Kollam Local

പരവൂര്‍ വെടിക്കെട്ടപകടം: പരിക്കേറ്റവര്‍ക്ക് ചികില്‍സാ സഹായം ആവശ്യപ്പെട്ട് എംഎല്‍എയുടെ ഉപവാസം

പരവൂര്‍: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് പൂര്‍ണ്ണമായ ചികില്‍സാ സഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജി എസ് ജയലാല്‍ എംഎല്‍എ പരവൂര്‍ വില്ലേജാഫിസിന് മുന്നില്‍ ഉപവാസമിരുന്നു. പരിക്കേറ്റ് ആശുപത്രിയിലെത്തി പ്രാഥമിക ചികില്‍സയ്ക്ക് ശേഷം വീടുകളിലേക്ക് തിരിച്ചുപോയ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ചികില്‍സാ സഹായം ലഭിക്കാത്തത്. അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പരിക്കേറ്റവരുടെ ബാഹുല്യം കാരണം ആയിരക്കണക്കിനാളുകളെ പ്രാഥമികചികില്‍സ നല്‍കി വീട്ടിലേക്കയയ്ക്കുകയാണുണ്ടായത്. പരിക്കേറ്റവരുടെ പേര് വിവരങ്ങള്‍ പോലും ഉദ്യോഗസ്ഥര്‍ ഇനിയും തയ്യാറാക്കിയിട്ടില്ല. പരിക്കേറ്റ് തൊഴിലെടുക്കാന്‍ പോലും കഴിയാതെ നിരവധി പേര്‍ ബുദ്ധിമുട്ടുന്നതായി എംഎല്‍എയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ജയലാല്‍ വില്ലേജ് ഓഫിസിലെത്തിയത്. 12.30ഓടെ വില്ലേജാഫിസിലെത്തിയ എംഎല്‍എയ്ക്ക് വില്ലേജ് ഓഫിസറായ ജ്യോതിഷ്‌കുമാറില്‍ നിന്ന് ഇത് സംബന്ധിച്ച് കൃത്യമായ മറുപടി ലഭിച്ചില്ല. തുടര്‍ന്നാണ് ഉപവാസം ആരംഭിച്ചത്. സംഭവത്തെ തുടര്‍ന്ന് തഹസില്‍ദാര്‍ എസ് എല്‍ സജികുമാര്‍ സ്ഥലത്തെത്തി എംഎല്‍എയുമായി സംസാരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ 10 മുതല്‍ സഹായവിതരണം ആരംഭിക്കാമെന്ന ഉറപ്പിന്മേല്‍ ഉപവാസം അവസാനിച്ചു. പരിക്കേറ്റവരും എംഎല്‍എയോടൊപ്പം ഉപവാസത്തില്‍ പങ്കെടുത്തു. എല്‍ഡിഎഫ് നേതാക്കളായ എന്‍ സദാനന്ദന്‍പിള്ള, ശ്രീലാല്‍, അഡ്വ. എ കെ മനോജ് എന്നിവര്‍ എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it