kannur local

പരിയാരത്തെ ആസിഡ് ആക്രമണം: പ്രതി പോലിസ് കസ്റ്റഡിയില്‍

തളിപ്പറമ്പ്: ക്രിസ്മസ് തലേന്ന് രാത്രി പാതിരാ കുര്‍ബാനയ്ക്ക് പള്ളിയിലേക്ക് പുറപ്പെട്ട യുവതിക്കും മകനും നേരെ ആസിഡ് ആക്രമണം നടത്തിയെന്നു സംശയിക്കുന്നയാളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കേസന്വേഷണ ചുമതലയുള്ള പരിയാരം എസ്‌ഐ ബൈജു പ്രഭാകരനും സംഘവും വിശദമായി ചോദ്യംചെയ്തു വരികയാണ്. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. സാന്താക്ലോസ് വേഷം ധരിച്ചാണ് അക്രമി എത്തിയതെന്ന് അക്രമത്തിനിരയായ പരിയാരം ഏമ്പേറ്റ് വെളിച്ചാനം റിംസി(29)യുടെ മകന്‍ അഭിഷേക് (ഏഴ്) പോലിസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ സാന്താക്ലോസ് മുഖമൂടിയും വസ്ത്രവും സംഭവസ്ഥലത്തുനിന്ന് 15 മീറ്റര്‍ അകലെ പോലിസ് കണ്ടെടുക്കുകയുണ്ടായി. അക്രമം നടത്തിയതിനു ശേഷം ഇയാള്‍ മറ്റൊരാളുടെ സഹായത്തോടെ ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടതായും പോലിസിനു ബോധ്യപ്പെട്ടിട്ടുണ്ട്.
രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനത്തെക്കുറിച്ചും വിവരം ലഭിച്ചതായാണു സൂചന. മാരകമായി പൊള്ളലേറ്റ് ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട റിംസി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പൊള്ളലേറ്റ ഭിന്നശേഷിയുള്ള മകന്‍ അഭിഷേക് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സയിലാണ്. പരിയാരം സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ തിരുപ്പിറവി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കുടുംബസമേതം പോകവെയാണ് സംഭവം. മുന്നിലേക്ക് നടന്നുവന്ന ക്രിസ്മസ് പാപ്പയുടെ വേഷവും മുഖംമൂടിയും ധരിച്ചയാള്‍ പൊടുന്നനെ റിംസിയുടെ മുഖത്തേക്ക് ആസിഡൊഴിച്ച് ഇരുട്ടില്‍ ഓടിമറയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ചിലരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കേസില്‍ ഒന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും പോലിസ് സംശയിക്കുന്നുണ്ട്. അതേസമയം, മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്ന റിംസിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതേത്തുടര്‍ന്ന് ഇവരില്‍നിന്ന് മൊഴിയെടുക്കുന്നത് മാറ്റിവച്ചു.
നേരത്തെ മകന്റെയും റിംസിയുടെ പിതാവിന്റെയും മൊഴിയില്‍നിന്നു ലഭിച്ച സൂചനകള്‍ പ്രകാരം പ്രതിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടുണ്ട്. അതേസമയം, അക്രമത്തില്‍ പ്രതിഷേധിച്ച് കെസിവൈഎം പരിയാരം യൂനിറ്റിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ഏമ്പേറ്റ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി പരിസരത്തു നിന്നാരംഭിച്ച പ്രകടനം പരിയാരം മെഡിക്കല്‍ കോളജിനു സമീപം സമാപിച്ചു. ഫാദര്‍ ജോര്‍ജ് ജെറി അധ്യക്ഷത വഹിച്ചു. പരിയാരം പഞ്ചായത്ത് മെംബര്‍ പി വി ഗോപാലന്‍, ടി വി സുധാകരന്‍, കെ ബി സൈമണ്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it