്തിയിലെത്തിയപ്പോള്‍ കേരള പോലിസിന്റെ വാഹനപരിശോധനയ്ക്കായി വണ്ടി നിര്‍ത്തി. വണ്ടിയില്‍ അന്യസംസ്ഥാനക്കാരെ കണ്ടതോടെ പരിശോധന ഗൗരവത്തിലായി. എവിടെ പോയി, എങ്ങോട്ടു പോവുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി പറഞ്ഞെങ്കിലും അതൊന്നും പോലിസിന് തൃപ്തിയായില്ല. വണ്ടിയിലുണ്ടായിരുന്ന അസമിലെയും ബംഗാളിലെയും തൊഴിലാളിനേതാക്കളെയും കഴിഞ്ഞ 40 വര്‍ഷമായി പൊതുപ്രവര്‍ത്തനരംഗത്തുള്ള എന്നെയും ഞാന്‍ പോലിസിനു വിശദമായി പരിചയപ്പെടുത്തി. ഗൂഡല്ലൂരില്‍ എന്ത് ആവശ്യത്തിനാണ് പോയതെന്നായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. അവിടത്തെ ചായത്തോട്ടംതൊഴിലാളികളെ കാണാനും അവരുമായി സംസാരിക്കാനുമാണെന്നു മറുപടി പറഞ്ഞു. ഇതോടെ പോലിസിന്റെ മട്ടുമാറി. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി വണ്ടി വഴിക്കടവ് പോലിസ് സ്‌റ്റേഷനിലേക്കു വിടണമെന്ന് അവര്‍ ആജ്ഞാപിച്ചു.
സ്റ്റേഷനില്‍ എത്തിയപ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ ആദ്യഘട്ടത്തില്‍ കുറ്റവാളികളോടെന്നപോലെയാണ് സംഘത്തോടു പെരുമാറിയത്. അനാവശ്യമായ ചോദ്യങ്ങള്‍ എസ്‌ഐ ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ ഞങ്ങള്‍ തയ്യാറായില്ല. ക്ഷുഭിതനായ എസ്‌ഐ ലോക്കപ്പിനടുത്തു നില്‍ക്കാന്‍ കല്‍പിച്ചു. ഞങ്ങള്‍ അവിടെനിന്ന് ഉറക്കെ പറഞ്ഞു: ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാരെ ഉടനെ വിളിച്ചുവരുത്തണം. ഞങ്ങളെ കോടതിയില്‍ ഹാജരാക്കണം. ഇവിടെ നിര്‍ത്തി അപമാനിക്കരുത്. പ്രശ്‌നം വഷളാക്കരുത്. തുടര്‍ന്ന് എസ്‌ഐ തുടരെ ഫോണ്‍ ചെയ്യുന്നതാണു കാണുന്നത്. ആരെയൊക്കെയോ വിളിച്ച് മാവോവാദികളെന്നു സംശയിക്കുന്നവരെ സ്‌റ്റേഷനില്‍ കൊണ്ടുവന്നിട്ടുണ്ടെന്നു പറയുന്നു. അരമണിക്കൂറിനകം സ്റ്റേഷനില്‍ ഞങ്ങളെ കാണാന്‍ വിവിധ അന്വേഷണസംഘങ്ങള്‍ എത്തിക്കൊണ്ടിരുന്നു.
ഇന്റലിജന്‍സ് ബ്യൂറോ, സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച്, റോ, തണ്ടര്‍ബോള്‍ട്ട് തുടങ്ങിയവരുടെ ചോദ്യങ്ങളായി. പെരുമ്പാവൂര്‍ പോലിസ് സ്‌റ്റേഷനില്‍നിന്നു വിളിച്ചുപറഞ്ഞതനുസരിച്ച് ഒരു ടാക്‌സി ഡ്രൈവര്‍ ഞങ്ങളുടെ കൂടെ ഉണ്ടെന്ന വിവരം ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. അസമില്‍നിന്നും ബംഗാളില്‍നിന്നും മാവോവാദ പ്രവര്‍ത്തനത്തിനായി കേരളത്തിലെത്തുന്നവര്‍ പോലിസ് സ്‌റ്റേഷനില്‍ വണ്ടി വിളിക്കാന്‍ പോവുമോ എന്ന് ഞാനവരോടു ചോദിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും മലപ്പുറം ജില്ലാ കലക്ടറെയും എനിക്കു നേരില്‍ പരിചയമുണ്ടെന്നും അവരെ അറിയിച്ചു. ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍മാരെ വിളിച്ച് ഞങ്ങളെ ഉടനെ കോടതിയില്‍ ഹാജരാക്കണമെന്ന് ഞങ്ങള്‍ വീണ്ടും പോലിസിനെ അറിയിച്ചു. ഇതിനിടയില്‍ എസ്പി റാങ്കിലുള്ള ഒരു പോലിസ് ഉദ്യോഗസ്ഥന്‍ അവിടെയെത്തി. കാര്യങ്ങളൊക്കെ അദ്ദേഹത്തെ ധരിപ്പിച്ചു. സംഗതി മനസ്സിലാക്കിയ അദ്ദേഹം സോറി പറഞ്ഞു ഞങ്ങളെ വിട്ടയച്ചു.
മാവോവാദി വേട്ടയുടെ പേരില്‍ രണ്ടരമണിക്കൂര്‍ സമയമാണ് ഞങ്ങള്‍ക്കു നഷ്ടപ്പെട്ടത്. മാത്രമല്ല, പലരില്‍നിന്നുള്ള ഒരേ ചോദ്യങ്ങള്‍ക്ക് 20 തവണയെങ്കിലും മറുപടിയും പറയേണ്ടിവന്നു. പോലിസ് സ്‌റ്റേഷനില്‍നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ നേരത്തേ ഞങ്ങളോട് ചാടിക്കളിച്ച സബ് ഇന്‍സ്‌പെക്ടര്‍ ഞങ്ങളുടെ അടുത്തു വന്ന് അബദ്ധം പറ്റിയതാണ്, ക്ഷമിക്കണം പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കരുതേ എന്നു വളരെ താഴ്മയോടെ പറഞ്ഞു. പോലിസിന്റെ ദയനീയ ഭാവം കണ്ട് അപ്പോള്‍ അറിയാതെ ഞങ്ങളെല്ലാം ചിരിച്ചുപോയി.

(കാര്‍ഷികമേഖലയിലെ അറിയപ്പെടുന്ന സാമൂഹിക-സന്നദ്ധസേവന പ്രവര്‍ത്തകനാണു ലേഖകന്‍.)
Next Story

RELATED STORIES

Share it