പരവൂര്‍ ദുരന്തം: രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി അനുശോചിച്ചു

ന്യൂഡല്‍ഹി: നൂറിലേറെ പേര്‍ക്കു ജീവഹാനി സംഭവിച്ച കൊല്ലത്തെ വെടിക്കെട്ട് അപകടത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എന്നിവര്‍ അനുശോചിച്ചു.
അപകടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ രാഷ്ട്രപതി, സംസ്ഥാന സര്‍ക്കാരും മറ്റു ഏജന്‍സികളും മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും എല്ലാവിധ സഹായങ്ങളും മികച്ച ചികില്‍സയും ലഭ്യമാക്കുന്നുണ്ടെന്ന് താന്‍ മനസിലാക്കുന്നതായി അനുശോചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും മുഖര്‍ജി കൂട്ടിച്ചേര്‍ത്തു. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരട്ടെയെന്ന് ആശിക്കുന്നുവെന്നും ഉപരാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പുലര്‍ച്ചെയുണ്ടായ ദുരന്തം വിവരണാതീതവും ഞെട്ടിക്കുന്നതുമാണെന്നും ദുരന്തത്തിലെ ഇരകള്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പരേതരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നു പറഞ്ഞ സോണിയ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ഊര്‍ജിതപ്പെടുത്തണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയവരും കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു.
Next Story

RELATED STORIES

Share it