പരിസ്ഥിതി ലോല മേഖല; കേരളത്തിന്റെ ആവശ്യത്തില്‍ വിശദീകരണം തേടി കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ ജനവാസ പ്രദേശങ്ങളില്‍ പരിസ്ഥിതി ലോല മേഖല (ഇഎസ്എ) നിര്‍ണയിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമാണെന്നു കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ഇന്നലെ സ്‌പെഷ്യല്‍ സെക്രട്ടറി എച്ച് കെ പാണ്ഡെ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥര്‍ സംസ്ഥാന പരിസ്ഥിതി വകുപ്പ് സെക്രട്ടറി എം മാരപാണ്ഡ്യന്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ പ്രഫ. ഉമ്മന്‍ വി ഉമ്മന്‍, ഡോ. ലാല ദാസ് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിലപാട് വ്യക്തമാക്കിയത്.
ഗ്രാമങ്ങള്‍ക്കുള്ളില്‍ വെവ്വേറെ പരിസ്ഥിതിലോല കേന്ദ്രങ്ങള്‍ അംഗീകരിക്കില്ല എന്നാണ് കേന്ദ്ര നിലപാട്. പരിസ്ഥിതി സംരക്ഷണ പ്രകാരം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ജനവാസ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് സംസ്ഥാന പരിസ്ഥിതി വകുപ്പ് അധികൃതരുമായി നടത്തിയ കൂടിയാലോചനയില്‍ കേന്ദ്രം വ്യക്തമാക്കി.
കസ്തൂരി രംഗന്‍ റിപോര്‍ട്ടിന്‍മേല്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കുന്നതിനു മുന്നോടിയായാണ് സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചനകള്‍ തുടങ്ങിയിരിക്കുന്നത്. കസ്തൂരി രംഗന്‍ റിപോര്‍ട്ട് തത്ത്വത്തില്‍ അംഗീകരിച്ച് പരിസ്ഥിതി ലോല മേഖലയായി കണ്ടെത്തിയ കേരളത്തിലെ 123 ഗ്രാമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ജനവാസ കേന്ദ്രങ്ങള്‍, കൃഷി ഭൂമി, തോട്ടങ്ങള്‍ എന്നിവയെ ഒഴിവാക്കി കേരളം സമര്‍പ്പിച്ച റിപോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ പുറത്തിറക്കിയ പുതുക്കിയ കരട് വിജ്ഞാപനത്തില്‍ കേരളം നിയോഗിച്ച വിദഗ്ധസമിതി നിര്‍ദേശിച്ച 9993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മാത്രമാണ് ഇഎസ്എയിലുള്ളതെന്നും 9107 ച.കി.മീ വനപ്രദേശവും 886.7 ച.കി.മീ വനേതര പ്രദേശവുമായ നിര്‍ദ്ദിഷ്ട ഇഎസ്എ പ്രദേശത്തിന്റെ ഭൂപടം സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേരളം ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന പ്രദേശങ്ങളില്‍ ഇഎസ്എയുടെ അതിര്‍ത്തി നിര്‍ണയിക്കുന്നതിലും പരിസ്ഥിതി ലോലമായി വേര്‍തിരിക്കുന്നതിലും അന്തിമ തീരുമാനമെടുക്കുന്ന കാര്യത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം തുടരുന്നത്.
സര്‍വേ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഇഎസ്എ ഏര്‍പ്പെടുത്താമെന്ന നിര്‍ദേശം മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തു റീസര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്നും അതിനാല്‍ സര്‍വെ നമ്പരിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ പ്രായോഗികമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അധിവാസ മേഖലയിലെ ഇഎസ്എ നിര്‍ണയത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്നു കേന്ദ്രം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാവും തുടര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുക.
Next Story

RELATED STORIES

Share it