thiruvananthapuram local

പരവൂര്‍ വെടിക്കെട്ടപകടം: ആളുമാറി സംസ്‌കരിച്ച അനുലാലിന്റെ ഭൗതികാവശിഷ്ടം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

കഴക്കൂട്ടം: ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ട കഴക്കൂട്ടം ശ്രീനഗര്‍ ശ്രീല ഭവനില്‍ അനുലാലിന്റെ ഭൗതികാവശിഷ്ടം കഴക്കൂട്ടത്തെ വീട്ടിലെത്തിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ഭൗതികാവശിഷ്ടം വീട്ടിലെത്തിച്ച് കര്‍മങ്ങള്‍ നടത്തിയത്. വെടിക്കെട്ട് അപകടത്തില്‍ മരിച്ച അനുലാലിന്റെ മൃതദേഹം പരവൂര്‍ സ്വദേശിയായ രഘുനാഥക്കുറുപ്പിന്റെ മൃതദേഹമെന്ന പേരില്‍ മാറി സംസ്‌കരിച്ചിരുന്നു.
അപകടത്തില്‍പ്പെട്ട് കാണാതായ അനുലാലിനെ തിരഞ്ഞ് ബന്ധുക്കള്‍ പിറ്റേ ദിനം മുതല്‍ കൊല്ലത്തെയും തിരുവനന്തപുരത്തെയും വിവിധ ആശുപത്രികളില്‍ തിരഞ്ഞിരുന്നു. ഒടുവില്‍ മൃതദേഹം തിരിച്ചറിയാതെ വന്നതിനെ തുടര്‍ന്ന് അനുലാലിന്റെ ബന്ധുക്കള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ഡിഎന്‍എ പരിശോധനയ്ക്ക് കൊടുത്തു. ഡിഎന്‍എ പരിശോധനാഫലം വന്നപ്പോള്‍ അനുലാലിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ഉള്ളതായി വിവരം ലഭിച്ചു.
അനുലാലിന്റെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനായി ഇവിടെ എത്തിയപ്പോഴാണ് മൃതദേഹം പരവൂര്‍ സ്വദേശിയായ രഘുനാഥക്കുറുപ്പിന്റെ ബന്ധുക്കള്‍ ഏറ്റുവാങ്ങിയ വിവരം അറിഞ്ഞത്. ഡിഎന്‍എ പരിശോധനയോ മറ്റ് ശാസ്ത്രീയമായ പരിശോധനകളോ ഇല്ലാതെയായിരുന്നു പോലിസ് ഇവര്‍ക്ക് മൃതദേഹം വിട്ടുകൊടുത്തത്. രഘുനാഥക്കുറുപ്പിന്റെ മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കള്‍ ഹാജരാക്കിയത് ഇദ്ദേഹത്തിന്റെ കൈയടയാളം പതിച്ച ഒരു പ്രമാണമായിരുന്നു.
ഇത് തിരിച്ചറിയാനാവാതെ ചിന്നിച്ചിതറിയ നിലയിലായിരുന്ന അനുലാലിന്റെ മൃതദേഹത്തിലുണ്ടായിരുന്ന കൈയുമായി ഒത്തുനോക്കി മൃതദേഹം രഘുനാഥക്കുറുപ്പിന്റെ ബന്ധുക്കള്‍ക്ക് പോലിസ് വിട്ടുകൊടുക്കുകയായിരുന്നു. മൃതദേഹം ഏറ്റുവാങ്ങിയ രഘുനാഥക്കുറുപ്പിന്റെ ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ഒടുവില്‍ അനുലാലിന്റെ ബന്ധുക്കള്‍ ഡിഎന്‍എ പരിശോധനാഫലമനുസരിച്ച് അത് അനുലാലിന്റെ മൃതദേഹമാണെന്നു തെളിഞ്ഞതിന്റെ രേഖകള്‍ ഹാജരാക്കി ചിതാഭസ്മം വിട്ടുതരാന്‍ ആവശ്യപ്പെട്ടെങ്കിലും രഘുനാഥക്കുറുപ്പിന്റെ ബന്ധുക്കള്‍ വഴങ്ങിയില്ല.
ഒടുവില്‍ ഭൗതികാവശിഷ്ടം വിട്ടുകിട്ടാനായി അനുലാലിന്റെ ബന്ധുക്കള്‍ കൊല്ലം ക്രൈംബ്രാഞ്ച് എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നപരിഹാരത്തിനായി രഘുനാഥക്കുറുപ്പിന്റെ മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന നടത്തി.
ഡിഎന്‍എ പരിശോധനാഫലം വന്നപ്പോള്‍ രഘുനാഥക്കുറുപ്പിന്റെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഉള്ളതായി തിരിച്ചറിഞ്ഞു. തുടര്‍ന്ന് കൊല്ലം കണ്‍ട്രോള്‍ റൂം സിഐ ഷരീഫിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ രഘുനാഥക്കുറുപ്പിന്റെ വീട്ടില്‍ സംസ്‌കരിച്ച അനുലാലിന്റെ മൃതദേഹത്തിന്റെ ഭൗതികാവശിഷ്ടം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനുള്ള സമ്മതപത്രത്തില്‍ ഒപ്പിടുകയും ഇന്‍ക്വസ്റ്റ് നടത്തിയ അയിരൂര്‍ എസ്‌ഐ തുളസീധരന്റെ സാന്നിധ്യത്തില്‍ ഭൗതികാവശിഷ്ടം വിട്ടുകൊടുക്കുകയുമായിരുന്നു.
അനുലാലിന്റെ അച്ഛന്‍ ബാബു, ഡിസിസി ജനറല്‍ സെക്രട്ടറി എം എസ് അനില്‍, എസ്എന്‍ഡിപി കരിയില്‍ ശാഖാ സെക്രട്ടറി ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഭൗതികാവശിഷ്ടം ഏറ്റുവാങ്ങിയത്.
Next Story

RELATED STORIES

Share it