kannur local

പരിശോധന ഊര്‍ജിതം; കണ്ണൂരില്‍ പിടികൂടിയത് 30 ലക്ഷം

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഇതുവരെ പിടികൂടിയത് 30 ലക്ഷം രൂപ. മതിയായ രേഖകളില്ലാത്ത പണമാണ് പിടികൂടിയത്. ഇന്നലെ നടന്ന പരിശോധനയില്‍ പയ്യന്നൂര്‍ മണ്ഡലത്തിലെ പെരുമ്പയില്‍ നിന്ന് രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ടുലക്ഷം പിടികൂടി. സംഭവത്തില്‍ തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്ലയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പണം പിടിച്ചെടുത്തത്.
പരിശോധന ശക്തമാക്കുന്നതിന് ഓരോ മണ്ഡലത്തിലും രണ്ടുവീതം ഫ്‌ളൈയിങ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ ധര്‍മടം നിയോജക മണ്ഡലത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടികൂടിയത്. സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം ധര്‍മടത്തെ പെരളശ്ശേരിയില്‍ കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 9 ലക്ഷം രൂപ പിടികൂടിയിരുന്നു. ഇരിക്കൂര്‍ മണ്ഡലത്തിലെ മടമ്പത്തു നിന്ന് ഫ്‌ളൈയിങ് സ്‌ക്വാഡ് ഒരു ലക്ഷം രൂപയും പിടികൂടിയിരുന്നു. 50,000 രൂപയില്‍ കൂടുതല്‍ പണം വാഹനങ്ങളിലും മറ്റും കൊണ്ടുപോകുന്നവര്‍ അതിന്റെ രേഖകള്‍ കൈവശം വയ്ക്കണമെന്നും
പരിശോധനാ സംഘത്തിന് കാണിച്ചുകൊടുക്കണമെന്നും ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു. രേഖകളില്ലാതെ കൂടുതല്‍ പണം കൈവശം വയ്ക്കുന്നത് കണ്ടെത്തിയാല്‍ തുക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടുകയും പണം കൈവശം വച്ചവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന പണം തിരികെ ലഭിക്കുന്നതിന് വ്യക്തമായ രേഖകള്‍ സഹിതം ഏഴു ദിവസത്തിനകം ഹാജരാവണം. ഇത്തരം കേസുകള്‍ പരിശോധിക്കാനായി അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ചെയര്‍മാനും ഫിനാന്‍സ് ഓഫിസര്‍ കണ്‍വീനറുമായ അപ്പീല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അപ്പീല്‍ കമ്മിറ്റി കണ്‍വീനറെ 8547616038 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Next Story

RELATED STORIES

Share it