Districts

പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍; സമുദായ വോട്ടുകള്‍ ഉറപ്പിക്കാന്‍ തന്ത്രം മെനഞ്ഞ് മുന്നണികള്‍

ടോമി മാത്യു

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ക്രിസ്ത്യന്‍, മുസ്‌ലിം സമുദായങ്ങളെ പരമാവധി ഒപ്പം നിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫും എല്‍ഡിഎഫും. സമുദായ വോട്ടുകള്‍ പരമാവധി ഉറപ്പിക്കണമെന്നാണ് ഇരു മുന്നണികളുടെയും നേതൃത്വം നല്‍കിയിരിക്കുന്ന രഹസ്യ നിര്‍ദേശം.
ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് യുഡിഎഫിന് തിരിച്ചടിയായപ്പോള്‍ എസ്എന്‍ഡിപി - ബിജെപി സഖ്യമാണ് എല്‍ഡിഎഫിന് തലവേദന സൃഷ്ടിച്ചത്. എസ്എന്‍ഡിപി - ബിജെപി സഖ്യം യുഡിഎഫിന് ഗുണകരമാണെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ ബാര്‍ കോഴ വിവാദത്തില്‍ അപ്രതീക്ഷിതമായി വന്ന കോടതി ഉത്തരവ് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വീണുകിട്ടിയ ആയുധം പരാവധി ഉപയോഗിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. ഇതിനൊപ്പം എസ്എന്‍ഡിപി - ബിജെപി സഖ്യം ഭാവിയില്‍ ഉണ്ടാക്കിയേക്കാവുന്ന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍, മുസ്‌ലിം സമുദായങ്ങളുടെ വോട്ടുകള്‍ ഉറപ്പിക്കാനുള്ള തന്ത്രത്തിനും എല്‍ഡിഎഫ് രൂപം നല്‍കിയിട്ടുണ്ട്.
എസ്എന്‍ഡിപി - ബിജെപി സഖ്യത്തെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫിനു മാത്രമെ കഴിയൂവെന്ന വിധത്തില്‍ നിഷ്പക്ഷരായ വോട്ടര്‍മാരെ ബോധവല്‍ക്കരിച്ച് കൂടെ നിര്‍ത്താനാണ് ശ്രമം. ചുരുങ്ങിയത് അഞ്ചിനും പത്തിനുമിടയില്‍ സ്‌ക്വാഡുകള്‍ പ്രചരണത്തിനായി ഇറങ്ങണമെന്ന് ഇരുമുന്നണികളും നിര്‍ദേശം നല്‍കി കഴിഞ്ഞു. ഒരോ സ്‌ക്വാഡിനും ചുമതലകള്‍ വിഭജിച്ചു നല്‍കിയിരിക്കുകയാണ്. സ്ഥാനാര്‍ഥികള്‍ വീടുകള്‍ കയറി വോട്ടറുമായി ചര്‍ച്ച നടത്തണമെന്നും ആവശ്യങ്ങള്‍ കുറിച്ചെടുക്കണമെന്നും നിര്‍ദേശമുണ്ട്. ഏതെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ ആയവരുടെ വീടുകളില്‍ പോലും ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും ചെലവഴിക്കാനാണ് നിര്‍ദേശം.
എസ്എന്‍ഡിപി - ബിജെപി സഖ്യം എല്‍ഡിഎഫിനെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പരമ്പരാഗതമായി എല്‍ഡിഎഫിന് ലഭിച്ചുകൊണ്ടിരിക്കുന്ന വോട്ടുകളില്‍ കുറവുണ്ടാവും. നഷ്ടപെടുന്ന എസ്എന്‍ഡിപി വോട്ടുകള്‍ ക്രിസ്ത്യന്‍, മുസ്‌ലിം വോട്ടുകളിലൂടെ മറികടക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്.
എസ്ഡിപിഐ, ആം ആദ്മി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുടെ സാന്നിധ്യവും മുന്നണികള്‍ക്ക് വെല്ലുവിളിയാണ്. ആം ആദ്മിക്ക് ആദ്യകാലത്തുണ്ടായിരുന്ന സ്വീകാര്യത ഇപ്പോഴില്ലെന്നാണ് മുന്നണികളുടെ വിലയിരുത്തല്‍. വെല്‍ഫെയര്‍ പാര്‍ട്ടിയും ചില മേഖലകളിലൊഴിച്ച് വലിയ വെല്ലുവിളി ഉയര്‍ത്തില്ലെന്നാണ് വിലയിരുത്തല്‍. എസ്ഡിപിഐ ഇരു മുന്നണികളുടെയും പ്രത്യേകിച്ച് എല്‍ഡിഎഫിന്റെ നോട്ടപ്പുള്ളിയാണ്. പ്രവര്‍ത്തന രീതിയുടെ പ്രത്യേകത കൊണ്ട് എസ്ഡിപിഐ ഈ രണ്ടു പാര്‍ട്ടികളേക്കാളും ഒട്ടേറെ മുന്നിലാണെന്നാണ് ഇരു മുന്നണികളുടെയും വിലയിരുത്തല്‍. കൃത്യമായ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐക്ക് മുമ്പുള്ളതിനേക്കാള്‍ വളര്‍ച്ച കൈവരിക്കാനായിട്ടുണ്ടെന്നും തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നുമാണ് ഇവരുടെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it