Flash News

പരിവര്‍ത്തനത്തിന്റെ പിറവി

പരിവര്‍ത്തനത്തിന്റെ പിറവി
X













ഒരു വിദ്യാര്‍ത്ഥി സംഘടന എന്ന ആശയത്തെ പ്രതിയുള്ള ആലോചനകളുടെയും ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ഫലമെന്നോണമാണ് 1971 ല്‍ ഐഡിയല്‍ സ്റ്റുഡന്‍സ് ലീഗ് സ്ഥാപിതമാവുന്നത്. ഐഎസ്എല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥി ഘടകമായോ, പോഷക സംഘടനയായോ രൂപീകരിച്ചതല്ല. അതിന്റെ ബുദ്ധിയും രൂപീകരണത്തിനായുള്ള ശ്രമങ്ങളും വിദ്യാര്‍ത്ഥികളുടേതു തന്നെയായിരുന്നു.






കെ.പി കമാലുദ്ധീന്‍



5

1962 ല്‍ മലബാര്‍ കൃസ്ത്യന്‍ കോളജില്‍ പിയൂസിക്ക് ചേര്‍ന്നതോടെയാണ് എന്റെ കലാലയ ജീവിതം ആരംഭിക്കുന്നത്. അവിടെനിന്നും പിയൂസി പാസ്സായതിന്  ശേഷം ഏതെങ്കിലും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ചേര്‍ന്ന് പഠിക്കുന്നതിന് പകരം ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളജില്‍ ആറുവര്‍ഷം നീണ്ടുനില്‍ക്കുന്ന, അറബി ഭാഷയിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലുമുള്ള പഠനത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ഒരു കോഴ്‌സിന് ചേര്‍ന്നു. അവിടെനിന്നും എഫ്ഡി ബിഎസ്‌സി എന്ന ബിരുദമെടുത്തു പുറത്തുപോന്നു. അപ്പോള്‍ ഒരു യൂണിവേഴ്‌സി ബിരുദം കരസ്ഥമാക്കണമെന്ന ആഗ്രഹമുണ്ടായി. അക്കാലത്ത് ഒരു അംഗീകൃത കലാലയത്തില്‍ ചേര്‍ന്ന് പഠിച്ചാലേ ബിരുദമെടുക്കാന്‍ കഴിയൂ. അങ്ങിനെയാണ് കേരളത്തിലെ പ്രശസ്ത കലാലയങ്ങളിലൊന്നായ ഫാറൂഖ് കോളജില്‍ എത്തുന്നത്. ആറുകൊല്ലം മുമ്പ് പാസ്സായ പിയുസിയുടെ ബലത്തില്‍, മറ്റുവിദ്യാര്‍ത്ഥികളെക്കാള്‍ ആറുവയസ്സ് പ്രായക്കൂടുതലുള്ള എനിക്ക് കോളജില്‍ പ്രവേശനം ലഭിക്കുന്നതില്‍ സാങ്കേതികമായി പ്രയാസമുണ്ടായിരുന്നു.

എന്നാല്‍ പ്രൊഫ. വി മുഹമ്മദ് സാഹിബിന്റെ സഹായത്തോടെ ആ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞു. അറബിക്കില്‍ എംഎ ബിരുദം നേടിയാണ് ഞാന്‍ ഫാറൂഖ് കോളജിന്റെ പടികളിറങ്ങിയത്.വിപി മുഹമ്മദലി സാഹിബിന്റെ കാലത്തുതന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു എന്റെ പിതാവ്. ആ ഒരു പശ്ചാത്തലം അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ എനിക്കും പ്രേരണയായി. ചേന്ദമംഗല്ലൂര്‍ കോളജില്‍നിന്നും പുറത്തു വരുമ്പോള്‍ ഞാന്‍ ജമാഅത്തിന്റെ പ്രവര്‍ത്തകനും പ്രചാരകനും പ്രഭാഷകനുമായിത്തീര്‍ന്നിരുന്നു. ഫാറൂഖ് കോളജ് കാമ്പസില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അനുഭാവി വൃത്തം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

കോളജില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട പഠനസംഗമങ്ങളില്‍ ഞാന്‍ സ്ഥിരം പ്രസംഗകനായിരുന്നു. ജമാഅത്ത് അനുഭാവികളായി ഞങ്ങള്‍ നിരവധി വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.പ്രഫ. വി മുഹമ്മദ് സാഹിബ്, പ്രഫ. മൊയിതീന്‍ ഷാ, പ്രഫ. മൊയിതീന്‍ കുട്ടി സാഹിബ്, എംഎ ശുക്കൂര്‍ സാഹിബ്, ടിപി കുട്ടിയമ്മു സാഹിബ്, കരുവള്ളി മുഹമ്മദ് മൗലവി തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളെയും അഭ്യസ്തവിദ്യരായ യുവാക്കളെയും സ്വാധീനിച്ച വ്യക്തികളില്‍ പ്രമുഖരായിരുന്നു. ഇസ്‌ലാമിക പ്രവര്‍ത്തനരംഗത്ത് സജീവമാവാന്‍ അവരുടെ നിലപാടുകള്‍ ഞങ്ങള്‍ക്ക് വളരെ വലിയ പ്രേരണയായി.
പല കാരണങ്ങളാലും യുവതലമുറയോട് സംവദിക്കാന്‍ മുസ്‌ലിം നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. വിദ്യാര്‍ത്ഥികളും യുവാക്കളുമാവട്ടെ അവരില്‍നിന്നും ഒരകലം പാലിച്ചു നിലകൊണ്ടു. യുവാക്കള്‍ക്ക് അടുപ്പമുണ്ടായിരുന്നത് ഏതോ ചില കാരണങ്ങളാല്‍ മുസ്‌ലിം സമുദായത്തില്‍നിന്ന് അകന്ന് ചില തുരുത്തുകളില്‍ ജീവിച്ച എഴുത്തുകാരോടും മതത്തോട് നീരസം പ്രകടിപ്പിച്ചിരുന്നവരോടുമായിരുന്നു. അധാര്‍മ്മികതയിലേക്കും അരാജകത്വത്തിലേക്കും വഴുതിവീണുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ഉല്‍ബുദ്ധരാക്കാന്‍ ഒരു വേദി വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നു. ഒരു വിദ്യാര്‍ത്ഥി സംഘടന എന്ന ആശയത്തെ പ്രതിയുള്ള ആലോചനകളുടെയും ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ഫലമെന്നോണമാണ് 1971 ല്‍ ഐഡിയല്‍ സ്റ്റുഡന്‍സ് ലീഗ് (ഐഎസ്എല്‍) സ്ഥാപിതമാവുന്നത്. ഐഎസ്എല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥി ഘടകമായോ, പോഷക സംഘടനയായോ രൂപീകരിച്ചതല്ല.



ttt





അതിന്റെ ബുദ്ധിയും രൂപീകരണത്തിനായുള്ള ശ്രമങ്ങളും വിദ്യാര്‍ത്ഥികളുടേതു തന്നെയായിരുന്നു. പിന്നീട് ജമാഅത്തെ ഇസ്‌ലാമി അതിന്റെ ഭാഗമായി കണ്ടു എന്നത് ശരിയാണ്.
ഐഎസ്എല്ലിന്റെ എല്ലാ ശ്രമങ്ങള്‍ക്കും ജമാഅത്തിന്റെ പിന്തുണയുംസഹകരണവുമുണ്ടായിരുന്നു. എന്‍ കെ അഹമദ്, എ എം അബ്ദുറഹിമാന്‍, എന്‍എം അബ്ദുല്ല, കെ ടി പി  കുഞ്ഞുമുഹമ്മദ്, പി കോയ, എ ഐ റഹ്മത്തുല്ല, വി കുഞ്ഞബ്ദുല്ല, ടി എ റഷീദ്, കെ അഹമദ് കുട്ടി, ചേളന്നൂര്‍ എ അബ്ദുല്ല, കെസിസി അബ്ദുല്ല, വിപിഎ വാണിമേല്‍, എം മുഹമ്മദ് , സികെ അബ്ദുറഹിമാന്‍, കെ മൊയ്തീന്‍ കോയ, പി ബഷീര്‍, വി പി മൂസ തുടങ്ങിയവര്‍ ആരംഭകാലത്ത്തന്നെ ഐഎസ്എല്ലുമായി ബന്ധപ്പെട്ടവരും ഭാരവാഹിത്വം വഹിച്ചവരുമാണ്.

വളരെ പ്രമുഖരായ മറ്റു പലരുമുണ്ട്. ഐഎസ്എല്‍ 44 വര്‍ഷം മുമ്പ് സ്ഥാപിതമായ ഒരു സംഘടനയായതിനാല്‍ അതുമായി ബന്ധപ്പെട്ട പലരെയും ഓര്‍മ്മയില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ല. അവരില്‍ പലരും ഇന്നും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു.ഐഎസ്എല്‍ അന്ന് വിദ്യാര്‍ത്ഥി സമൂഹത്തെ അഭിമുഖീകരിച്ചുകൊണ്ട് പറഞ്ഞു: ''ചോദ്യം ചെയ്യുക എന്ന സ്വഭാവത്തില്‍നിന്ന് പരിവര്‍ത്തനങ്ങള്‍ പിറവിയെടുക്കുന്നു. യാഥാസ്ഥിതിക സങ്കല്പങ്ങള്‍ തിരസ്‌ക്കരിക്കാനുള്ള സന്നദ്ധത, പഴയ വഴക്കങ്ങള്‍ക്കെതിരെ കൈയുയര്‍ത്താനുള്ള തന്റേടം, പുതിയ മൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണം എന്നിവയാണ് പരിവര്‍ത്തനത്തിന്റെ ആദ്യ ചുവടുകള്‍.'' ഞങ്ങളുടെ തലമുറ ഒരു പുതുയുഗപ്പിറവിയെ സ്വപ്‌നം കണ്ടു. ഒരു മാറ്റം വേണമെന്നാഗ്രഹിക്കുന്നവരുടെ ചേതനയെയാണ് എന്നും വിദ്യാര്‍ത്ഥി സമൂഹം പ്രതിനിധാനം ചെയ്യുന്നത്.
ഞങ്ങളുടെ തലമുറയില്‍തന്നെ പരിവര്‍ത്തനം കൊതിക്കുന്നു എന്നു വാദിച്ചിരുന്ന വേറെയും ചിലരുണ്ടായിരുന്നു. പക്ഷേ അവര്‍ നയിക്കപ്പെടാനാണ് ആഗ്രഹിച്ചത്. കടം കൊള്ളാനാണ് ഇഷ്ടപ്പെട്ടത്. തങ്ങളുടെ ഭാഗധേയം സ്വന്തം കരതലങ്ങളില്‍ ആവാഹിക്കാന്‍ അവര്‍ സന്നദ്ധമായില്ല. രാഷ്ട്രീയ രംഗത്തെ അനാശാസ്യതകള്‍ക്കൊപ്പം നീങ്ങുവാനാണ് അവര്‍ വിധിക്കപ്പെട്ടത്. യഥാസ്ഥിതി നിലനിര്‍ത്തുന്നതില്‍ അവര്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്കൊപ്പം നിലകൊണ്ടു.
ideal students leagueകാമ്പസുകളുടെ കാലുഷ്യം ഞങ്ങളെ വല്ലാതെ ദുഃഖിപ്പിച്ചു. ഈ അസ്വസ്തത പങ്കുവെച്ചവരാണ് ഐഎസ്എല്ലിന് രൂപം കൊടുത്തത്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവശതകള്‍ പരിഹരിക്കുക, അവരില്‍ മൂല്യബോധം അങ്കുരിപ്പിക്കുക, നൈതികതയുടെ വക്താക്കളാക്കുക, ധാര്‍മികവും സാംസ്‌കാരികവുമായ പുതിയ അടിത്തറകളില്‍ വിദ്യാര്‍ത്ഥി ജീവിതത്തെയും കലാലയ പരിസരത്തെയും പുനഃസൃഷ്ടിക്കുക എന്നിവയായിരുന്നു ഐഎസ്എല്ലിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും രക്ഷാകര്‍തൃത്വമില്ലാത്ത സ്വതന്ത്ര വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്നതായിരുന്നു അതിന്റെ മുഖമുദ്ര. ഐഎസ്എല്‍ പഠിപ്പ് മുടക്കിയുള്ള സമരങ്ങള്‍ ചെയ്തിട്ടില്ലെന്നാണോര്‍മ്മ. രാഷ്ട്രീയ ചൂഷണത്തിനെതിരെയും സാമൂഹ്യജീര്‍ണ്ണതയ്‌ക്കെതിരെയുമുള്ള ബോധവല്‍ക്കരണമാണ് പ്രധാനമായും നടന്നത്. കാമ്പസുകളില്‍ നിരവധി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി.
അന്ന് പലപ്പോഴും വിദ്യാര്‍ത്ഥി സമരങ്ങളുടെ നിയന്ത്രണം വിദ്യാര്‍ത്ഥികള്‍ക്കല്ലായിരുന്നു. ബാഹ്യശക്തികള്‍ കലാലയങ്ങളില്‍ ഇടപ്പെട്ടിരുന്നു. യുദ്ധങ്ങള്‍ സമ്മാനിച്ച അനിശ്ചിതത്വവും അസ്വസ്ഥതയും യൂറോപ്പിലെയും അമേരിക്കയിലെയും യുവാക്കളെ കടുത്ത നിരാശയിലേക്കും മോഹഭംഗത്തിലേക്കും തള്ളിവിട്ടിരുന്നു. ഹിപ്പിസം എന്ന പേരില്‍ ഒരാശയലോകംതന്നെ അവിടെ രൂപപ്പെട്ടു. എഴുപതുകളില്‍ കേരളത്തിലെ കലാലയങ്ങളില്‍ അതിന്റെ സ്വാധീനം വ്യാപകമായിക്കൊണ്ടിരുന്നു.



ഹിപ്പിസത്തിന്റെ ആശയങ്ങള്‍ക്കും ചിന്താഗതികള്‍ക്കും മാത്രമല്ല അവ രൂപപ്പെടുത്തിയ ഒരു ജവിതശൈലിക്കും കലാലയങ്ങളില്‍ അനുകര്‍ത്താക്കളുണ്ടായി. കഞ്ചാവിനും എല്‍എസ്ഡിക്കും വിദ്യാര്‍ത്ഥികള്‍ അടിമപ്പെട്ടു. ആധുനികര്‍ എന്നു വിശേഷിപ്പിക്കപ്പെട്ട കഥാകാരന്മാരുടെയും നോവലിസ്റ്റുകളുടെയും കഥാപാത്രങ്ങളെ വിദ്യാര്‍ത്ഥികള്‍ അനുകരിച്ചു. നിരവധി പേരുടെ പഠനവും ഭാവിയും നശിച്ചു. ചിലരുടെ ജീവിതംതന്നെ ഹോമിക്കപ്പെട്ടു. സാമൂഹ്യ ദൂഷ്യങ്ങള്‍ക്കെതിരെ സാംസ്‌കാരികമായ ചെറുത്തു നില്‍പ്പുകള്‍ ഐഎസ്എല്‍ന്റെ മുന്‍കയ്യിലുണ്ടായി. ഫീസ്, സൗജന്യയാത്ര തുടങ്ങിയ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതോടൊപ്പം ഇന്നത്തെ വിദ്യാര്‍ത്ഥി ഇന്നത്തെ പൗരന്‍ എന്ന അര്‍ത്ഥത്തിലുള്ള ധാരാളം ഇടപെടലുകള്‍ ഐഎസ്എല്‍ നടത്തി.
ഫാറൂഖ് കോളജിന്റെ സില്‍വര്‍ ജൂബിലി വര്‍ഷം ഞാന്‍ കോളജ് ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ടു. ഐഎസ്എല്ലും കെഎസ്‌യുവും തമ്മിലായിരുന്നു മത്സരം. എംഎസ്എഫ് ഐഎസ്എല്ലിനെ പിന്തുണച്ചു. ഇപ്പോഴത്തെ വയനാട് എംപിയായ എംഐ ഷാനവാസായിരുന്നു കെഎസ്‌യുവിന്റെ സ്ഥാനാര്‍ത്ഥി.ഐഎസ്എല്‍ കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ ഒരു മഹാസമ്മേളനം നടത്തി. സമ്മേളനത്തില്‍ ഐഐഎഫ്എസ്ഒവിന്റെ നേതാവ് അഹ്മദ് തൂത്തന്‍ജിയായിരുന്നു മുഖ്യാതിഥി. തൂത്തന്‍ജിയുടെ സാന്നിധ്യം സമ്മേളനത്തിന് മാറ്റുകൂട്ടി. സമ്മേളനത്തോടെ ഐഎസ്എല്ലിനുള്ള പിന്തുണ വര്‍ദ്ധിച്ചു.
ഐഎസ്എല്‍ വിപുലമായ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ആയിടക്കാണ് അപ്രതീക്ഷിതമായി ഇന്ദിരാഗാന്ധി 1975 ജൂണ്‍ 25 ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി അധികാര ദുര്‍വിനിയോഗം നടത്തിയതിനെതുടര്‍ന്ന് 1975 ല്‍ ജൂണ്‍ 12 ന് അലഹബാദ് ഹൈക്കോടതി അവര്‍ക്ക് അയോഗ്യത കല്‍പിച്ചുകൊണ്ട് വിധിപ്രസ്താവന നടത്തിയിരുന്നു. ഈ കോടതിവിധിയെ മിറകടക്കാനാണ് ജനാധിപത്യത്തെ ബലികഴിച്ചുകൊണ്ട് അടിയന്തിരാവസ്ഥ ഇന്ത്യന്‍ ജനതയ്ക്കുമേല്‍ അടിച്ചേല്‍പിച്ചത്. അടിയന്തരാവസ്ഥയില്‍ ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെ നിരവധി സംഘടനകള്‍ നിരോധിക്കപ്പെട്ടു. ഐഎസ്എല്‍ നിരോധിക്കപ്പെട്ടിരുന്നില്ല.

പക്ഷേ, നിരോധിച്ചതിന് തുല്യമായ സാഹചര്യമായിരുന്നു. ഞാനുള്‍പ്പെടെയുള്ളവര്‍ ഐഎസ്എല്‍ പ്രവര്‍ത്തകര്‍ എന്നതിനൊപ്പം ജമാഅത്തുകാരായും അറിയപ്പെട്ടിരുന്നു. അടിയന്തിരാവസ്ഥ എന്നെങ്കിലും പിന്‍വലിക്കുമെന്നോ സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം തിരിച്ചുകിട്ടുമെന്നോ അന്ന് ആരും കരുതിയില്ല. ദീര്‍ഘ ദര്‍ശനത്തിന്റെ കുറവായിരിക്കാം. ആ ഒരു ഘട്ടത്തില്‍ ഐഎസ്എല്‍ പിരിച്ചു വിടുകയാണ് ഉണ്ടായത്.
ഭയപ്പാടുമൂലം ചിലര്‍ പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നു വച്ചു. ചിലര്‍ കോണ്‍ഗ്രസുമായി സൗഹൃദത്തിലായി. എന്നാല്‍ എല്ലാവരുടെയും നിലപാട് അങ്ങിനെയായിരുന്നില്ല. പ്രബോധനത്തിന് പകരം ബോധനം പ്രസിദ്ധീകരിച്ചു തുടങ്ങി. സംഘടനയിലൂടെ ചെയ്തുപോന്ന പ്രവര്‍ത്തനങ്ങള്‍ പള്ളികളിലൂടെയും പ്രാദേശികതലങ്ങളില്‍ രൂപീകൃതമായ സ്റ്റഡി ക്ലാസ്സുകളിലൂടെയും നിര്‍വ്വഹിക്കപ്പെട്ടു.
കോഴിക്കോട് ഇസ്‌ലാമിക് യൂത്ത് സെന്റര്‍ സ്ഥാപിതമാവുന്നത് അടിയന്തിരാവസ്ഥാകാലത്താണ്. അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങളെല്ലാം വളരെ സജീവമായി പങ്കെടുത്തിരുന്നു. നിരവധി സംഘടനകള്‍ക്ക് ആസ്ഥാനമായും അഭയമായും അത് നിലകൊണ്ടു. ഇന്നും നിരവധി സംരംഭങ്ങളുടെ കേന്ദ്രസ്ഥാനമായി അത് പ്രവര്‍ത്തിക്കുന്നു.
അടിയന്തിരാവസ്ഥക്ക് ശേഷം 1977 ഏപ്രില്‍ 25 ന് സ്റ്റുഡന്‍സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) രൂപീകൃതമായപ്പോള്‍ ഐഎസ്എല്ലുമായി ബന്ധപ്പെട്ടവരായിരുന്നു അതിന്റെ നേതൃത്വത്തിലും മുന്‍നിരയിലുമുണ്ടായിരുന്നത്. സിമി രൂപീകരിക്കുമ്പോള്‍ എനിക്ക് 32 വയസ്സായിരുന്നു. 30 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് ഭരണഘടനാ പ്രകാരം സിമിയില്‍ അംഗമായി പ്രവര്‍ത്തിക്കാനാവുക. അതിനാല്‍ സിമിയുടെ അംഗമാവാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. എങ്കിലും ഒരു സഹായിയായി നിലകൊണ്ടു. പ്രസംഗകനായും പരിഭാഷകനായും സിമിയുടെ വേദികളില്‍ എന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.
വിദ്യാര്‍ത്ഥി ജീവിതത്തിനിടയില്‍തന്നെ മറ്റുചില പ്രവര്‍ത്തനങ്ങളുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നു. മോഡേണ്‍ എയ്ജ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സമുദായത്തില്‍ വലിയ തോതിലുള്ള ആശങ്കകള്‍ സൃഷ്ടിച്ചപ്പോള്‍ ഒ അബ്ദുറഹിമാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നിരുന്നു. അത്തരം ശ്രമങ്ങളില്‍ ഞാന്‍ പങ്ക് ചേരുകയുണ്ടായി. സിഎന്‍ അഹ്മദ് മൗലവിയെ മോഡേണ്‍ എയ്ജ് സൊസൈറ്റിയുടെ വാക്താവാക്കാന്‍ ശ്രമിച്ചവരുണ്ട്. പക്ഷേ, പ്രഗത്ഭ പണ്ഡിതനായ അദ്ദേഹം ഖുര്‍ആനിന് പരമ്പരാഗത വ്യാഖ്യാനങ്ങള്‍ക്ക് പകരം നവീനമായ ചില വ്യാഖ്യാനങ്ങള്‍ നല്‍കിയെന്നതിനപ്പുറം ഇസ്‌ലാമിന്റെ ആശയങ്ങളെയോ അനുഷ്ഠാനങ്ങളെയോ തള്ളിപ്പറഞ്ഞില്ല.

കേരളത്തില്‍ ഇസ്‌ലാമിക സംഘടനകള്‍ക്ക് വേരോട്ടം കിട്ടുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചാണ് അഭ്യസ്ത വിദ്യരായ യുവാക്കളും വിദ്യാര്‍ത്ഥികളും ഇസ്‌ലാമിനെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയിരുന്നത്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ വായനക്കാര്‍ക്കിടയില്‍ വമ്പിച്ച പ്രതിഫലനങ്ങളുണ്ടാക്കി. ഞാന്‍ ആദ്യമായി വായിച്ച പ്രധാന കൃതി സിഎന്‍ അഹ്മദ് മൗലവിയുടെ ഇസ്‌ലാം എന്ത് എന്തിന് എന്ന ഗ്രന്ഥമാണ്. ഇസ്‌ലാം ഒരു സമഗ്രപഠനം പുറത്തുവന്നതോടെ ഇസ്‌ലാം എന്ത് എന്തിന് എന്ന പുസ്തകത്തിന്റെ അച്ചടി നിര്‍ത്തിവെച്ചതായാണ് ഓര്‍മ്മ. ചേകന്നൂര്‍ മൗലവി, മൂസ എ ബക്കര്‍ തുടങ്ങിയവര്‍ അവലംബിച്ച നിലപാടുകളൊന്നും സിഎന്‍ അനുവര്‍ത്തിച്ചിരുന്നില്ല.'
ചില പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എനിക്കവസരമുണ്ടായിട്ടുണ്ട്. മൂഴിക്കല്‍ മുസ്‌ലിം യംഗ് മെന്‍സ് അസോസിയേഷന്റെ സ്ഥാപനം ഒരുദാഹരണം. യുക്തിവാദികളും കമ്യൂണിസ്റ്റുകളും പലപ്പോഴും പ്രകോപനങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. ഇസ്‌ലാമിന്റെ അടിത്തറ തകര്‍ക്കലും അണികളെ ശിഥിലമാക്കലുമായിരുന്നു അവരുടെ ലക്ഷ്യം. അത്തരം പ്രവര്‍ത്തനങ്ങളെ മറികടക്കുകയായിരുന്നു മുസ്‌ലിം യംഗ്‌മെന്‍സ് അസോസിയേഷന്റെ രൂപീകരണലക്ഷ്യം.
ബ്രണ്ണന്‍ കോളജിലായിരുന്നു ഞാന്‍ ആദ്യം ജോലി ചെയ്തത്. പിന്നീട് കൊയിലാണ്ടി കോളജിലും കോഴിക്കോട് ഗവ. ട്രെയ്‌നിംഗ് കോളജിലും അല്‍ ഐനി(യുഎഇ)ലെ ഒയാസിസ് ഇന്റര്‍നാഷണല്‍ സ്‌ക്കൂളിലും ജോലി ചെയ്തു.

ഗള്‍ഫ് ജീവിതത്തിനു ശേഷം ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളജ്, കുറ്റിയാടി കോളജ് എന്നീ കലാലയങ്ങളില്‍ പ്രിന്‍സിപ്പലായി ജോലിനോക്കിയിരുന്നു.
എന്റെ അധ്യാപകജീവിതം സംതൃപ്തമായിരുന്നു. എപ്പോഴും ഓര്‍ക്കാവുന്ന ധാരാളം അനുഭവങ്ങളുണ്ട്. ഒരനുഭവം പറയാം. അത് എവിടെയെങ്കിലും രേഖപ്പെടുത്തണം എന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ ബ്രണ്ണന്‍ കോളജില്‍ അദ്ധ്യാപകനായി നിയോഗിതനായപ്പോള്‍ അറബിക് ബിഎക്ക് ഒരു വിദ്യാര്‍ത്ഥി മാത്രേമേയുണ്ടായിരുന്നുള്ളു. 14 സീറ്റുകള്‍ ഒഴിവായിക്കിടന്നു. പക്ഷേ, അടുത്ത വര്‍ഷം അപ്രതീക്ഷിതമായി ഒരു മാറ്റം സംഭവിച്ചു. ഏതാനും വിദ്യാര്‍ഥികള്‍ അറബിക്കിന് ചേര്‍ന്നു.

അപ്പോള്‍ പതനഞ്ച് സീറ്റുകളും തികഞ്ഞു. 9 അമുസ്‌ലിംകളും 6 മുസ്‌ലിംകളും. അവരില്‍ ഒന്നോ രണ്ടോ പേര്‍ മറ്റു വിഷയങ്ങള്‍ക്ക് സീറ്റുകിട്ടിയപ്പോള്‍ അറബി പഠനം ഉപേക്ഷിച്ചു. മറ്റുള്ളവരൊക്കെ അറബിക്കില്‍ ഡിഗ്രി പഠനം തുടര്‍ന്നു. അവരെ അറബി പഠിപ്പിക്കുവാനുള്ള ഉത്തരവാദിത്തം ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് എന്നെയാണ് ഏല്‍പിച്ചത്. ആ ദൗത്യം ഞാന്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ഞാന്‍ അഭിമാനപൂര്‍വ്വം ഇന്നും ഓര്‍ക്കുന്ന ഒരനുഭവമാണിത്. പിന്നീട് അമുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ആ വിദ്യാര്‍ത്ഥികള്‍ അറബി ഭാഷയില്‍  ബിരുദം നേടി. അറബി അദ്ധ്യാപകരായി. അവരില്‍ പലരും ഇപ്പോഴും ബന്ധം നിലനിര്‍ത്തിപ്പോരുന്നു. എന്നെ ഇഷ്ടപ്പെടുന്ന, ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു വലിയ വിദ്യാര്‍ത്ഥിവൃന്ദം എനിക്കുണ്ട്. എന്റെ സമ്പാദ്യങ്ങളില്‍ വിലപ്പെട്ട ഒന്നായി ഞാന്‍ ഈ സൗഹൃദത്തെ കാണുന്നു.



2

യൂസുഫുല്‍ ഖറദാവിയുടെ ദാരിദ്ര്യം എന്ന പ്രശ്‌നം, ഖറദാവിയുടെ ഫത്‌വകള്‍, വിശ്വാസവും ജീവിതവും, ഹൈക്കലിന്റെ മുഹമ്മദ്, ജിഫ്രലാംഗിന്റെ മാലാഖമാര്‍ ചോദിക്കുന്നു, ക്രിസ്റ്റീന ബക്കറിന്റെ ഫ്രം എംടിവി ടു മക്ക എന്നിവയാണ് പരിഭാഷപ്പെടുത്തിയ പ്രധാന കൃതികള്‍. അറബി ഗ്രാമര്‍, അബൂബക്കര്‍, ഉമര്‍, ഖലീഫ ഉസ്മന്‍ തുടങ്ങിയവയാണ് സ്വതന്ത്രകൃതികള്‍. ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രാദേശിക അമീറാണ്. ഐപിഎച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്.
വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയത്തില്‍ സക്രിയമായി ഇടപെടണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് നഷ്ടപ്പെട്ട ആത്മീയതയും പ്രബുദ്ധതയും തിരിച്ചുപിടിക്കണം. അതിന് വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറണം. പണ്ടൊക്കെ നാം മെക്കോളയെയാണ് പഴി പറഞ്ഞിരുന്നത്. ബ്രിട്ടീഷുകാര്‍ക്ക് കൂലിയെഴുത്തുകാരെ സൃഷ്ടിക്കുകയാണ് മെക്കോളയുടെ വിദ്യാഭ്യാസ പദ്ധതികൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് നാം പറഞ്ഞു നടന്നു. ഇപ്പോള്‍ എന്താണ് സംഭവിച്ചത്? കോര്‍പ്പറേറ്റുകാര്‍ക്കുള്ള കൂട്ടിക്കൊടുപ്പുകാരെ സൃഷ്ടിക്കുന്ന സംവിധാനമായി മാറി വിദ്യാഭ്യാസം. വിദ്യാഭ്യാസം പുനഃസംവിധാനിക്കപ്പെടണം. മനുഷ്യമുഖമുള്ള വിദ്യാഭ്യാസത്തിനേ സ്വാതന്ത്ര്യവാഞ്ജയെയും വിമോചന സ്വപ്‌നങ്ങളെയും വളര്‍ത്തിയെടുക്കാനാവൂ. മനുഷ്യത്വമുള്ള വിദ്യാഭ്യാസത്തിനേ നൈതികതയ്ക്ക്‌വേണ്ടി നിലകൊള്ളാനും അനീതിയെ ചോദ്യം ചെയ്യാനും കഴിയുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയൂ.
(തയ്യാറാക്കിയത്: കരീം എരിയാല്‍)

Next Story

RELATED STORIES

Share it