kannur local

പരിസ്ഥിതി സംരക്ഷണത്തിന് സ്മൃതിവനം പദ്ധതി

കണ്ണൂര്‍: പരിസ്ഥിതി സംരക്ഷണ ഭാഗമായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ സ്മൃതിവനം എന്ന പേരില്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. ഒന്നോ രണ്ടോ ഏക്കര്‍ സ്ഥലം പ്രത്യേകം കണ്ടെത്തി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്ന പദ്ധതിയാണ് നടപ്പാക്കുക.
ഇത്തരത്തിലുള്ള സ്ഥലത്തെ വൃക്ഷതൈകള്‍ സ്ഥിരമായി പരിപാലിച്ച് വനമായി വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ അഞ്ചുലക്ഷം വൃക്ഷത്തൈ നടും. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചുമുതല്‍ ഒരാഴ്ചക്കാലത്ത് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവ വഴി പൊതു സ്ഥലങ്ങളിലായിരിക്കും വൃക്ഷത്തൈകള്‍ നടുക. ഗ്രാമപ്പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷന്‍ എന്നിവ ആവശ്യമായ വൃക്ഷത്തൈകളുടെ എണ്ണം വനംവകുപ്പ് അസി. കണ്‍സര്‍വേറ്റര്‍ക്ക്(സോഷ്യല്‍ ഫോറസ്ട്രി) നല്‍കണം. ഇതനുസരിച്ച് പയ്യന്നൂര്‍, കണ്ണൂര്‍, കണ്ണവം നഴ്‌സറികളില്‍ നിന്ന് ആവശ്യമായ തൈകള്‍ വനംവകുപ്പ് നല്‍കും.
ഒരു ഗ്രാമപ്പഞ്ചായത്തിന് പരമാവധി 10000 വൃക്ഷത്തൈകള്‍ നല്‍കും. വിവിധ സര്‍കാര്‍ വകുപ്പുകളും ഈ പരിപാടിയില്‍ സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. വനംവകുപ്പ് അസി. കണ്‍സര്‍വേറ്റര്‍(സോഷ്യല്‍ ഫേ ാറസ്ട്രി) പി ബിജു, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
അപകടാവസ്ഥയിലുള്ള മരക്കൊമ്പുകള്‍ മുറിക്കണം
കണ്ണൂര്‍: മഴക്കാലത്ത് അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന മരങ്ങളുടെ ശാഖകള്‍ മുറിക്കാന്‍ അടിയന്തര നടപടിക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും നിര്‍ദേശം. സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് ഇത് പൂര്‍ത്തിയാക്കണം.
ജില്ലാ കലക്ടര്‍ പി ബാലകിരണാണ് നിര്‍ദേശം നല്‍കിയത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിലേത് ബന്ധപ്പെട്ട എന്‍ജിനീയറും തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ വരുന്നവയുടെ കാര്യത്തില്‍ സെക്രട്ടറിമാര്‍ക്കും തീരുമാനമെടുത്ത് ശാഖകള്‍ മുറിച്ചുമാറ്റാം.
സ്‌കൂളുകളില്‍ അപകടകരമായ നിലയിലുള്ള മരങ്ങളുടെ ശാഖകളുടെ കാര്യത്തില്‍ പിടിഎ കമ്മിറ്റിയുടെ തീരുമാന പ്രകാരവും നടപടിയെടുക്കാമെന്ന് കലക്ടര്‍ പറഞ്ഞു.
എന്നാല്‍ മരങ്ങള്‍ മുറിക്കാന്‍ ബന്ധപ്പെട്ട കമ്മിറ്റിയുടെ അനുമതി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമായ മുന്നൊരുക്കമില്ലാത്തതിന്റെ പേരില്‍ ഒരു ജീവന്‍ പോലും നഷ്ടപ്പെടാന്‍ പാടില്ലെന്നും കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it