wayanad local

പരിസ്ഥിതി സംരക്ഷണ കമ്മീഷനെ നിയമിക്കണം: എല്‍ഡിഎഫ്

കല്‍പ്പറ്റ: പശ്ചിമഘട്ടത്തിലെ പ്രധാന ജൈവമേഖലയായ വയനാടിന്റെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും ജീവസന്ധാരണ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ വയനാട് പരിസ്ഥിതി സംരക്ഷണ കമ്മീഷനെ നിയമിക്കണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നെല്‍കര്‍ഷകരെ സംരക്ഷിക്കാതെ നെല്‍വയല്‍ സംരക്ഷിക്കാന്‍ കഴിയില്ല. ആദിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കിയിരുന്ന മേഖലകളാണ് നെല്‍കൃഷിയും കന്നുകാലി വളര്‍ത്തലും.
പരിസ്ഥിതി സംരക്ഷണത്തില്‍ അടിസ്ഥാനവര്‍ഗ ജനവിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയെന്ന കാഴ്ചപ്പാടില്ലെന്നതാണ് ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപോര്‍ട്ടുകളുടെ ന്യൂനത. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ആദിവാസികള്‍ എന്നിവര്‍ക്കായി ജീവസന്ധാരണ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് പരിസ്ഥിതി സംരക്ഷണത്തിന് അനിവാര്യമാണെന്നു തിരിച്ചറിഞ്ഞ് പ്രസ്തുത റിപോര്‍ട്ടുകള്‍ ഭേദഗതി ചെയ്യണം.
തേക്കുതോട്ടങ്ങള്‍ ഘട്ടംഘട്ടമായി വെട്ടിമാറ്റി സ്വാഭാവിക വനം വച്ചുപിടിപ്പിക്കല്‍, കാടും നാടും വേര്‍തിരിക്കല്‍, വനപരിപാലന നയം തിരുത്തല്‍, അന്തര്‍സംസ്ഥാന ജലവിഭവ പരിപാലനം എന്നിവ കേന്ദ്രസര്‍ക്കാര്‍, സുപ്രിംകോടതി എന്നിവയുടെ സഹകരണത്തോടെ മാത്രമേ നടപ്പാക്കാനാവൂ. ഇതിനു നിയമവിദഗ്ധര്‍ അടങ്ങുന്ന ഒരു പരിസ്ഥിതി സംരക്ഷണ കമ്മീഷന്‍ ഉപകരിക്കും.
കൃഷി, ജലസേചനം, മൃഗപരിപാലനം, ക്ഷീരവികസനം, മണ്ണ് സംരക്ഷണം, സഹകരണം, ഗ്രാമീണ വികസനം, പ്രാദേശിക സ്വയം വികസന വകുപ്പ് തുടങ്ങിയവയുടെ പ്രതിനിധികളും തൊഴിലാളി- കര്‍ഷക- ആദിവാസി പ്രതിനിധികളും ത്രിതല പഞ്ചായത്ത് പ്രതിനിധികളും ജനപ്രതിനിധികളും കമ്മീഷനില്‍ അംഗങ്ങളാവണം.
നിശ്ചിത സമയത്തിനകം വയനാടിന്റെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള സമഗ്ര പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുകയെന്ന ചുമതല നിര്‍വഹിക്കാന്‍ കമ്മീഷന് സാധിക്കണം. കെ വി മോഹനന്‍, പി കൃഷ്ണപ്രസാദ്, വിജയന്‍ ചെറുകര, മുഹമ്മദ്കുട്ടി, സി എം ശിവരാമന്‍, ബാബു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it