പരവൂര്‍: 13 പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. വെടിക്കെട്ട് തൊഴിലാളികളായ അജയന്‍, വിനോദ്, തുളസി, അശോകന്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയുടെ സഹോദരന്‍ കൊച്ചുമണിയെ കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്നു പിടികൂടിയിരുന്നു.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. അതേസമയം, ക്ഷേത്രഭാരവാഹികള്‍ ഉള്‍പ്പെടെ 13 പ്രതികളെ പരവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഈ മാസം 20 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.
വന്‍ ദുരന്തമുണ്ടായിട്ടും സംഘാടകര്‍ക്ക് പരിക്കേല്‍ക്കാത്തത് അദ്ഭുതകരമാണെന്നു കോടതി നിരീക്ഷിച്ചു. എന്നാല്‍ ദുരന്തത്തിലെ യഥാര്‍ഥ പ്രതികള്‍ പോലിസും ജില്ലാ ഭരണകൂടവും ആണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പോലിസിനെ പ്രതിചേര്‍ക്കണം. തങ്ങള്‍ നിരപരാധികളാണ്. കലക്ടര്‍ നിരോധിച്ചതിനെത്തുടര്‍ന്ന് മല്‍സരവെടിക്കെട്ട് ഉപേക്ഷിച്ചു. മല്‍സരക്കമ്പമില്ലെന്നു കാണിച്ച് എട്ടിന് നോട്ടീസ് അടിച്ചിരുന്നു. ചെലവായ പണം നല്‍കാമെന്നു കരാറുകാരെ അറിയിച്ചു. എന്നാല്‍ കരാറുകാര്‍ മല്‍സരിച്ചോയെന്നു സംശയമുണ്ടെന്നും ക്ഷേത്രഭാരവാഹികള്‍ വ്യക്തമാക്കി. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന് പ്രതികളെ ചോദ്യംചെയ്യണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിച്ചു.
Next Story

RELATED STORIES

Share it