പരവൂര്‍: മോദിയുടെ സന്ദര്‍ശനം ചികില്‍സ തടസ്സപ്പെടുത്തി

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തദിവസം പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിച്ചതിനെതിരേ ഡിജിപിക്ക് പിന്നാലെ വിമര്‍ശനവുമായി ആരോഗ്യവകുപ്പും രംഗത്ത്. വിവിഐപി സാന്നിധ്യം ആശുപത്രിയിലെ ചികില്‍സ തടസ്സപ്പെടുത്തി. പ്രധാനമന്ത്രിക്കൊപ്പമെത്തിയ നൂറോളം പേര്‍ വാര്‍ഡില്‍ കയറിയതിനാല്‍ മിക്ക ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പുറത്തുനില്‍ക്കേണ്ടിവന്നതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേശ് ആരോപിച്ചു.
90 ശതമാനം പൊള്ളലേറ്റവര്‍ കിടന്ന തീവ്രപരിചരണവിഭാഗത്തിലായിരുന്നു വിവിഐപി സന്ദര്‍ശനം. നിര്‍ണായക സമയത്താണ് ചികില്‍സ തടസ്സപ്പെട്ടത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ലെന്ന് ഡയറക്ടര്‍ കുറ്റപ്പെടുത്തി. കൊല്ലം ജില്ലാ ആശുപത്രിയും തിരുവനന്തപുരം മെഡിക്കല്‍ കോളജുമായിരുന്നു നരേന്ദ്രമോദി സന്ദര്‍ശിച്ചത്.
ഇതു പൊള്ളലേറ്റ രോഗികളെ ചികില്‍സിക്കുന്നതിന് തടസ്സമായെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പറഞ്ഞതായി ഒരു ദേശീയ ദിനപത്രമാണ് റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, സംഭവം വിവാദമായതോടെ വാര്‍ത്ത ആരോഗ്യവകുപ്പ് നിഷേധിച്ചു. വിവിഐപി സന്ദര്‍ശനത്തെ ഒരുരീതിയിലും വിമര്‍ശിച്ചിട്ടില്ലെന്ന് ഡോ. രമേശ് വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിലപാട് തള്ളി. ദുരന്തദിവസം വിവിഐപികളുടെ സന്ദര്‍ശനം ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. പ്രതികൂല നിലപാട് ആരോഗ്യവകുപ്പിനില്ലെന്ന് മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. കൂടുതല്‍ ആളുകള്‍ കയറുന്നതിനെയാണ് എതിര്‍ത്തതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it