പരിശീലന ക്ലാസുകള്‍ക്ക് നാളെ മുംബൈയില്‍ തുടക്കം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവരെ സഹായിക്കുന്ന ഹജ്ജ് ട്രെയിനര്‍മാരുടെ പരിശീലന ക്ലാസുകള്‍ 5, 6, 7 തിയ്യതികളില്‍ മുംബൈയില്‍ നടക്കും. കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 47 ട്രെയിനര്‍മാരും ഹജ്ജ് അസി. സെക്രട്ടറി ഇ സി മുഹമ്മദ്, കോ-ഓഡിനേറ്റര്‍ പി മുജീബ് എന്നിവരടക്കം 49 പേര്‍ പങ്കെടുക്കും. ഇവര്‍ ക്ലാസുകളില്‍ സംബന്ധിക്കാനായി ഇന്നലെ മുംബൈയിലേക്ക് പോയി.
200 തീര്‍ത്ഥാടകര്‍ക്ക് ഒരു ട്രെയിനര്‍ എന്ന തോതിലാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓരോ സംസ്ഥാനങ്ങളോടും ട്രെയിനര്‍മാരെ നിയമിക്കാന്‍ ആവശ്യപ്പെട്ടത്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും മുംബൈ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ചേരുന്ന ക്ലാസുകളില്‍ പങ്കെടുക്കും. കേരളത്തില്‍ കൂടുതല്‍ ട്രെയിനര്‍മാര്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. ഹജ്ജിന് പണം അടക്കല്‍, ഹജ്ജ്ക്ലാസ്, കുത്തിവയ്പ്, യാത്രാതിയ്യതി തുടങ്ങിയ കാര്യങ്ങള്‍ ഹാജിമാരെ അറിയിക്കുന്നതിനും പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനുമാണ് ഹജ്ജ്കമ്മിറ്റി ഹജ്ജ് ട്രെയിനര്‍മാരെ നിയമിച്ചിട്ടുള്ളത്.
മുംബൈയിലെ പരിശീലന ക്ലാസുകള്‍ക്ക് ശേഷം ട്രെയിനര്‍മാര്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പരിശീലന ക്ലാസുകള്‍ നല്‍കും. അടുത്തയാഴ്ച ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. സംസ്ഥാന ഹജ്ജ് കമ്മറ്റി 260 ട്രെയിനര്‍മാരെയാണ് ഇത്തവണ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിയമിച്ചിട്ടുള്ളത്. ഇതില്‍ 21 വനിതകളും ഉള്‍പ്പെടും. രണ്ടു മാസ്റ്റര്‍ ട്രെയിനര്‍മാര്‍, 14 ജില്ലാ ട്രെയിനര്‍മാര്‍ എന്നിവര്‍ക്ക് കീഴിലാണ് പ്രാദേശിക ട്രെയിനര്‍മാരുടെ സേവനം. ഇവരില്‍ തിരഞ്ഞെടുത്തവരാണ് ഇന്നലെ മുബൈയിലേക്ക് തിരിച്ചത്.
Next Story

RELATED STORIES

Share it