പരവൂര്‍ വെടിക്കെട്ട്: ക്രൈംബ്രാഞ്ച് റിപോര്‍ട്ട്; പോലിസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സൂചന

കൊല്ലം: പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പോലിസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് നിഗമനം. നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന റിപോര്‍ട്ടില്‍ ഇക്കാര്യം ഉള്ളതായാണ് സൂചന. അന്വേഷണപുരോഗതി റിപോര്‍ട്ടാണ് നാളെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നത്. മല്‍സരക്കമ്പം നടത്തിയതിന്റെ ഉത്തരവാദിത്വം ക്ഷേത്രഭാരവാഹികള്‍ക്കാണെന്നും കരാറുകാര്‍ക്ക് അനുമതി നല്‍കിയത് ക്ഷേത്രഭാരവാഹികളാണെന്നും റിപോര്‍ട്ടിലുള്ളതായാണ് വിവരം.
കലക്ടറുടെ അനുമതിയില്ലാതെ ക്ഷേത്രത്തില്‍ നടത്തിയ മല്‍സര വെടിക്കെട്ടാണ് ദുരന്തത്തിനിടയാക്കിയതെന്നായിരുന്നു പ്രാഥമിക നിഗമനം. കുറ്റക്കാരായ പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന നിലപാടും ക്രൈംബ്രാഞ്ച് മാറ്റി. പ്രതികളെന്നു കണ്ടെത്തിയ ക്ഷേത്രഭാരവാഹികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രില്‍ പത്തിന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 110 പേരാണ് മരിച്ചത്. 350ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അതേസമയം, വെടിക്കെട്ടപകടത്തില്‍ പോലിസിന് വീഴ്ച പറ്റിയെന്നായിരുന്നു നേരത്തെ ജില്ലാ കലക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ഉണ്ടായിരുന്നത്.
മല്‍സരക്കമ്പം നിരോധിച്ച കാര്യം അറിയിച്ചിരുന്നുവെങ്കിലും പോലിസ് അത് പരിഗണിച്ചില്ലെന്നായിരുന്നു കലക്ടറുടെ റിപോര്‍ട്ട്. ക്ഷേത്രത്തില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ കമ്പം വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കരുതെന്ന് പോലിസ് റിപോര്‍ട്ട് നല്‍കിയിരുന്നു. അതനുസരിച്ച് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനു ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. രണ്ടുദിവസങ്ങള്‍ക്കുശേഷം വെടിക്കെട്ട് നടത്താന്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് കാട്ടി പോലിസ് മറ്റൊരു റിപോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, കാര്യങ്ങളില്‍ എങ്ങനെ മാറ്റം വന്നെന്നറിയാത്തതിനാല്‍ നിരോധനവുമായി മുന്നോട്ടു പോവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു കലക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ടിലുണ്ടായിരുന്നത്. ഇവയെല്ലാം ഒഴിവാക്കിയാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് പോലിസിന് ക്ലീന്‍ചിറ്റ് നല്‍കുന്ന നടപടിയിലേക്ക് എത്തിയതെന്നാണ് വിവരം.
ക്രൈംബ്രാഞ്ച് എസ്പി ഡി ശ്രീധരനായിരുന്നു അന്വേഷണ ചുമതല. അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണം നിലനില്‍ക്കെ തന്നെ പരവൂര്‍ അപകടം നടന്ന സ്ഥലത്തെ എസിപിയെ ഉള്‍പ്പെടെ സ്ഥലം മാറ്റിയിട്ടുണ്ട്.
Next Story

RELATED STORIES

Share it