പരവൂര്‍ വെടിക്കെട്ട് അപകടം നടന്നിട്ട് ഒരുമാസം തിരിച്ചറിയാന്‍ ഇനിയും ഒരു മൃതദേഹംകൂടി

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: രാജ്യത്തെ നടുക്കിയ പരവൂര്‍ വെടിക്കെട്ട് അപകടം നടന്നിട്ട് ഇന്ന് ഒരുമാസം തികയുന്നു. 109 പേര്‍ മരണപ്പെട്ട അപകടത്തില്‍ ഒരുമാസം പിന്നിടുമ്പോഴും മൃതദേഹങ്ങള്‍ പൂര്‍ണമായും തിരിച്ചറിയാനായിട്ടില്ല. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു മൃതദേഹമാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതു കൂടാതെ ചില ശരീരഭാഗങ്ങള്‍ കൂടി ഡിഎന്‍എ പരിശോധനാ വേളയിലാണ്. ഇവ ചിലപ്പോള്‍ നേരത്തെ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെയോ അല്ലെങ്കില്‍ തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ ഛിന്നഭിന്നമായി പോയവരുടെയോ ആവാനാണു സാധ്യത. അങ്ങനെയെങ്കില്‍ മരണസംഖ്യ ഇനിയും ഉയരാം. അടുത്ത ദിവസങ്ങളില്‍ ഡിഎന്‍എ പരിശോധനയിലൂടെ 13 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അതേസമയം, ഈ മാസം 18ന് കേസിന്റെ ആദ്യ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇതേവരെ  പോലിസുകാരില്‍ നിന്നു മൊഴിയെടുത്തിട്ടില്ല. ക്ഷേത്രഭാരവാഹികളെയും വെടിക്കെട്ടുകാരെയും സംബന്ധിച്ചുള്ള അന്വേഷണമാണ് ആദ്യഘട്ടത്തില്‍ നടന്നത്. വെടിക്കെട്ടിനുള്ള അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണം വെടിക്കെട്ടുകാരിലും ക്ഷേത്രഭാരവാഹികളിലും ഒതുക്കുന്നത് വിമര്‍ശനത്തിന് ഇടയാക്കുന്നു. 44 പേരെയാണ് ഇതേവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലുള്ള ഇവരെ ഇന്ന് പരവൂര്‍ കോടതിയില്‍ ഹാജരാക്കും. അതേസമയം, മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണം ഇന്നലെ മുതല്‍ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. ഒരുമാസത്തെ അന്വേഷണത്തിനൊടുവില്‍ ജില്ലയില്‍ മരിച്ചവരുടെ യഥാര്‍ഥ ആശ്രിതരായി ജില്ലാ ഭരണകൂടം കണ്ടെത്തിയ 70 പേര്‍ക്കാണ് ധനസഹായം നല്‍കുക.
Next Story

RELATED STORIES

Share it