kannur local

പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍; മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ സമരം: പ്രക്ഷോഭ സമിതി

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നിലപാട് മുന്‍ പ്രസ്താവനങ്ങള്‍ക്കു കടക വിരുദ്ധമാണെന്ന് പരിയാരം പ്രക്ഷോഭ സമിതി യോഗം അഭിപ്രായപ്പെട്ടു. സര്‍ക്കാറിന്റെ ജനവഞ്ചന തുറന്നു കാട്ടുന്നതിനായി തിരഞ്ഞെടുപ്പ് വേളയില്‍ ജില്ലയില്‍ സര്‍ക്കാറിനെതിരേ പ്രചരണം നടത്തുമെന്നും പ്രക്ഷോഭ സമിതി അറിയിച്ചു.
നേരത്തെ ഏറ്റെടുക്കുന്നതിനു തടസമായി ജീവനക്കാരുടെ പ്രശ്‌നം മാത്രമാണ് ഉമ്മന്‍ചാണ്ടി ഉന്നയിച്ചത്. ഇപ്പോള്‍ ഹഡ്‌കോയെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ബജറ്റ് പ്രസംഗത്തിലും അതിനു മുമ്പും വായ്പ കുടിശ്ശികയുടെ കാര്യത്തില്‍ ഹഡ്‌കോയുമായി ധാരണയിലെത്തിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. അവര്‍ 100 കോടി രൂപക്ക് ബാധ്യതകള്‍ തീര്‍ക്കാന്‍ തയ്യാറായിയെന്നും പറഞ്ഞിരുന്നു. വന്‍കിട പദ്ധതികള്‍ക്കും പുതുതായി തുടങ്ങുന്ന മെഡിക്കല്‍ കോളജുകള്‍ക്കും പണം തടസമല്ലെന്ന് പറഞ്ഞ് നടക്കുന്ന മുഖ്യമന്ത്രി കണ്ണൂരിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നിഷേധിക്കാന്‍ മുടന്തന്‍ ന്യായം പറയുകയാണ്. കാര്‍ഷിക തകര്‍ച്ച മൂലം ദുരിതമനുഭവിക്കുന്ന മലയോര വാസികള്‍ക്കും മറ്റു ദരിദ്രര്‍ക്കും ആശ്വാസമാകുന്ന ഒരു വികസന പദ്ധതിയെ മുഖ്യമന്ത്രിയും കെ സി ജോസഫും നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയാണ്.
പ്രക്ഷോഭ സമിതി 26ന് വൈകീട്ട് നാലിന് കണ്ണൂരില്‍ സയാഹ്‌ന ധര്‍ണ സംഘടിപ്പിക്കും. 25 വൈകീട്ട് നാലിന് പാപ്പിനിശ്ശേരി, മെയ് ആറിന് വൈകീട്ട് നാലിന് തളിപ്പറമ്പ്, ചെമ്പേരി, മെയ് എട്ടിന് വൈകീട്ട് നാലിന് ആലക്കോട് എന്നിവിടങ്ങളില്‍ പൊതുയോഗം സംഘടിപ്പിക്കും.
യോഗത്തില്‍ ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു, അഡ്വ. വിനോദ് പയ്യട, രാജന്‍ കോരമ്പേത്ത്, പി പി മോഹനന്‍, പടിപ്പുരക്കല്‍ ശ്രീനിവാസന്‍, കെ പി ചന്ദ്രാംഗദന്‍, മേരി അബ്രഹാം, ടി ചന്ദ്രന്‍, വി ദേവദാസ്, ഏറന്‍ മനോഹരന്‍, എം സതീശന്‍, രാഘവന്‍, എം കെ ജയരാജന്‍, തട്ടാരി ഗോപാലന്‍, അബ്ദുല്‍ ഹമീദ്, ഇസബെല്‍ സൗമി, രമേശന്‍ മാമ്പു, വി വി ചന്ദ്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it