പരിക്കോ, ഭയക്കേണ്ട; മെഡിക്കല്‍ സംഘം തയ്യാര്‍

കോഴിക്കോട്: ദേശീയ സ്‌കൂള്‍ കായികമേളയ്ക്കിടെ പരിക്കേല്‍ക്കുന്ന അത്‌ലറ്റുകള്‍ക്ക് ഏതുതരത്തിലുള്ള ചികില്‍സയുമൊരുക്കാന്‍ മെഡിക്കല്‍ സംഘം സര്‍വസജ്ജമാണ്.
മേളയ്ക്കുള്ള മെഡിക്കല്‍ കമ്മിറ്റിക്കു കീഴില്‍ അലോപ്പതി, ഹോമിയോ, ആയുര്‍വേദം എന്നിങ്ങനെ മൂന്നു വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ഏതുവേണമെങ്കിലും യഥേഷ്ടം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും അത്‌ലറ്റുകള്‍ക്കും ഒഫീഷ്യലുകള്‍ക്കുമുണ്ട്.
കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെയുടിഎ) അംഗങ്ങളാണ് മെഡിക്കല്‍ കമ്മിറ്റിക്ക് കരുത്തേകുന്നത്. 150ലധികം പേര്‍ ഉള്‍പ്പെടുന്നതാണ് കമ്മിറ്റി. മെഡിക്കല്‍ കമ്മിറ്റിക്ക് സഹായഹസ്തവുമായി വിവിധ ട്രസ്റ്റുകളും സംഘടനകളും എട്ടിലേറെ ആംബുലന്‍സുകള്‍ സഹായത്തിനായി നല്‍കിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ നാരായണനാണ് മെഡിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ രവികുമാര്‍ വൈസ് ചെയര്‍മാനും പി ഷംസുദ്ദീന്‍ കണ്‍വീനറുമാണ്.
അലോപ്പതി ചികില്‍സാ വിഭാഗത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറും സ്‌പോര്‍ട്‌സ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുമായ ഷെര്‍വിന്‍ ശരീഫിനു കീഴില്‍ ഒമ്പതോളം പേരാണ് പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ സംഘം ദിവസവും അത്‌ലറ്റുകള്‍ക്ക് താമസസൗകര്യമൊരുക്കിയിട്ടുള്ള ജില്ലയിലെ 26 കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തി എല്ലാവിധ സഹായവും നല്‍കുന്നുണ്ട്.
സ്‌പോര്‍ട്‌സ് ആയുര്‍വേദ എന്ന പേരിലറിയപ്പെടുന്ന സംസ്ഥാന സര്‍ക്കാരിന്റെ സംരഭമായ ആയുര്‍വേദ ചികില്‍സാ വിഭാഗത്തിന് ഊര്‍ജ്ജം പകരുന്നത് ഡോ രഘുപ്രസാദ്, ഡോ ശ്രീനിവാസന്‍, ഡോ രാജേഷ്, ഡോ ഫ്രെഡി, ഡോ ബിമല്‍ എന്നിവരാണ്. ഡോ കെ മുഹമ്മദ് മുസ്തഫയാണ് കണ്‍വീനര്‍. താരങ്ങള്‍ക്ക് സംഭവിക്കാനിടയുള്ള എല്ലാവിധ പരിക്കുകള്‍ക്കും പെട്ടന്നുള്ള ചികില്‍സ ലഭ്യമാക്കാനുള്ള സംവിധാനങ്ങളാണ് സ്‌പോര്‍ട്‌സ് ആയുര്‍വേദ ഒരുക്കിയിരിക്കുന്നത്.
2009ല്‍ ആരംഭിച്ച സ്‌പോര്‍ട്‌സ് ആയുര്‍വേദ വിഭാഗം ദേശീയ ഗെയിംസ്, ദേശീയ സ്‌കൂള്‍ മീറ്റ്, സാഫ് ഗെയിംസ്, സംസ്ഥാന സ്‌കൂള്‍ മീറ്റ് എന്നിവയെക്കൂടാതെ ജില്ലാതലം മുതലുള്ള മീറ്റുകളിലെ സ്ഥിരസാന്നിധ്യമാണ്. സംസ്ഥാനത്ത് സ്‌പോര്‍ട്‌സ് ആയുര്‍വേദയുടെ ഏഴു യൂനിറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഹോമിയോപ്പതി വിഭാഗത്തെ നിയന്ത്രിക്കുന്നത് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ കവിതാ പുരുഷോത്തമനാണ്. ഡോ ജയശ്രീയാണ് കണ്‍വീനര്‍. ഡോ ടി ഷെറിന്‍, ഡോ പീജ രാജന്‍ എന്നിവരാണ് മറ്റു അംഗങ്ങള്‍.
കേരളത്തിലെ കടുത്ത ചൂട് മൂലം കണ്ണ് സംബന്ധമായ അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ തണുപ്പ് കാലാവസ്ഥയുള്ള ഉത്തരേന്ത്യയില്‍ നിന്നുള്ള അത്‌ലറ്റുകളും ഒഫീഷ്യലുകളും ഇതിനകം മുന്‍കരുതലെന്നോണം ദിവസേന ചികിസയ്ക്കായി എത്തുന്നതായി ഡോ ജയശ്രീ പറഞ്ഞു.
Next Story

RELATED STORIES

Share it