thrissur local

പരസ്യ ഏജന്‍സിക്കെതിരേ കോര്‍പറേഷന്‍ നടപടി തുടങ്ങി

തൃശൂര്‍: കോര്‍പറേഷന്‍ കെട്ടിടങ്ങളുടെ പരിപാലനചുമതല ഏറ്റെടുത്തു നിര്‍വഹിക്കാതിരുന്ന പരസ്യകമ്പനിക്കെതിരെ കോര്‍പറേഷന്‍ നടപടി ആരംഭിച്ചു. നഗരത്തിലെ 19 കെട്ടിടങ്ങളുടെ പരിപാലന ചുമതല ഏറ്റെടുത്തിട്ടുള്ള എറണാകുളത്തെ ടൈം ആഡ്‌സ് അഡ്വര്‍ടൈസ്‌മെന്റ് കമ്പനിക്കെതിരായാണ് നടപടി. കെട്ടിടങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള കുത്തക അവകാശവുമായി 2012 ജൂണ്‍ 20നായിരുന്നു 10 വര്‍ഷത്തേക്ക് കോര്‍പറേഷന്‍ ടൈം ആഡ്‌സുമായി കരാറുണ്ടാക്കിയത്.
കെട്ടിടങ്ങളില്‍ അനേകം പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച് പണമുണ്ടാക്കിയതല്ലാതെ ഒരുവിധ പരിപാലനവും നാലു വര്‍ഷത്തിനിടെ ഏജന്‍സി നടത്താതിരുന്ന സാഹചര്യത്തിലാണ് നടപടി. പൊതുമരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ എം പി ശ്രീനിവാസന്റെ നിര്‍ദേശമനുസരിച്ച് കോര്‍പറേഷന്‍ സെക്രട്ടറി പരസ്യ ഏജന്‍സിക്ക് നോട്ടീസ് അയച്ചു.
ടെന്‍ഡര്‍ പോലും ചെയ്യാതെ, പരസ്യ ഏജന്‍സിയില്‍ നിന്നും അപേക്ഷ വാങ്ങി നിസാര നിരക്കില്‍ 10 വര്‍ഷത്തേക്കു പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയത് അന്ന് വന്‍ അഴിമതി ആരോപണത്തിന്നിടയാക്കിയതാണ്. നഗരത്തില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അഞ്ചു മുതല്‍ 10 ലക്ഷം വരെ മാര്‍ക്കറ്റ്‌റേറ്റുള്ളപ്പോള്‍ ഒരു ചതുരശ്ര മീറ്ററിന് 600 രൂപ നിരക്കിലായിരുന്നു ടൈം ആഡ്‌സിന് കുത്തകാവകാശം നല്‍കിയത്.
വടക്കേ ബസ്സ്റ്റാന്റ്, പാട്ടുരായ്ക്കല്‍, കുറുപ്പം റോഡ്, കിഴക്കേകോട്ട, എം ഒ റോഡ്, ജയ്ഹിന്ദ് മാര്‍ക്കറ്റ്, എം ജി റോഡ് എന്നിവിടങ്ങളിലെ കോര്‍പറേഷന്‍ കെട്ടിടങ്ങള്‍, കെട്ടിടങ്ങള്‍ പോലുമില്ലാത്ത കെഎസ്ആര്‍ടിസി റോഡ്, നായ്ക്കനാല്‍ ജങ്ഷന്‍, കോര്‍പറേഷന്റേതല്ലാത്ത തൃശൂര്‍ വികസന അതോറിറ്റി ബില്‍ഡിങ് എന്നിവയില്‍ പരസ്യം വയ്ക്കാനായിരുന്നു അനുമതി. കെട്ടിടങ്ങളിലെല്ലാം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചെങ്കിലും നിയമാനുസൃതം അടക്കേണ്ട തുകകളും നാലുവര്‍ഷമായി അടച്ചിരുന്നില്ല.
മാത്രമല്ല കെട്ടിടങ്ങളില്‍ പരിപാലനവും നടത്തിയിരുന്നില്ല. കെട്ടിടങ്ങളിലെ പ്ലംബിങും ലീക്ക് തീര്‍ക്കല്‍ പ്രവൃത്തികള്‍, പെയ്ന്റിങ്, വാതിലുകളും ജനലുകളും റിപ്പയര്‍ ചെയ്യല്‍, ടോയ്‌ലറ്റുകളുടെ പരിപാലനം എന്നിവയായിരുന്നു പരസ്യ ഏജന്‍സി ഏറ്റെടുത്ത പരിപാലന പ്രവൃത്തികള്‍. പക്ഷെ ഇത് ഒന്നുംതന്നെ നടത്തിയില്ല.
ഈ സാഹചര്യത്തിലാണ് മരാമത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം പി ശ്രീനിവാസന്‍ മുന്‍കൈ എടുത്തു നടപടി ആരംഭിച്ചത്. പരസ്യ ഏജന്‍സി പരിപാലന പ്രവൃത്തികള്‍ നടത്തുന്നില്ലെങ്കില്‍ ഏജന്‍സിയുടെ നഷ്‌ടോത്തരവാദിത്വത്തില്‍ പണി നടത്താനും കരാര്‍ റദ്ദാക്കാനുമാണ് കോര്‍പറേഷന്‍ നടപടി.
കെട്ടിടങ്ങള്‍ മാത്രമല്ല. യുഡിഎഫ് കൗണ്‍സില്‍ നഗരത്തിലെ പൊതുസ്ഥലങ്ങളും ട്രാഫിക് ഐലന്റുകളും, ബസും ഷല്‍റ്ററുകളും, ഫുട്പാത്തുകളുമെല്ലാം പരസ്യ ഏജന്‍സികള്‍ക്ക് വില്‍പന നടത്തിയിരുന്നതാണ്. അതിലും കരാര്‍ ലംഘനങ്ങള്‍ നടന്നതായി പറയുന്നു. അക്കാര്യവും കോര്‍പറേഷന്‍ പരിശോധിച്ചുവരികയാണ്.
Next Story

RELATED STORIES

Share it