പരിസ്ഥിതി ലോല മേഖലയിലെ അനധികൃത നിര്‍മാണം; പരിസ്ഥിതി മന്ത്രാലയത്തിന് സിഐസിയുടെ ശാസന

ന്യൂഡല്‍ഹി: കര്‍ണാടകയിലെ പരിസ്ഥിതി ലോല മേഖലയായ അമൃത്മഹല്‍ കവല്‍ പുല്‍മേട്ടിലെ അനധികൃത നിര്‍മാണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തടഞ്ഞുവച്ചതിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സിഐസി) ശാസിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞാണ് മന്ത്രാലയം വിവരങ്ങള്‍ തടഞ്ഞുവച്ചത്. ചിത്രദുര്‍ഗ ജില്ലയിലുള്ള പ്രദേശം വംശനാശ ഭീഷണി നേരിടുന്ന ഇന്ത്യന്‍ ബസ്റ്റാഡ് പക്ഷിയുടെ ആവാസകേന്ദ്രമാണ്. ഐഎസ്ആര്‍ഒ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എന്നിവയ്ക്കു കെട്ടിടം പണിയാന്‍ പ്രദേശം വിട്ടുനല്‍കിയിരുന്നു.

നേരത്തേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരേ വിവിധ സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഭൂമി മറ്റാവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നത് ഇന്ത്യന്‍ ബസ്റ്റാഡ് പക്ഷിയുടെ നിലനില്‍പ്പിനെയും പരിസ്ഥിതി സന്തുലിതാവസ്ഥയെയും ബാധിക്കുമെന്ന് പദ്ധതികളെ എതിര്‍ക്കുന്ന സംഘടനകള്‍ അറിയിച്ചു. 9,273 ഏക്കര്‍ വനഭൂമിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിയെടുക്കുന്നത്. ഇതുസംബന്ധിച്ച് ഹരിത കോടതിയില്‍ സംഘടനകള്‍ പരാതി നല്‍കിയിരുന്നു. 10,000 ഏക്കര്‍ ഭൂമി കരസേനയ്ക്കു ബേസ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ നല്‍കുന്നതിനു ശ്രമം നടക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു.
അമൃത്മഹല്‍ കവല്‍സ് മേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 1980ലെ വനസംരക്ഷണ നിയമത്തിലെ രണ്ടാംവകുപ്പിന്റെ ലംഘനമാണെന്ന് ഹരിത കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മതിയായ അനുമതി വാങ്ങാതെയാണ് കര്‍ണാടക സര്‍ക്കാര്‍ വനഭൂമിയില്‍ മാറ്റം വരുത്തുന്നതെന്ന് വ്യക്തമായതായി ദേശീയ ഹരിത കോടതി പറഞ്ഞിരുന്നു. പ്രദേശത്തെ ജനജീവിതത്തെയും ആവാസവ്യവസ്ഥയെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ബാധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അമൃത്മഹല്‍ കവല്‍ വനത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ടോ എന്നാരാഞ്ഞ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്കു മറുപടി നല്‍കാന്‍ പരിസ്ഥിതി മന്ത്രാലയം തയ്യാറായില്ല. മേഖലയില്‍ നടത്തുന്ന പദ്ധതികള്‍ സംബന്ധിച്ചും ഹരിത കോടതി ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോ എന്നതു സംബന്ധിച്ചും വിവരങ്ങള്‍ നല്‍കാന്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. അപേക്ഷയില്‍ തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്ന് പരാതിക്കാരനായ ഡേവിസ് തോമസ് കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it