kannur local

പരിശീലനത്തിനിടെ പരിക്കേറ്റ കായികതാരം ദുരിതത്തില്‍

ഉരുവച്ചാല്‍: പരിശീലനത്തിനിടെ വീണു പരിക്കേറ്റ കായിക താരം ദുരിതമനുഭവിക്കുന്നു. ചാവശ്ശേരി മണ്ണോറ കുളത്തുപ്പുറത്തെ സ്‌നേഹ നിവാസില്‍ ചന്ദ്രന്‍-സുശീല ദമ്പതികളുടെ മകള്‍ കെ സ്‌നേഹ(20)യാണ് ഇരു കാലുകള്‍ക്കും പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നത്. തൃശൂര്‍ കാര്‍മില്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ സ്‌നേഹ ഈ മാസം ആദ്യവാരത്തിലാണ് കായിക പരിശീലനത്തിനിടെ വീണ് പരിക്കേള്‍ക്കുന്നത്. രാവിലെ സഹപാഠികള്‍ക്കൊപ്പം പരിശീലനത്തില്‍ ഏ ര്‍പ്പെട്ടപ്പോഴാണ് ഗ്രൗണ്ടില്‍ വച്ച് വീഴുകയായിരുന്നു. ഇരുകാലുകള്‍ക്കും പരിക്കേറ്റതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശൂഷ നല്‍കുകയും പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ തുടര്‍ ചികില്‍സ നല്‍കുകയും ചെയ്തു.
സ്‌നേഹയുടെ ഇരു കാലുകള്‍ക്കും പ്ലാസ്റ്ററിട്ടതിനാല്‍ ഇരിക്കാനും നടക്കാനും കഴിയാത്ത അവസ്ഥയാണ്. ജനുവരിയില്‍് മലപ്പുറത്ത് നടക്കുന്ന ഇന്റര്‍ കോളജ് ബോള്‍ ബാഡ്മിന്റന്‍ മല്‍സരത്തില്‍ പങ്കെടുക്കേണ്ട പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. പ്ലസ്ടു വരെ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലാണു പഠനം. ഇവിടെ നിന്ന് ഷോട്ട്പൂട്ട്, വെയ്റ്റ് ലിഫ്റ്റിങ്, ഫുട്‌ബോള്‍ എന്നിവയില്‍ ജില്ലാ-സംസ്ഥാന തലങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചിരുന്നു. മികച്ച കായിക താരമായതോടെയാണ് തൃശൂര്‍ കാര്‍മില്‍ കോളജില്‍ പ്രവേശനം ലഭിച്ചത്. മലപ്പുറത്ത് നടക്കുന്ന കായിക മല്‍സരത്തില്‍ പങ്കെടുക്കാനാവുമോയെന്ന ആശങ്കയിലാണ് താരം.
കൂലിപ്പണിയെടുത്താണ് സ്‌നേഹയുടെ പിതാവ് കുടുംബം പുലര്‍ത്തുന്നത്. സ്വന്തം വീട്ടില്‍ സ്ഥല പരിമിതിയും മറ്റും കാരണം വെളിയമ്പ്ര കാഞ്ഞിരം കരിയിലെ അമ്മാവന്റെ വീട്ടിലാണ് സ്‌നേഹ ചികില്‍സയില്‍ കഴിയുന്നത്. കായിക താരം ചികില്‍സയില്‍ കഴിയുമ്പോഴും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണമുണ്ട്. കാലിന്റെ പരിക്ക് സുഖമാവുന്നതിന് മൂന്ന് മാസത്തോളം കാലിന് പ്ലാസ്റ്ററിടണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. തുടര്‍ ചികില്‍സയ്ക്ക് സാമ്പത്തികബാധ്യത തടസ്സമാവുന്നുണ്ട്. ദുരിതമറിഞ്ഞ് ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി പി അശോകന്‍, കൗണ്‍സിലര്‍ പി പി മുജീബ്, എം വി ഗോവിന്ദന്‍, എം സോമനാഥന്‍ എന്നിവര്‍ സ്‌നേഹയെ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it