thiruvananthapuram local

പരവൂര്‍ വെടിക്കെട്ട് അപകടം: ഐസിയുവില്‍ കഴിഞ്ഞ രണ്ടുപേര്‍ പുതുജീവിതത്തിലേക്ക്

തിരുവനന്തപുരം: കൊല്ലം വെടിക്കെട്ടപകടത്തില്‍പ്പെട്ട് അതീവ ഗുരുതരമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ പുതുജീവിതത്തിലേക്ക്. ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലായിരുന്ന സുധീര്‍ (35) ആറ്റിങ്ങല്‍, ഓര്‍ത്തോപീഡിക്‌സ് ഐസിയുവില്‍ ചികിത്സയിലായിരുന്ന ഇന്ദിര (48) പരവൂര്‍ എന്നിവരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്.
40 ശതമാനം പൊള്ളലും എല്ലിന് ക്ഷതവുമേറ്റാണ് സുധീറിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. സന്ധികള്‍ക്കും എല്ലുകള്‍ക്കും സാരമായ പൊട്ടലുകളുമായിട്ടാണ് ഇന്ദിരയെ ആശുപത്രിയിലെത്തിച്ചത്. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ തീവ്ര പരിചരണത്തില്‍ ഇരുവരുടേയും ആരോഗ്യ നില മെച്ചപ്പെടുകയും വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പൂര്‍ണ ആരോഗ്യം നേടിയ ഇവരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്.
ഇപ്പോള്‍ 16 പേരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ആരോഗ്യനില മെച്ചപ്പെട്ട രാജീവ് (16), ചന്ദ്രബോസ് (35) കളക്കോട്, കണ്ണന്‍ (27) കഴക്കൂട്ടം എന്നിവര്‍ പ്രത്യേകമായി സജ്ജീകരിച്ച ബേണ്‍സ് ഐസൊലേഷന്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നു.
ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ കഴിയുന്ന അജിത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി പ്രത്യേക അവലോകന യോഗം വിലയിരുത്തി. പ്രത്യേക വിദഗ്ധ സംഘത്തിന്റെ നിരന്തര നിരീക്ഷണത്തിലാണ് ഇവരെല്ലാം തന്നെ. വാര്‍ഡുകളില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരുന്നതായി അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it