പരവൂര്‍ വെടിക്കെട്ട് അപകടം ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സ്ഥലം സന്ദര്‍ശിച്ചു

കൊല്ലം: 110 പേരുടെ മരണത്തിനിടയാക്കിയ പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം നടന്ന പ്രദേശം ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു. കേസന്വേഷണ പുരോഗതി റിപോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ പരവൂര്‍ സന്ദര്‍ശനം. തോട്ടത്തില്‍ ബി രാധാകൃഷ്ണന് പുറമെ ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.  ഇന്നലെ വൈകീട്ട് നാലോടെ പരവൂരിലെത്തിയ ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനൊപ്പം ജില്ലാ കലക്ടര്‍ എ ഷൈനമോള്‍, സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ് തുടങ്ങിയവരും ഉണ്ടായിരുന്നു. കലക്ടറോടും കമ്മീഷണറോടും വെടിക്കെട്ട് ദുരന്തം സംഭവിച്ചതിനെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.  കോണ്‍ക്രീറ്റ് ചീളുകള്‍ തെറിച്ചതാണ് ദുരന്തം കൂടുതല്‍ ഭീകരമാവാന്‍ കാരണമായതെന്ന് കമ്മീഷണര്‍ വിശദീകരിച്ചു.— കോണ്‍ക്രീറ്റ് ചീള് വീണ് ഒരു കിലോമീറ്റര്‍ ദൂരെ നിന്നയാള്‍ മരിച്ച കാര്യവും കമ്മീഷണര്‍ ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി.അപകട സമയത്ത് വാഹനങ്ങള്‍ എവിടെയാണ് പാര്‍ക്ക് ചെയ്തിരുന്നതെന്നും അമ്പലവളപ്പ് എവിടെയാണ് അവസാനിക്കുന്നതെന്നും ചോദിച്ചറിഞ്ഞു. അമ്പലത്തിന്റെ പ്രധാന പ്രതിഷ്ഠയും അദ്ദേഹം സന്ദര്‍ശിച്ചു.  വെടിക്കെട്ടില്‍ തകര്‍ന്ന കമ്പപ്പുരയും തിരുവാഭരണം സൂക്ഷിച്ച കെട്ടിടവുമെല്ലാം അദ്ദേഹം സന്ദര്‍ശിച്ചു. പരവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോയശേഷം തിരിച്ചെത്തി ക്ഷേത്ര ദര്‍ശനവും നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Next Story

RELATED STORIES

Share it