thiruvananthapuram local

പരവൂര്‍ വെടിക്കെട്ട് അപകടം: അഞ്ചുപേരെ ഡിസ്ചാര്‍ജ് ചെയ്തു

തിരുവനന്തപുരം: കൊല്ലം വെടിക്കെട്ട് അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന അഞ്ചു പേരെ ഡിസ്ചാര്‍ജ് ചെയ്തു. അനീഷ് കുമാര്‍ (30) കിളിമാനൂര്‍, ഷീജ (30) കൊല്ലം, ശശി (40) കല്ലുവാതുക്കല്‍, അശോകന്‍ (49) പരവൂര്‍, സുനില്‍ (30) പൂയപ്പള്ളി എന്നിവരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ബേണ്‍സ് ഐസിയുവിലുള്ള സുധീറിനെ (35) അട്ടക്കുളത്തെ വാര്‍ഡ് ഏഴിലേക്ക് മാറ്റി. ബേണ്‍സ് ഐസിയുവിലുള്ള കണ്ണന്‍ (27) കഴക്കൂട്ടം, ചന്ദ്രബോസ് (35) കളക്കോട് എന്നിവരെ സ്‌റ്റെപ്പ്ഡൗണ്‍ ഐസിയുവിലേക്ക് മാറ്റാന്‍ ഇന്നലെ നടന്ന പ്രത്യേക അവലോകന യോഗം തീരുമാനിച്ചു. പൊള്ളലേറ്റവരുടെ തീവ്രപരിചരണത്തിനായി അടിയന്തരമായി രൂപകല്‍പന ചെയ്തതാണ് ഈ സ്‌റ്റെപ്പ്ഡൗണ്‍ ഐസിയു.
അതേസമയം, അജിത്തിന്റെയും രാജീവിന്റെയും നിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിലുള്ള മറ്റ് നാലു പേരുടെ നില കൂടി ഗുരുതരാവസ്ഥയിലാണ്. പ്രത്യേക വിദഗ്ധ സംഘത്തിന്റെ നിരന്തര നിരീക്ഷണത്തിലാണ് ഇവര്‍. കൊല്ലം ജനറല്‍ ആശുപത്രിയില്‍ നിന്നു റഫറല്‍ ആയി വന്ന നിതിനെ (35) മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാക്കി. 40 പേരാണ് മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ അഡ്മിറ്റായിട്ടുള്ളത്. വാര്‍ഡുകളില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു. അനസ്തീസ്യ, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോസര്‍ജറി, ഒഫ്താല്‍മോളജി, ഇഎന്‍ടി, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഒരുമിച്ച് ചികില്‍സ ക്രമീകരിച്ചിരിക്കുന്നു.
രാജീവ് (16), അജിത് (16), സുജാത (31), വസന്ത (30), കണ്ണന്‍ (27), ചന്ദ്രബോസ് (35) എന്നിവരാണ് ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ ചികില്‍സയില്‍ കഴിയുന്നത്. വാര്‍ഡ് 18ല്‍ 12 പേരും വാര്‍ഡ് 9ല്‍ 11 പേരും വാര്‍ഡ് 7ല്‍ 4 പേരും വാര്‍ഡ് 19ല്‍ ഒരാളും വാര്‍ഡ് 20ല്‍ ഒരാളും വാര്‍ഡ് 6ല്‍ ഒരാളും എസ്എസ്ബി വാര്‍ഡ് 6ല്‍ ഒരാളും വാര്‍ഡ് 24ല്‍ ഒരാളും ചികില്‍സയിലുണ്ട്.
Next Story

RELATED STORIES

Share it