thiruvananthapuram local

പരവൂര്‍ വെടിക്കെട്ട് ദുരന്തം :  കരാറുകാരന്‍ സുരേന്ദ്രന്റെ കെട്ടിടത്തില്‍ റെയ്ഡ്; അനധികൃത രാസവസ്തുക്കള്‍ പിടികൂടി  

കഴക്കൂട്ടം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തെ തുടര്‍ന്ന് പോലിസ് പൂട്ടി സീല്‍ ചെയ്തിരുന്ന കഴക്കൂട്ടത്തെ കരാറുകാരന്‍ സുരേന്ദ്രന്റ കെട്ടിടത്തിലും പടക്കക്കടയിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അനധികൃതമായി ചാക്കുകളിലും മറ്റും സൂക്ഷിച്ചിരുന്ന പല തരത്തിലുള്ള രാസവസ്തുക്കള്‍, വെള്ളനിറത്തിലുള്ള പൊടി, അമിട്ടുകള്‍, മാലപ്പടക്കങ്ങള്‍ എന്നിവ കണ്ടെടുത്തു.
ഇവയ്ക്കു പുറമേ ഫാന്‍സി പടക്കങ്ങളും കണ്ടുകിട്ടി. ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന വിവിധ തരത്തിലുള്ള രാസപദാര്‍ഥങ്ങള്‍ എന്തൊക്കെയാണെന്ന് തുടര്‍ന്നുള്ള പരിശോധനയിലേ കണ്ടെത്താന്‍ സാധിക്കൂവെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് സിഐ റോബര്‍ട്ട് ജോണി പറഞ്ഞു.
വെടിക്കെട്ട് ദുരന്തമുണ്ടായ ഈ മാസം 10ന് രാവിലെത്തന്നെ സുരേന്ദ്രനാശാന്റെ കഴക്കൂട്ടത്തുള്ള മഹാദേവ കോംപ്ലക്‌സിലും കഴക്കൂട്ടം തെക്കേമുക്കിലുള്ള വീട്ടിലും പോലിസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍, കഴക്കൂട്ടത്തെ കെട്ടിടത്തിലുള്ള കടയിലും കെട്ടിടത്തിനു മുകളിലുള്ള പടക്കങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലും താക്കോലില്ലാത്തതിനാല്‍ പോലിസിന് അകത്ത് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അതിനെ തുടര്‍ന്ന് കടയും മുകളിലുള്ള മുറിയും പൂട്ടി സീല്‍ ചെയ്യുകയും പോലിസ് കാവലേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇന്നലെ നടന്ന പരിശോധനയില്‍ പോലിസ് കണ്ടെത്തിയ രാസവസ്തുക്കളും മറ്റും ഇവിടെത്തന്നെ പോലിസിന്റെ സംരക്ഷണത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
രാസവസ്തുക്കള്‍ പരിശോധിക്കുന്ന വിദഗ്ധര്‍ അടുത്ത ദിവസം തന്നെ ഇവിടെയെത്തി തിട്ടപ്പെടുത്തിയ ശേഷം ഇവ നശിപ്പിക്കുമെന്ന് പോലിസ് അറിയിച്ചു. നേരത്തെ സുരേന്ദ്രനാശാന്റെ വീട്ടിലും പിന്നിലുള്ള ഷെഡിലും ആശാന്റെ ബന്ധുവും പടക്കക്കച്ചവടക്കാരനുമായ വാമദേവന്റെ വീട്ടിലും നടത്തിയ പരിശോധനയില്‍ ഏഴ് ചാക്ക് പടക്കസാമഗ്രികളും മറ്റ് വെടിമരുന്നുകളും പിടിച്ചെടുത്തിരുന്നു. ഇവിടവും ഇപ്പോള്‍ പോലിസ് കാവലിലാണ്.
Next Story

RELATED STORIES

Share it