Districts

പരാജയകാരണം പരിശോധിക്കും; ജനവിധിയിലെ മുന്നറിയിപ്പ് ഉള്‍ക്കൊള്ളും: മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലുണ്ടായ ജനവിധിയിലെ മുന്നറിയിപ്പ് ഉള്‍ക്കൊള്ളുമെന്നും ഇപ്പോഴത്തെ ഫലം യുഡിഎഫിന്റെ ആത്മവിശ്വാസം ചോര്‍ത്തുന്നതല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരാജയകാരണങ്ങളെക്കുറിച്ച് പരിശോധിക്കും. പാര്‍ട്ടിയിലും മുന്നണിയിലും സര്‍ക്കാര്‍തലത്തിലും അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
യുഡിഎഫ് ആകെ തകര്‍ന്നുവെന്ന രീതിയിലുള്ള പ്രചാരണത്തോട് യോജിപ്പില്ല. യുഡിഎഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. 2010ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ വിജയത്തില്‍ കുറവുണ്ടായെന്നു മാത്രം. 2005ല്‍ യുഡിഎഫ് നടത്തിയ പ്രകടനത്തേക്കാള്‍ ഇപ്പോഴത്തേത് മികച്ചതാണ്.
തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രതീക്ഷിച്ച വിജയമുണ്ടായില്ല. തിരഞ്ഞെടുപ്പു ഫലം ഭരണത്തിന്റെ വിലയിരുത്തലാവുമെന്നാണ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ താന്‍ പറഞ്ഞത്. അത് തന്റെ വിശ്വാസമായിരുന്നു. കഴിഞ്ഞ നാലു തിരഞ്ഞെടുപ്പുകളിലും താന്‍ ഇതുതന്നെയാണ് പറഞ്ഞിരുന്നത്.
ഇത്തവണ അത് വ്യത്യസ്തമായെന്നു മാത്രം. 2010ല്‍ യുഡിഎഫ് തരംഗമെന്ന് ആരും പറഞ്ഞില്ല. വിജയിച്ചുവെന്നേ പറഞ്ഞുള്ളൂ. ഇപ്പോഴത് എല്‍ഡിഎഫ് തരംഗമെന്നായി മാറിയതെങ്ങനെയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയാണോ പരാജയത്തിനു കാരണമെന്ന ചോദ്യത്തിന്, അക്കാര്യം പാര്‍ട്ടിയിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.
Next Story

RELATED STORIES

Share it