Kottayam Local

പരാതിയുമായി സ്റ്റേഷനിലെത്തിയ യുവാക്കളെ എസ്‌ഐ മര്‍ദ്ദിച്ചതായി ആക്ഷേപം

കാഞ്ഞിരപ്പള്ളി: ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി പോലിസ് സ്റ്റേഷനിലെത്തിയ യുവാക്കളെ എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചതായി ആക്ഷേപം.
പൊടിമറ്റം പുല്‍ക്കുന്ന് സ്വദേശികളായ വിഷ്ണു ജിജോ (20), ബോബിന്‍ ബോസ് (20), റിന്‍ഡു പ്രസന്നന്‍ (26) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി എസ്‌ഐ ഷിന്റോ പി കുര്യന്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്. ഇതു സംബന്ധിച്ച് കോട്ടയം ജില്ലാ പോലിസ് സൂപ്രണ്ടിനും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കും, മനുഷ്യാവകാശ കമ്മീഷനും, പോലിസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നല്‍കി. കഴിഞ്ഞ ഒന്നിന് അയല്‍വാസിയും ഓട്ടോതൊഴിലാളിയുമായ ദിവാകരന്‍ മൂവരെയും വണ്ടിയിടിപ്പിക്കാന്‍ ശ്രമിച്ചതായും ഹിന്ദു ഐക്യവേദിക്കു സംഭാവന നല്‍കണമെന്നും ബിജെപിയില്‍ അംഗമാവണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. അടുത്ത ദിവസം രാവിലെ ബൈക്കില്‍ പോയ വിഷ്ണുവിനെ ദിവാകരന്‍ ഇരുമ്പ്കമ്പി കൊണ്ട് മര്‍ദ്ദിച്ചു.
റിന്‍ഡുവും ബോബിനും ഓടിയെത്തിയപ്പോള്‍ മര്‍ദ്ദിച്ചവര്‍ ഓടിപ്പോയി. തുടര്‍ന്ന് വിഷ്ണുവിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെയെത്തിയ ദിവാകരന്‍ മറ്റു രണ്ടുപേരേയും മര്‍ദ്ദിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. ആശുപത്രിയിലായിരുന്ന മൂവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനിലെത്തിയ മൂവരോടും പാറാവുകാരനായ സിപിഒ ടിറ്റു അപമര്യാദയായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തു. എസ്‌ഐ ഷിന്റോ പി കുര്യന്‍ ഇവരെ അകത്തേക്കു വിളിപ്പിച്ച് മൂവരെയും കുനിച്ചുനിര്‍ത്തി പുറത്തും നടുവിനും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതി. ദിവാകരനെതിരേ കൊടുത്ത പരാതി സ്വീകരിക്കാതെ അയാളുടെ സ്വാധീനത്തില്‍ മാതാവിന്റെ മുന്നിലിട്ട് മര്‍ദ്ദിക്കുകയും പരാതികള്‍ കീറിക്കളയുകയും കേസില്ലെന്ന് എഴുതിക്കുകയും ചെയ്തതായി ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ പേരില്‍ പരാതിയുമായി വരികയോ മറ്റുള്ളവരെ അറിയിക്കുകയോ ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it