wayanad local

പരിസ്ഥിതി സംരക്ഷണം വികസനത്തെ തടസ്സപ്പെടുത്തില്ല: മന്ത്രി തോമസ് ഐസക്

കല്‍പ്പറ്റ: പരിസ്ഥിതി സംരക്ഷണം സാമ്പത്തിക വികസനത്തെ തടസ്സപ്പെടുത്തുന്ന ഒന്നായി കാണരുതെന്നു ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്. മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തിലെ കബനി നദീതീരത്തെ കൊളവള്ളിയില്‍ 'ഓര്‍മമരം' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കബനിയുടെ തീരത്ത് വൃക്ഷത്തൈ നട്ടാണ് മന്ത്രി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
'ഓര്‍മമരം' പദ്ധതിയിലൂടെയുള്ള മുന്‍കരുതല്‍ ശ്രദ്ധേയമാണെന്നു മന്ത്രി പറഞ്ഞു. മരം നടണം. എന്നാല്‍, മരം കാടിനു പകരമാവില്ല. കാട് ആവാസവ്യവസ്ഥയാണ്. റേച്ചല്‍ കഴ്‌സന്റെ 'നിശ്ശബ്ദ വസന്തം' എന്ന പുസ്തകം പറഞ്ഞത് യൂറോപ്പിന്റെ വസന്തത്തില്‍ കിളികളുടെ ശബ്ദം അപ്രത്യക്ഷമാവുന്നതിനെക്കുറിച്ചായിരുന്നു. അങ്ങാടിക്കുരുവികളുടെ വംശനാശം ഒരു മുന്നറിയിപ്പാണ്. ഇങ്ങനെ പോയാല്‍ ഭൂമുഖത്ത് മനുഷ്യവാസം അസാധ്യമായിത്തീരും. ശരാശരി ചൂട് കൂടാന്‍ തുടങ്ങി. രണ്ടു ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടിയിരിക്കുകയാണ്. ഇനി രണ്ടു ഡിഗ്രി സെല്‍ഷ്യസ് കൂടി കൂടിയാല്‍ നമുക്ക് ജീവിക്കാന്‍ കഴിയില്ല- മന്ത്രി പറഞ്ഞു.
ജില്ലയിലെ വരള്‍ച്ചയ്ക്ക് പരിഹാരമായി മഴവെള്ളം സംഭരിക്കാനുള്ള ശ്രമമാണ് വേണ്ടതെന്നു മന്ത്രി പറഞ്ഞു. കബനി നദിയില്‍ തടയണകള്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യണം. മഴവെള്ളം ഒഴുകി നഷ്ടപ്പെടാതെ ഭൂമിയിലേക്ക് ഇറങ്ങണം.
മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ സമഗ്രമായ നീര്‍ത്തടപരിപാലന പദ്ധതി ഉണ്ടാക്കി വിദഗ്ധ സമിതി അനുമതി നല്‍കിയാല്‍ സര്‍ക്കാര്‍ പണം അനുവദിക്കുമെന്നും ധനകാര്യമന്ത്രി അറിയിച്ചു. കബനി നദിയില്‍ ചെറിയ തടയണകള്‍ നിര്‍മിച്ചും ലിഫ്റ്റ് ഇറിഗേഷന്‍ സ്ഥാപിച്ചും കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കര്‍ണാടകയുമായി സംസാരിച്ച് ഇരു സംസ്ഥാനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തടയണകള്‍ നിര്‍മിച്ചാല്‍ ആശ്വാസമാവുമെന്നും അദ്ദേഹം പറഞ്ഞു.
സി കെ ശശീന്ദ്രന്‍ എംഎല്‍എ പരിസ്ഥിതി ദിന സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, സബ് കലക്ടര്‍ ശീറാം സാംബശിവറാവു, മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴിയില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വര്‍ഗീസ് മുരിയന്‍കാവില്‍, എ എന്‍ പ്രഭാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി ബെന്നി, ഷിനു കച്ചിറയില്‍, പി ഡി സജി, ഗ്രാമപ്പഞ്ചായത്ത് അംഗം ജീന ഷാജി സംസാരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച സ്വീപ്പിന്റെ ഭാഗമായി ജില്ലാ ഭരണകൂടം വിഭാവനം ചെയ്ത 'ഓര്‍മമരം' പദ്ധതിയുടെ തുടര്‍ച്ചയായാണ് ജില്ലയിലുടനീളം വൃക്ഷത്തൈ നടല്‍ സംഘടിപ്പിച്ചത്. ജില്ലാ ഭരണകൂടം, വനം-വന്യജീവി വകുപ്പിന്റെ സാമൂഹിക വനവല്‍ക്കരണ വിഭാഗം, അമ്പലയവല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത്, കബനി നദീതട സംരക്ഷണ സമിതി, എംഎസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.
Next Story

RELATED STORIES

Share it