പരവൂര്‍: മരണം 109 ആയി

എസ് നിസാര്‍

കൊല്ലം/കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ ഇന്നലെ മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 109 ആയി. 18 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇതില്‍ മൂന്നെണ്ണം പൂര്‍ണമായി തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. ഈ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വേണ്ടിവരുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാവിലെ കൊല്ലം ജില്ലാ ആശുപത്രിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ന്യൂഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലെ ഡോ. പീയുഷിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘവും ഇന്നലെ ആശുപത്രി സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. 60 ശതമാനം വരെ പൊള്ളലേറ്റവരെ വിദഗ്ധ ചികില്‍സയ്ക്കായി മാറ്റാനാവാത്ത സാഹചര്യമാണു നിലനില്‍ക്കുന്നത്. ഇവര്‍ക്കുള്ള ചികില്‍സ ഇവിടെ തന്നെ തുടരും.
കൊല്ലം ജില്ലാ ആശുപത്രിയില്‍ കഴിയുന്ന 30 പേരില്‍ പൊള്ളലേറ്റ രണ്ടുപേര്‍ മാത്രമാണുള്ളത്. ശേഷിക്കുന്നവരുടെ പരിക്കുകള്‍ ഗുരുതരമല്ല. ഇവര്‍ അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കൊല്ലം, ട്രാവന്‍കൂര്‍ മെഡിസിറ്റിയിലുമാണുള്ളത്. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹി രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തി ചര്‍ച്ച നടത്തുകയും നിലവിലുള്ള ചികില്‍സാ സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ചില മാറ്റങ്ങള്‍ അവര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അത് ഉടന്‍ നടപ്പാക്കുമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി വ്യക്തമാക്കി.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംയുക്ത മെഡിക്കല്‍ സംഘത്തെ മെഡിക്കല്‍ കോളജില്‍ ക്രമീകരിച്ചിട്ടുണ്ട്. കൊല്ലത്ത് ജില്ലാ ആരോഗ്യ വിഭാഗത്തില്‍നിന്ന് ഓരോ ഡോക്ടര്‍മാര്‍ക്ക് വിവിധ ആശുപത്രികളുടെ ചുമതല നല്‍കി. അതത് ആശുപത്രികളുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കും. പരവൂരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു മെഡിക്കല്‍ സംഘത്തെയും ജില്ലാ മാനസികാരോഗ്യ, ഇഎന്‍ടി സര്‍ജറി വിഭാഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. സ്‌ഫോടനംമൂലം പ്രദേശത്തെ കിണറുകളിലെ വെള്ളം മലിനപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. കുടിവെള്ള വിതരണത്തിനുള്ള ബദല്‍ സംവിധാനം ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തുമെന്നും ഡോ. ഇളങ്കോവന്‍ പറഞ്ഞു.
അതേസമയം, പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നിരോധന വിഷയത്തില്‍ ഹൈക്കോടതി ഇടപെടുന്നു. മാരക പ്രഹരശേഷിയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേശ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. പൊതുതാല്‍പര്യഹരജിയായി പരിഗണിക്കണമെന്ന ജസ്റ്റിസിന്റെ ആവശ്യം പരിഗണിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
ഹരജിയില്‍ ഇന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനുശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കും. ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം വളരെ പ്രധാനപ്പെട്ടതാണ്. അതിനായി ഇത്തരം ആഘോഷങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം വേണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റിസിന്റെ കത്ത്. മതാചാരങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ട് അപകടങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. ജെല്ലിക്കെട്ട് പോലുള്ള ആഘോഷങ്ങള്‍ കോടതി ഇടപെട്ട് നിരോധിച്ചിട്ടുണ്ട്. പിന്നെന്തുകൊണ്ട് ജീവനെടുക്കുന്ന വെടിക്കെട്ടുകള്‍ നിരോധിക്കുന്നില്ല. ഇത്തരം ആഘോഷങ്ങളുടെ ഭാഗമായി വരുത്തിവയ്ക്കുന്ന ദുരന്തങ്ങളോട് കോടതികള്‍ക്ക് കണ്ണടയ്ക്കാനാവില്ല.
ഇക്കാര്യത്തില്‍ ജുഡീഷ്യറിയുടെ ശക്തമായ ഇടപെടല്‍ അനിവാര്യമാണ്. ആഘോഷങ്ങള്‍ക്ക് ആയിരങ്ങള്‍ സാക്ഷിയാവുമ്പോള്‍ പോലിസുകാര്‍ക്ക് ഒന്നും ചെയ്യാനാവില്ല. ആനന്ദ പാര്‍ഥസാരഥി കേസില്‍ വെടിക്കെട്ട് നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഹൈക്കോടതി വ്യക്തമാക്കുന്നുണ്ട്. വെടിക്കെട്ടുകള്‍ നടത്തിയുള്ള ഉല്‍സവങ്ങളുടെ കാര്യത്തില്‍ മാറ്റം ആവശ്യമാണെന്നും ജസ്റ്റിസ് ചിദംബരേശ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it