പരിസ്ഥിതി നാശം: ആര്‍ട്ട് ഓഫ് ലിവിങ് 5 കോടി പിഴയടച്ചു

ന്യൂഡല്‍ഹി: സാംസ്‌കാരികോല്‍സവത്തിനായി യമുനാതീരം നശിപ്പിച്ചെന്ന കേസില്‍ ആര്‍ട്ട് ഓഫ് ലിവിങ് അഞ്ചു കോടി പിഴയടച്ചു. പിഴയുടെ ബാക്കി തുകയായ 4.75 കോടി രൂപ ഡിമാന്റ് ഡ്രാഫ്റ്റായാണ് ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ അക്കൗണ്ടില്‍ അടച്ചത്.
25 ലക്ഷം രൂപ നേരത്തെ അടച്ചിരുന്നു. പിഴ തുകയുടെ ബാക്കി ഉടന്‍ അടയ്ക്കാന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ഓഫ് ലിവിങിന് ദേശീയ ഹരിത കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
പിഴയടയ്ക്കാതിരിക്കാന്‍ നിരവധി ശ്രമങ്ങള്‍ ആര്‍ട്ട് ഓഫ് ലിവിങ് നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. മാര്‍ച്ച് 11, 12, 13 തിയ്യതികളില്‍ പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന രീതിയില്‍ യമുനാ തീരത്ത് സാംസ്‌കാരികോല്‍സവം സംഘടിപ്പിച്ചതിന് ദേശീയ ഹരിതകോടതിയാണ് ആര്‍ട് ഓഫ് ലിവിങിന് അഞ്ചു കോടി പിഴ വിധിച്ചത്. യമുനാ തീരത്ത് നിയമവിരുദ്ധമായി നടന്ന പരിപാടി പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കിയെന്നും കണ്ടെത്തിയിരുന്നു. അഞ്ചു കോടി പിഴയടയ്ക്കാമെന്ന വ്യവസ്ഥയിലാണ് മൂന്നു ദിവസത്തെ സാംസ്‌കാരികോല്‍സവം നടത്താന്‍ ദേശീയ ഹരിത കോടതി അനുമതി നല്‍കിയത്.
25 ലക്ഷം അടച്ച ശേഷം ബാക്കി തുക അടയ്ക്കാന്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഒരു രൂപപോലും അടയ്ക്കില്ലെന്ന് തുടക്കത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ പ്രസ്താവന നടത്തിയെങ്കിലും 25 ലക്ഷം കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടി വന്നു. ബാക്കി തുകയ്ക്ക് ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹരജി നല്‍കിയെങ്കിലും അത് ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ബെഞ്ച് തള്ളി.
തുടര്‍ന്നാണ് പണം അടയ്ക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. പരിപാടി നടന്ന യമുനാ തീരം ശുദ്ധിയാക്കാന്‍ വരുന്ന തുകയെന്ന നിലയിലാണ് അഞ്ചു കോടി പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it