thrissur local

പരാധീനതയില്‍ ചാലക്കുടി ഫയര്‍‌സ്റ്റേഷന്‍

ചാലക്കുടി: പരാധീനതകളുടെ നടുവില്‍ ജീര്‍ണിച്ച കെട്ടിടത്തി ല്‍ ജീവന്‍ പണയംവച്ച് ചാലക്കുടി ഫയര്‍ സ്റ്റേഷനിലെ ജീവനക്കാര്‍ ദുരിതകയത്തില്‍. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ജീവന്‍ പണയംവച്ചാണ് ഇവിടത്തെ 27 ജീവനക്കാര്‍ രാവും പകലും കഴിയുന്നത്. മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള വാടക കെട്ടിടത്തില്‍ ഇതുവരേയും അറ്റകുറ്റ പണികളൊന്നും നടത്തിയിട്ടില്ല.
ചോര്‍ന്നൊലിക്കുന്ന ടെറസിലെ കമ്പികളെല്ലാം ദ്രവിച്ചു തുടങ്ങി. മഴക്കാലത്ത് ഓഫിസില്‍ കുടയും ചൂടിയിരിക്കേണ്ട ഗതികേടാണ്. ഇവിടെയുള്ള ഏക ടോയ്‌ലറ്റിന്റെ ഒറു ഭാഗം ഇടിഞ്ഞ് വീണു. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സമീപത്തെ ടോയ്‌ലറ്റുകളെ ആശ്രയിക്കേണ്ട ഗതികേടാണിവിടെ. ഓഫിസിന് പുറത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്താണ് ജീവനക്കാര്‍ ഭക്ഷണം പാകം ചെയ്യുന്നത്.
ആംബുലന്‍സ് സൗകര്യം ഇവിടെയില്ലെന്നതും കുറവാണ്. വെള്ളം സ്റ്റോര്‍ ചെയ്യുന്ന ഇവടത്തെ കോണ്‍ക്രീറ്റ് ടാങ്ക് ചോര്‍ന്നൊലിക്കുകയാണ്. ഇവിടെ അനുവദിച്ചിട്ടുള്ള രണ്ട് വാട്ടര്‍ ലോറികളില്‍ ഒരെണ്ണം വര്‍ഷോപ്പിലാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് ഇവിടത്തെ ജീവനക്കാര്‍ 24 മണിക്കൂര്‍ സര്‍വ്വീസ് നടത്തുന്നത്. അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരേയും നടപടികളൊന്നും ആയിട്ടില്ല. കെട്ടിടത്തില്‍ അറ്റകുറ്റ പണികള്‍ നടത്തേണ്ടത് നഗരസഭയാണ്. കെട്ടിടത്തിലെ എസ്റ്റിമേറ്റ് എടുക്കുന്നതല്ലാതെ നഗരസഭയുടെ ഭാഗത്ത് നിന്ന് മറ്റു നടപടികളൊന്നുമാകുന്നില്ല. അത്യാവശ സാഹചര്യങ്ങളില്‍ വെള്ളമെടുക്കാനായി വാട്ടര്‍ അതോറിറ്റി നഗരത്തില്‍ 24 സ്ഥലങ്ങളില്‍ വാട്ടര്‍ ഹൈട്രണ്ടുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴതെല്ലാം എടുത്ത് മാറ്റിയതായും പറയുന്നു.
ഇടിഞ്ഞ് വീഴാറായ കെട്ടിടത്തിന് മുകളില്‍ ട്രെസ്സ് പ്രവര്‍ത്തികള്‍ നടത്തുക, ടോയ്‌ലറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ന്യായമായ അത്യാവശ്യങ്ങളാണ് ഇവിടത്തെ ജീവനക്കാര്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it