Flash News

പരവൂര്‍: കരാറുകാരനും ഭാര്യയും കീഴടങ്ങി; കൊല്ലം കലക്ടറേറ്റില്‍ ക്രൈംബ്രാഞ്ച് പരിശോധന

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടക്കേസുമായി ബന്ധപ്പെട്ട് മുഖ്യ കരാറുകാരനും ഭാര്യയും പോലിസില്‍ കീഴടങ്ങി.  കടയ്ക്കാവൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി, ഭാര്യ അനാര്‍ക്കലി എന്നിവരാണ് പാരിപ്പള്ളി സ്റ്റേഷനില്‍ കീഴടങ്ങിയത്. കേസിലെ നാലും അഞ്ചും പ്രതികളായ ഇവരുടെ അറസ്റ്റ് ഇന്നലെ ഉച്ചയോടെ രേഖപ്പെടുത്തി. അപകടത്തിനുശേഷം ഇവര്‍ പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. ഇതിനിടെ, കൊച്ചിയിലെത്തിയ ഇരുവരും പോലിസിന്റെ കര്‍ശന നിരീക്ഷണത്തെ തുടര്‍ന്ന് ലോഡ്ജില്‍നിന്ന് മുങ്ങി. കൊല്ലം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കാണിച്ചുകൊടുത്ത പ്രതികളുടെ ചിത്രം ലോഡ്ജ് ജീവനക്കാര്‍ തിരിച്ചറിഞ്ഞു. ഇതിനിടെ, ഇരുവരും അഭിഭാഷകര്‍ മുഖേന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണു കീഴടങ്ങല്‍. നേരത്തേ അറസ്റ്റിലായ കൃഷ്ണന്‍കുട്ടിയുടെ സഹോദരന്‍ കൊച്ചുമണി, മകന്‍ വിനോദ്്, തൊഴിലാളികളായ അജയന്‍, തുളസി, അശോകന്‍ എന്നിവര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്.  അതേസമയം,  വെടിക്കെട്ട് അപകടക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രി കൊല്ലം കലക്ടറേറ്റില്‍ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ റിക്കാഡ് ചെയ്തിരിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്തു. വെടിക്കെട്ട് നടത്താനുള്ള അനുമതി നിഷേധിച്ചതിനുശേഷം ക്ഷേത്രഭാരവാഹികള്‍ കലക്ടറെ സന്ദര്‍ശിച്ചിരുന്നതായി മൊഴിനല്‍കിയിരുന്നു. ഇതു സ്ഥിരീകരിക്കുന്നതിനുവേണ്ടിയാണ് ഹാര്‍ഡ് ഡിസ്‌ക് പരിശോധനയ്ക്കായി എടുത്തത്.
Next Story

RELATED STORIES

Share it