Kollam Local

പരവൂര്‍ വെടിക്കെട്ട് അപകടം: 70 പേര്‍ക്ക് 6.2 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ വിതരണം ഏകദേശം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു. മരിച്ചവരില്‍ കൊല്ലം ജില്ലയില്‍പ്പെട്ട 50 പേരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ വീതം നല്‍കി കഴിഞ്ഞു.

മരിച്ചവരില്‍ ജില്ലയില്‍ 71 പേരാണ് ആകെയുള്ളത്. ഇതില്‍ ബാക്കി 20 പേര്‍ക്ക് അറു ലക്ഷം രൂപ വീതം വിതരണം ചെയ്തിട്ടുണ്ട്. ഒരു കേസില്‍ അവകാശത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ യഥാര്‍ഥ അവകാശികളെ നിശ്ചയിച്ചു രണ്ടു ദിവസത്തിനുള്ളില്‍ തുക നല്‍കും. ഇവര്‍ക്ക് അടിയന്തര ധനസഹായമായ 10000 രൂപ നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ആറു ലക്ഷവും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നാലു ലക്ഷം രൂപയും ചേര്‍ത്ത് 10 ലക്ഷം രൂപയാണ് മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കുന്നത്. സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ നിന്നും ജില്ലയ്ക്ക് അനുവദിച്ച രണ്ടു കോടിയില്‍ നാലു ലക്ഷം രൂപ വീതം 50 പേര്‍ക്ക് വിതരണം ചെയ്തു. ബാക്കി തുകയ്ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബാക്കിയുള്ള 21 പേര്‍ക്കും നാലു ലക്ഷം രൂപ വീതം വിതരണം ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു. അപകടത്തില്‍ അംഗഭംഗം വന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാനുള്ള തുക കൊല്ലം തഹസീല്‍ദാര്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ തുക വിതരണം ചെയ്യുന്നതിനുള്ള നടപടി ക്രമവും പൂര്‍ത്തിയായിക്കഴിഞ്ഞു.
ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ പരിക്ക് സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ച് നിസാര പരിക്കേറ്റവര്‍, ഗുരുതരമായ പരിക്കേറ്റവര്‍ എന്ന് പ്രതേ്യകം തരംതിരിച്ച് പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരം ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ധനസഹായം ഉടന്‍ വിതരണം ചെയ്യും. അടിയന്തര ധനസഹായമായി 5000 രൂപ ഇവര്‍ക്ക് നേരത്തെ വിതരണം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ ചികില്‍സയിലായിരുന്നവരുടെ വിവരങ്ങള്‍ തിരുവനന്തപുരം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവ ലഭ്യമായാല്‍ അവര്‍ക്കുള്ള തുകയും ഉടന്‍ വിതരണം ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍പ്പെട്ട 36 പേരും ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവും അപകടത്തില്‍ മരിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള ധനസഹായം അതത് ജില്ലാ കലക്ടറേറ്റുകള്‍ മുഖേനയാകും വിതരണം ചെയ്യുക.
മരിച്ചവരുടെ ആശ്രിതരെ കണ്ടെത്താനും ആവശ്യമായ മറ്റ് രേഖകള്‍ തയ്യാറാക്കാനും കലക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ പ്രതേ്യക സംഘത്തെ നിയോഗിച്ചിരുന്നു. സംഘം ഓരോ വീടും സന്ദര്‍ശിച്ച് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് സഹായധനം വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.മരിച്ചവരുടെ ആശ്രിതര്‍ക്ക് സഹായധനം ലഭിക്കാനായി ബന്ധപ്പെട്ട രേഖകള്‍ക്ക് വേണ്ടി ഓരോ ഓഫിസിലും പോകാതെ തന്നെ സാധ്യമായത് ഈ പ്രതേ്യക സംഘത്തിന്റെ പ്രവര്‍ത്തനം കാരണമാണെന്ന് ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയിലും കാലതാമസം കൂടാതെ ധനസഹായ വിതരണം വളരെ വേഗത്തിലാക്കാന്‍ കഴിഞ്ഞതായി കലക്ടര്‍ പറഞ്ഞു. ധനസഹായം നേരിട്ട് വീടുകളിലെത്തി വിതരണം ചെയ്യുന്നതും തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദേ്യാഗസ്ഥരുടെ സംഘമാണ്.
Next Story

RELATED STORIES

Share it