പരിക്കേറ്റവരില്‍ നിന്നു സ്വകാര്യ ആശുപത്രികള്‍ പണംവാങ്ങി

കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റവരില്‍ നിന്നു സ്വകാര്യ ആശുപത്രി അധികൃതര്‍ ചികില്‍സാ ചെലവായി പണംവാങ്ങിയത് വിവാദമായി. പരിക്കേറ്റവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ സൗജന്യ ചികില്‍സ നല്‍കാന്‍ ഞായറാഴ്ച കൊല്ലത്ത് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇത് നിലനില്‍ക്കെയായിരുന്നു സ്വകാര്യ ആശുപത്രികളുടെ നടപടി.
ഒന്നിലേറെ സ്വകാര്യ ആശുപത്രികള്‍ 70,000 രൂപ വരെ വാങ്ങിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ ചാത്തന്നൂര്‍ എംഎല്‍എ ജി എസ് ജയലാല്‍ ജില്ലാ കലക്ടറുടേയും മറ്റ് അധികൃതരുടേയും ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ഉച്ചയോടെ ഓരോ ആശുപത്രികളിലും ലെയ്‌സണ്‍ ഓഫിസര്‍മാരെ സര്‍ക്കാര്‍ നിയമിക്കുകയും ചെലവായ തുക രോഗികള്‍ക്ക് നല്‍കുകയും ചെയ്തു.
അതേസമയം, ചികില്‍സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ആവശ്യപ്പെട്ടു. പരിക്കേറ്റവരുടെ ചെലവുകള്‍ എത്രയായാലും സര്‍ക്കാര്‍ വഹിക്കും. പരിക്കേറ്റവരുടെ ബില്ലുകള്‍ അടയ്ക്കുന്നതിന് രണ്ടു ഡപ്യൂട്ടി കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
Next Story

RELATED STORIES

Share it